പ്രതീകാത്മക ചിത്രം | Photo: A.F.P.
സ്ത്രീയെ ഒരു വസ്തുവായി കാണാന്‍ പാടില്ലെന്നും വിവാഹത്തിന് അവളുടെ അനുമതി വേണമെന്നും പുതിയ ഉത്തരവ് പുറപ്പെടുവിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാര്‍. അതേസമയം, സ്ത്രീകളുടെ വിദ്യാഭ്യാസം സംബന്ധിച്ചും വീടിന് പുറത്ത് ജോലി ചെയ്യുന്നതു സംബന്ധിച്ചുമുള്ള കാര്യങ്ങളില്‍ അവര്‍ മൗനം തുടരുന്നു.
ഓഗസ്റ്റ് 15-ന് അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തതു മുതല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് താലിബാന് മേല്‍ വലിയ സമ്മര്‍ദമുണ്ട്. അഫ്ഗാനിസ്താന് മറ്റുലോകരാജ്യങ്ങള്‍ നല്‍കി വരുന്ന സാമ്പത്തിക സഹായങ്ങളില്‍ ഭൂരിഭാഗവും മരവിപ്പിച്ചിരിക്കുകയാണ്.
സ്ത്രീ എന്നു പറയുന്നത് ഒരു വസ്തുവല്ല. മറിച്ച് മഹത്വമുള്ളതും സ്വാതന്ത്ര്യവുമുള്ള മനുഷ്യനുമാണ്. സമാധാനത്തിനോ ശത്രുത അവസാനിപ്പിക്കാനോ ആയി അവളെ ആര്‍ക്കും കൈമാറാന്‍ പാടില്ല-താലിബാന്‍ വക്താവ് സാബിഹില്ലാ മുഹാജിദ് ഉത്തരവില്‍ പറഞ്ഞു.
വിവാഹം, സ്ത്രീകള്‍ക്കുള്ള സ്വത്ത് വകകള്‍ എന്നിവയെക്കുറിച്ചുമുള്ള നിബന്ധന ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിവാഹത്തിനായി സ്ത്രീകളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ കോടതികള്‍ ഇക്കാര്യം പരിഗണിക്കണമെന്നും മതസ്ഥാപനങ്ങളും ഇന്‍ഫൊര്‍മേഷന്‍ മന്ത്രാലയങ്ങളും സ്ത്രീകളുടെ ഈ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
1996 മുതല്‍ 2001 വരെ താലിബാന്‍ അഫ്ഗാന്റെ ഭരണം കൈയാളിയിരുന്ന കാലയളവില്‍ ബന്ധുവായ പുരുഷന്റെ സാന്നിധ്യമില്ലാതെ സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങുന്നതിന് അനുമതി നിഷേധിച്ചിരുന്നു. തലയും മുഖവും പൂര്‍ണമായും മറച്ചതിനുശേഷം മാത്രമെ സ്ത്രീകള്‍ക്ക് അക്കാലത്ത് പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ഒപ്പം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും അനുമതി നിഷേധിച്ചിരുന്നു.
പുതിയ ഭരണത്തില്‍ ചില പ്രവിശ്യകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ പറയുന്നുണ്ടെങ്കിലും സ്ത്രീകളും മനുഷ്യാവകാശപ്രവര്‍ത്തകരും ഇതിനെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
അതേസമയം, ഭാവിയില്‍ അഫ്ഗാനിസ്താനുമായി ഏത് തരത്തിലുമുള്ള ബന്ധവും തുടരുന്നതിന് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട ഘടകമാണെന്ന് ലോകരാജ്യങ്ങള്‍ നിലപാട് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. അഫ്ഗാനിസ്താനിലെ വികസനപദ്ധതികള്‍ക്കും കേന്ദ്രബാങ്ക് ഇടപാടുകള്‍ക്കും ആവശ്യമായ ഫണ്ട് നല്‍കുന്നത് മറ്റ് ലോകരാജ്യങ്ങളാണ്.
Content highlights: taliban release decree, saying women must consent to marriage, she is not a property
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..