Representative Image | Photo: Gettyimages.in
അഫ്ഗാൻ താലിബാൻ കൈപ്പിടിയിൽ അമർന്നതോടെ വീണ്ടും സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും സ്വാതന്ത്ര്യവുമൊക്കെ നിഷേധിക്കപ്പെടുകയാണ്. പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസം നിർത്തലാക്കിയതോടെ പല കുടുംബങ്ങളും പെൺമക്കളെ നേരത്തേ വിവാഹം കഴിപ്പിക്കുകയാണെന്ന വാർത്തകളും വന്നിരുന്നു. ചില വീടുകളിൽ ദാരിദ്ര്യം മൂത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പ്രായം കൂടിയവർക്ക് വിവാഹം കഴിപ്പിച്ചയക്കുന്ന വാർത്തകളും വന്നിരുന്നു. ഇത്തരം വെല്ലുവിളികൾക്കിടയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ ഒരു വനിതയാണ് വാർത്തകളിൽ നിറയുന്നത്.
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോം വഴി പുതിയ തീരം ഒരുക്കുന്ന എയ്ഞ്ചല ഗായുർ ആണത്. കുട്ടിക്കാലത്ത് തനിക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കാതിരുന്ന സാഹചര്യമാണ് എയ്ഞ്ചലയെ ഇന്ന് ഇരുത്തിചിന്തിപ്പിച്ചത്. ഇന്ന് എയ്ഞ്ചലയുടെ ഓൺലൈൻ സ്കൂളിൽ ആയിരത്തിൽപ്പരം കുട്ടികളാണ് പഠിക്കുന്നത്.
1992ൽ അഫ്ഗാനിസ്ഥാനിൽ അഭ്യന്തരകലഹം നടക്കുന്ന കാലത്ത് എയ്ഞ്ചലയ്ക്ക് എട്ടു വയസ്സു പ്രായമേ ഉള്ളു. ഹെറാത്തിൽ നിന്ന് ഇറാനിലേക്ക് പാലായനം ചെയ്യുകയായിരുന്നു എയ്ഞ്ചലയുടെ കുടുംബം. താൽക്കാലിക വിസ ആയിരുന്നതിനാൽ ഏതാണ്ട് അഞ്ചുവർഷത്തോളം എയ്ഞ്ചലയുടെ പഠനം മുടങ്ങി. തുടർന്ന് രേഖകളെല്ലാം ശരിയാക്കിയതിനുശേഷം പതിമൂന്നാം വയസ്സിലാണ് എയ്ഞ്ചല വീണ്ടും സ്കൂളിൽ പോയിത്തുടങ്ങിയത്. അന്ന് സ്കൂളിൽ നിന്ന് തിരികെയെത്തിയാൽ ഉടൻ അഫ്ഗാനിൽ നിന്നു വന്ന സ്കൂളിലേക്ക് പോകാൻ കഴിയാത്ത കുട്ടികളെ പഠിപ്പിക്കലായിരുന്നു എയ്ഞ്ചലയുടെ ജോലി. കാലങ്ങൾക്കുശേഷം താലിബാൻ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയതോടെയാണ് എയ്ഞ്ചലയും കുടുംബവും വീണ്ടും നാട്ടിൽ തിരികെയെത്തുന്നത്. തുടർന്ന് സെക്കൻഡറി സ്കൂൾ ടീച്ചർ കോഴ്സ് പൂർത്തിയാക്കിയ എയ്ഞ്ചല ഇന്ന് യു.കെയിലാണ് സ്ഥിരതാമസം.
അഫ്ഗാനിലെ പ്രതിസന്ധികൾ നിരന്തരം വാർത്തകളിൽ നിറഞ്ഞതോടെയാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എയ്ഞ്ചല തീരുമാനിച്ചത്. അങ്ങനെയാണ് 'ഓൺലൈൻ ഹെറാത് സ്കൂളി'ന് തുടക്കമിടുന്നത്. അഫ്ഗാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
അധ്യാപകരെ കണ്ടെത്താൻ ഓൺലൈനിലൂടെ സഹായം തേടുകയും ചെയ്തു. നാനൂറിൽപരം അധ്യാപകരാണ് എയ്ഞ്ചലയുടെ ഉദ്യമത്തിൽ വളന്റിയർമാരാവാൻ സന്നദ്ധത അറിയിച്ചത്. പ്രധാന വിഷയങ്ങൾക്ക് പുറമെ പെയിന്റിങ് പോലെയുള്ള കലകളും അധ്യാപകർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
താൻ അനുഭവിച്ച വേദനകൾക്കും അവഗണനകൾക്കുമെല്ലാമുള്ള മറുപടിയാണ് ഈ ഓൺലൈൻ സ്കൂൾ എന്നാണ് എയ്ഞ്ചല പറയുന്നത്. തോക്കിനു പകരം പേന എന്ന സന്ദേശം പടർത്തുകയാണ് എയ്ഞ്ചലയുടെ ലക്ഷ്യം.
കടപ്പാട്: ബിബിസി
Content Highlights: taliban news, afghan women, afghan women education, afghan women news, afghan women protest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..