പ്രതീകാത്മക ചിത്രം | Photo: A.P.
യു.എന്‍: അഫ്ഗാനിസ്താനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന മൗലികാവകാശങ്ങള്‍ താലിബാന് ഉയര്‍ത്തിപ്പിടിക്കണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു. ഭക്ഷണം വാങ്ങുന്നതിന് കുട്ടികളെ വില്‍ക്കുന്ന സ്ഥിതിയാണ് അഫ്ഗാനിസ്താനിലെ കുടുംബങ്ങള്‍ക്കുള്ളത്. അതിനാല്‍, മരവിപ്പിച്ച അഫ്ഗാനുള്ള സാമ്പത്തിക സഹായം പുനഃസ്ഥാപിച്ചുനല്‍കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. 'നൂലില്‍ തൂങ്ങിക്കിടക്കുകയാണ് അഫ്ഗാനിസ്താന്. ദരിദ്രരായ ദശലക്ഷക്കണക്കിന് അഫ്ഗാന് പൗരന്മാര് മോശമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ അതിജീവിക്കാന്‍ പാടുപെടുന്നു'-അദ്ദേഹം ചൂണ്ടിക്കാട്ടി.
'മറ്റുലോകരാജ്യങ്ങളുടെ വിശ്വാസ്യതയും ദയയും നേടിയെടുക്കാനും ഓരോ പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും അടിസ്ഥാന മൗലിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും താലിബാനോട് ആവശ്യപ്പെടുകയാണ്'-ഗുട്ടെറെസ് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ അഫ്ഗാനില്‍ ഉണ്ടായ വനിതാ ആക്ടിവിസ്റ്റുകളുടെ അറസ്റ്റിലും തട്ടിക്കൊണ്ടുപോകലുകളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 'അവരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഞാന്‍ ശക്തമായി അപേക്ഷിക്കുന്നു. അഫ്ഗാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണ്. ലോകബാങ്കും യു.എസ് സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനഃസ്ഥാപിച്ചു നല്‍കാനും ആവശ്യപ്പെടുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അതിഭീകരമായ പട്ടിണിയാണ് പകുതിയോളം അഫ്ഗാനികളും ഇപ്പോള്‍ അനുഭവിക്കുന്നത്. ഭക്ഷണം വാങ്ങുന്നതിന് ചില കുടുംബങ്ങള്‍ കുട്ടികളെ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു'-ഗുട്ടെറെസ് പറഞ്ഞു.
കുടുംബത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് അഫ്ഗാനിലെ ഒരു സ്ത്രീ തന്റെ രണ്ട് പെണ്‍കുട്ടികളെയും വൃക്കയും വിറ്റതായി ചൈനയുടെ യു.എന്‍. അംബാസഡര്‍ ഷാങ് ജുന് പറഞ്ഞു. ഇതൊരു മനുഷ്യദുരന്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതിവരുത്താനും സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കാനും പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്കൂളുകളുടെയും യൂണിവേഴ്സിറ്റികളുടെയും വാതിലുകള്‍ തുറന്നിടാനും അഫ്ഗാന് ദൗത്യത്തിന്റെ ചുമതലവഹിക്കുന്ന നസീര്‍ അഹമദ് ഫെയ്ഖ് താലിബാനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഫ്ഗാന് സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന് അഫ്ഗാന്റെ ഭരണം ഏറ്റെടുത്തത്. തുടക്കത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അവരെ ജോലി ചെയ്യുന്നതില്‍നിന്നു തടയില്ലെന്നും വിദ്യാഭ്യാസം നിഷേധിക്കില്ലെന്നും താലിബാന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പലപ്പോഴായി അവ ലംഘിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളാണ് അവിടെനിന്നും പുറത്തുവരുന്നത്.
Content highlights: Taliban must uphold the fundamental human rights of women and children says UN
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..