സ്വര ഭാസ്‌ക്കറും ഫഹദ് അഹമ്മദും | Photo: instagram/ swara bhaskar
രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നടി സ്വര ഭാസ്കറും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും വിവാഹിതരായത്. ഇരുവരുടേയും പ്രണയകഥ പറയുന്ന മനോഹരമായ ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് സ്വര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഒരു സിനിമയുടെ ട്രെയ്‌ലര്‍ പോലെ തോന്നിപ്പിക്കുന്ന ഈ വീഡിയോയില്‍ ഇരുവരും ആദ്യമായി കണ്ടുമുട്ടിയ കാലം മുതലുള്ള സംഭവങ്ങള്‍ വിവരിച്ചിരുന്നു.
സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ ജനുവരി ആറിന് ഇരുവരും കോടതിയില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ച് 11-ന് ഇരുവരുടേയും വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. വിവാഹം ഉള്‍പ്പെടെ എട്ടു ചടങ്ങുകളാണ് സംഘടിപ്പിച്ചിരുന്നത്. ഹല്‍ദിയോടെയായിരുന്നു തുടക്കം. പിന്നാലെ സംഗീത്, മെഹന്ദി, ഖവാലി, വിദായ്, വലീമ തുടങ്ങിയ ചടങ്ങുകളും നടന്നു.
ഇപ്പോഴിതാ അമ്മയാകുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സ്വര ഭാസ്കര്‍. 'ചില സമയത്ത് നിങ്ങളുടെ എല്ലാ പ്രാര്‍ഥനകള്‍ക്കും ഒരുമിച്ച് ഉത്തരം ലഭിക്കും. ഞങ്ങള്‍ ഒരു പുതിയ ലോകത്തേക്ക് ചുവടുവെക്കുമ്പോള്‍ അനുഗ്രഹീതരും നന്ദിയുള്ളവരും ആവേശഭരിതരും ആയി മാറുന്നു' എന്ന കുറിപ്പോടെയാണ് ഫഹദിനൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രങ്ങളില്‍ സ്വരയുടെ നിറവയര്‍ ചേര്‍ത്തുപിടിക്കുന്ന ഫഹദിനെ കാണാം. ഓസ്‌കര്‍ പുരസ്‌കാരം നേടിയ നിര്‍മാതാവ് ഗുനീത് മോംഗ, നടി പാര്‍വതി, നടന്‍ സുമീത് വ്യാസ് തുടങ്ങി നിരവധി പേരാണ് ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ച് കമന്റ് ചെയ്തത്.
2009-ല്‍ റിലീസായ 'മധോലാല്‍ കീപ്പ് വാക്കിങ്' എന്ന ചിത്രത്തിലൂടെയാണ് സ്വര ഭാസ്‌കര്‍ സിനിമയിലെത്തുന്നത്. 'തനു വെഡ്സ് മനു' എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്. ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രാഞ്ജന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയവയാണ് നടിയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. മുപ്പത്തിയൊന്നുകാരനായ ഫഹദ് സമാജ്‌വാദി യുവജന്‍ സഭയുടെ മഹാരാഷ്ട്ര പ്രസിഡന്റാണ്.
നേവല്‍ ഓഫീസറായിരുന്ന സി. ഉദയ്ഭാസ്‌കറുടെയും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ ചലച്ചിത്രപഠനവിഭാഗം പ്രൊഫസറായ ഇറ ഭാസ്‌കറുടെയും മകളാണ് സ്വര. ജെ.എന്‍.യു.വില്‍ സോഷ്യോളജിയില്‍ ബിരുദാനന്തരപഠനത്തിനുശേഷം തിയേറ്ററിലൂടെയാണ് അഭിനയലോകത്തെത്തുന്നത്.
Content Highlights: swara bhasker and fahad ahmad are expecting first child
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..