സാന്ദ്രയും ദേവിപ്രിയയും
കൊച്ചി: കൊച്ചു പെണ്‍കുട്ടികള്‍ വലിയ കാര്യങ്ങള്‍ പറയുന്നു എന്ന മുഖംചുളിക്കലുകളെ ചെറുത്തുകൊണ്ടുതന്നെ ഇവര്‍ എത്തുകയാണ്. ആര്‍ത്തവമെന്നത് തികച്ചും ശാരീരികമായ പ്രകിയയാണെന്ന് ആത്മവിശ്വാസത്തോടെ വിളിച്ചു പറയുകയാണ് ഈ പെണ്‍കുട്ടികള്‍, സാന്ദ്ര കെ. അനിലും ദേവിപ്രിയ കിഷോറും. ആര്‍ത്തവകാലം സൗകര്യപ്രദമാക്കാനുള്ള പുതിയ ഉപകരണങ്ങളുടെ സാധ്യതകളെക്കുറിച്ച് അറിയാത്തവര്‍ ഇപ്പോഴുമുണ്ട്. പേടികൊണ്ടോ അറിവില്ലായ്മകൊണ്ടോ പുതിയ കാലത്തിനൊപ്പം മാറാന്‍ മടിക്കുന്നവര്‍. അവര്‍ക്ക് വഴികാട്ടാനും സംശയങ്ങള്‍ തീര്‍ക്കാനും ശുചിത്വ പാഠങ്ങളുമായി എത്തുകയാണിവര്‍. ലൈംഗിക വിദ്യാഭ്യാസം, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന 'മെന്റ് എക്‌സ്' എന്ന സംഘടനയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് 23-കാരികളായ സാന്ദ്രയും ദേവിപ്രിയയും.
ബ്ളീഡ് വിത്ത് കെയര്‍
ലോക ആര്‍ത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് മെന്റ് എക്‌സ് സാമൂഹിക മാധ്യമങ്ങളില്‍ 'ബ്‌ളീഡ് വിത്ത് കെയര്‍' എന്ന പേരില്‍ ഒരു മാസം നീണ്ട ബോധവത്കരണം നടത്തിയിരുന്നു. നല്ല സ്വീകാര്യതയാണ് ലഭിച്ചത്. തങ്ങളുടെ ക്‌ളാസ് കൊണ്ട് ഒരാള്‍ക്കെങ്കിലും മാറ്റമുണ്ടായി എന്നറിയുന്നതാണ് വലിയ സന്തോഷമെന്ന് സാന്ദ്ര പറയുന്നു.
പരിസ്ഥിതി സൗഹൃദ ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനായി സര്‍വേയും സെമിനാറും നടത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ പലരും ആര്‍ത്തവകാലത്ത് അണുബാധയടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് തിരിച്ചറിഞ്ഞു. പ്‌ളാസ്റ്റിക് അംശം കൂടുതലുള്ള പാഡുകള്‍ ഉപയോഗിക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പലരും പങ്കുവെച്ചു. തുടര്‍ന്നാണ് മെന്‍സ്ട്രല്‍ കപ്പ് പോലുള്ള പരിസ്ഥിതി സൗഹൃദ ഉപകരണങ്ങളുടെ പ്രചാരണത്തിലേക്ക് കടന്നത്.
തങ്ങളിലൊരാളാണെന്ന ചിന്തയാല്‍ പെണ്‍കുട്ടികള്‍ മനസ്സുതുറന്ന് സംസാരിക്കാന്‍ സന്നദ്ധരാവുന്നുവെന്നതാണ് ഇവരുടെ ക്‌ളാസുകളുടെ വിജയം. തുണികൊണ്ടുള്ള ആര്‍ത്തവ ശുചിത്വ ഉപകരണങ്ങളും മെന്‍സ്ട്രല്‍ കപ്പുകളും കുറഞ്ഞ വിലയില്‍ എത്തിക്കാന്‍ കൊച്ചിയില്‍ വിപണന കേന്ദ്രം തുടങ്ങുകയാണ് ഇരുവരുടെയും ലക്ഷ്യം. ഇതു സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശികളാണ് ഇരുവരും. വീട്ടുകാരും തങ്ങളുടെ സംരംഭത്തില്‍ പൂര്‍ണ പിന്തുണയുമായി കൂടെയുണ്ടെന്ന് സാന്ദ്ര പറയുന്നു. സാന്ദ്ര നേവല്‍ ആര്‍ക്കിടെക്ടാണ്. ദേവിപ്രിയ കിഷോര്‍ എം.എ. ഡിജിറ്റല്‍ അനിമേഷന്‍ വിദ്യാര്‍ഥിനിയും.
Content Highlights: sustainable and healthy menstruation two girls started campaign
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..