കാനി ക്രീക്ക് ഹൈസ്‌ക്കൂൾ | Photo: website/ caney creek school
സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ പല തരത്തിലുള്ള പ്രാങ്കുകളും ആളുകള്‍ ചെയ്യാറുണ്ട്. ചിലര്‍ ഇതിനായി ഏതറ്റം വരേയും പോകും. അത്തരത്തില്‍ ഒരു സംഭവമാണ് അമേരിക്കയിലെ ടെക്‌സാസില്‍ നിന്ന് പുറത്തുവരുന്നത്.
ഇവിടെയുള്ള കാനി ക്രീക്ക് ഹൈസ്‌കൂളിലാണ് സംഭവം. ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥി അധോവായുവിന്റെ രൂക്ഷഗന്ധമുളള്ള പ്രത്യേക സ്‌പ്രേയുമായി സ്‌കൂളിലെത്തുകയായിരുന്നു. ഇത് ക്ലാസ്മുറികളില്‍ അടിച്ചതോടെ ദുര്‍ഗന്ധം കാരണം മറ്റു വിദ്യാര്‍ഥികള്‍ക്ക് തലവേദനയും ഛര്‍ദ്ദിയുമുണ്ടായി. ഇതോടെ ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാനി ക്രീക്കിലെ അഗ്നിരക്ഷാസേനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സംഭവത്തെ കുറിച്ച് പറയുന്നത്.
സ്‌കൂളില്‍ നിന്ന് രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് അഗ്നിരക്ഷാ സേനയ്ക്ക് ഫോണ്‍ കോള്‍ വന്നു. ഗ്യാസ് ചോര്‍ച്ച കണ്ടെത്തുന്ന ഉപകരണവുമായി സേനാംഗങ്ങള്‍ സ്‌കൂളിലെത്തി പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ പരിസരം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും വാതകചോര്‍ച്ച കണ്ടെത്താനായില്ല. തുടര്‍ന്ന് ക്ലാസുകള്‍ പുനരാരംഭിക്കുകയും ചെയ്തു.
എന്നാല്‍ ഗന്ധം രൂക്ഷമായതോടെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ ഇരിക്കാന്‍ വയ്യാതെയായി. ചിലരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ ഒരാഴ്ചത്തേക്ക് സ്‌കൂള്‍ അടച്ചു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്‌കൂളിലെത്തി പരിസരം വൃത്തിയാക്കി. ബുധനാഴ്ച്ചയാണ് ഈ സംഭവങ്ങള്‍ നടന്നത്.
രണ്ട് ദിവസത്തിന് ശേഷം ഇതിനെല്ലാം ഉത്തരവാദി താനാണെന്ന് വ്യക്തമാക്കി ഒരു വിദ്യാര്‍ഥി രംഗത്തെത്തി. അധോവായുവിന്റെ ഗന്ധമുള്ള സ്‌പ്രേ കൊണ്ടുവന്നത് താനാണ് കൊണ്ടുവന്നത് എന്നും പ്രാങ്ക് ചെയ്യുകയായിരുന്നു ഉദ്ദേശമെന്നും കുട്ടി വെളിപ്പെടുത്തുകയായിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോയതോടെ താന്‍ ആകെ പേടിച്ചുപോയെന്നും വിദ്യാര്‍ഥി പറയുന്നു. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും വിദ്യാര്‍ഥിയാണ് ഇതിന് പിന്നിലെന്നും സ്‌കൂള്‍ അധികൃതര്‍ പിന്നീട് എല്ലാവരേയും അറിയിക്കുകയായിരുന്നു.
Content Highlights: students stinky spray prank goes wrong school shuts down for a whole week
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..