ഭിന്നശേഷി പുരസ്‌കാരത്തില്‍ തിളങ്ങി തൃശ്ശൂര്‍


അസ്‌ന ഷെറിൻ,റോസ്‌ലിൻ മാത്യു,എ.സി. സീന

സംസ്ഥാനസര്‍ക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരത്തില്‍ തിളങ്ങി തൃശ്ശൂര്‍. ജില്ലയിലെ മൂന്ന് വ്യക്തികള്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. ഇവര്‍ക്ക് പുറമേ, അരിമ്പൂര്‍ പഞ്ചായത്തിനും ഇന്നൊവേഷന്‍ വിഭാഗത്തില്‍ കല്ലേറ്റുംകരയിലെ നിപ്മറിനും അംഗീകാരമുണ്ട്.

പുരസ്‌കാരങ്ങളുടെ നിറവില്‍ അസ്‌ന ഷെറിന്‍അന്നമനട: എസ്.എം.എ. (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) എന്ന അപൂര്‍വരോഗം ശരീരത്തെ തളര്‍ത്തിയെങ്കിലും അസ്‌ന ഷെറിന്‍ എന്ന മിടുക്കിയുടെ കഴിവുകളും നിശ്ചയധാര്‍ഢ്യവും അവളെ അതിജീവിക്കാന്‍ പഠിപ്പിച്ചു. പഠനത്തിനൊപ്പം ചിത്രകല, സാഹിത്യം തുടങ്ങിയവയും മികച്ചരീതിയില്‍ കൊണ്ടുപോയ അസ്‌നയെത്തേടിയെത്തിയത് സര്‍ഗാത്മക കഴിവിനുള്ള പുരസ്‌കാരമാണ്. നേരത്തേ ഉജ്ജ്വലബാല്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മേലഡൂര്‍ ഗവ. സമിതി സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അസ്‌ന നിലവില്‍ പാലിശ്ശേരി എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കൈവേദനകള്‍ക്കിടയിലും സഹായികളെ ഉപയോഗിക്കാതെയാണ് പരീക്ഷയെഴുതിയതും ഫുള്‍ എ പ്ലസ് നേടിയതും.

കോവിഡ് കാലത്തും അല്ലാതെയും പഠനത്തിനിടയിലെ ഒഴിവുസമയത്ത് മനോഹരമായ ഒട്ടേറേ ചിത്രങ്ങളാണ് അസ്‌ന വരച്ചിട്ടുള്ളത്. കാലിക്കുപ്പികള്‍ വര്‍ണങ്ങള്‍കൊണ്ട് മനോഹരമാക്കിയും ശ്രദ്ധനേടിയിട്ടുണ്ട്. അസ്‌ന രചിച്ച 'ഉമ്മ' എന്ന കവിത ഏറെ ശ്രദ്ധനേടിയിരുന്നു. മേലഡൂര്‍ സ്വദേശികളായ ഷിയാദിന്റെയും അനീസയുടെയും മകളാണ്. ഐഷയാണ് സഹോദരി.

മകനെപ്പോലെയുള്ളവര്‍ക്ക് തണലേകി റോസ്‌ലിന്‍

നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ കീഴില്‍ ഏറ്റവുമധികം ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കിയാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരനേട്ടം റോസ്‌ലിന്‍ മാത്യു സ്വന്തമാക്കിയത്. ഭിന്നശേഷിക്കാരനായ മകന്‍ ജനിച്ചപ്പോള്‍ തളരുകയല്ല, അതുപോലെയുള്ള പലര്‍ക്കും തണലാകാനാണ് റോസ്‌ലിനും ഭര്‍ത്താവും മുതുവറ ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ ഡോ. അഭിലാഷും തീരുമാനിച്ചത്.

അങ്ങനെയാണ് 2019 ഏപ്രിലില്‍ മുതുവറയില്‍ ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം അവരുടെ ഇടയിലെ 11 പേര്‍ക്ക് തൊഴിലും നല്‍കുന്നു. ആകെയുള്ള 32 ജീവനക്കാരില്‍ 11 പേരാണ് ഭിന്നശേഷിക്കാര്‍. ഭര്‍ത്താവും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയാണ് പുരസ്‌കാരനേട്ടത്തിന് സഹായിച്ചതെന്ന് വിളക്കിന്‍കാല്‍ സ്വദേശിനിയായ റോസ്‌ലിന്‍ മാത്യു പറയുന്നു.

ഇന്നൊവേഷന്‍ പുരസ്‌കാരം നിപ്മറിന്

നിപ്മറിന് ഇന്നൊവേഷന്‍ പുരസ്‌കാരം നേടിക്കൊടുത്ത ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ലോസറ്റ്

ഭിന്നശേഷിക്കാര്‍ക്ക് ശൗചാലയത്തില്‍ സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്ലോസറ്റ് വികസിപ്പിച്ചതിനാണ് നിപ്മറിന് സംസ്ഥാനസര്‍ക്കാരിന്റെ ഇന്നൊവേഷന്‍ പുരസ്‌കാരം ലഭിച്ചത്. നിലവിലുള്ള ശൗചാലയങ്ങള്‍ ഭിന്നശേഷിസൗഹൃദമല്ലെന്ന തിരിച്ചറിവാണ് ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായി ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന ക്ലോസറ്റ് വികസിപ്പിച്ചതിന് പിന്നില്‍. നിപ്മറില്‍ പ്രവര്‍ത്തിക്കുന്ന സിമാറ്റിന്റെ (സെന്റര്‍ ഫോര്‍ മൊബിലിറ്റി ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജി) നേതൃത്വത്തിലാണ് ഈ നൂതന സംവിധാനത്തിന് രൂപംനല്‍കിയത്. നിപ്മറിലെ ഓക്യൂപേഷണല്‍ തെറാപ്പി വിഭാഗത്തിന്റെയും ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിന്റെയും നിര്‍ദേശപ്രകാരമാണ് ടെക്‌നീഷ്യന്‍ ഷോബി ഭിന്നശേഷിസൗഹൃദ ക്ലോസറ്റ് വികസിപ്പിച്ചത്.

സ്‌കൂളിന് കരുത്തേകി സീനയുടെ നിശ്ചയദാര്‍ഢ്യം

വീല്‍ചെയറിലിരുന്ന് എന്ത് ചെയ്യാനാകും എന്നതിന്റെ നേര്‍സാക്ഷ്യമാണ് രാമവര്‍മപുരം ജി.വി.എച്ച്.എസ്. പ്രധാനാധ്യാപിക കൊട്ടേക്കാട് തറയില്‍ വീട്ടില്‍ എ.സി. സീനയുടേത്. ഇതിനുള്ള ബഹുമതിയാണ് ഭിന്നശേഷി പുരസ്‌കാരം. രാമവര്‍മപുരം സ്‌കൂളില്‍ പ്രധാനാധ്യാപികയായി എത്തുമ്പോള്‍തന്നെ സീന ടീച്ചറുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.

മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗമായിരുന്നു വില്ലനായത്. പരാധീനതകള്‍ വകവെക്കാതെ വിദ്യാലയത്തിലെത്തുകയും സ്ഥാപനത്തെ മുന്നോട്ടുനയിക്കുകയും ചെയ്തു ഇവര്‍.ഇവരുടെ ഇടപെടലിലൂടെ, പുറമ്പോക്കായി കിടന്നിരുന്ന 3.25 ഏക്കര്‍ ഭൂമി സ്‌കൂളിനു കിട്ടി. ഇതോടെ ആകെ 6.25 ഏക്കര്‍ ഭൂമിയായി.ഈ സ്ഥലത്ത് കൃഷിയിറക്കി. കൃഷിയില്‍ മികച്ച സ്‌കൂളിനുള്ള ബഹുമതിയും നേടി. പ്രധാനാധ്യാപികയായ ആറ് വര്‍ഷവും എസ്.എസ്.എല്‍.സി.ക്ക് നൂറുശതമാനം വിജയം നേടി. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് ടി.എ. ജേക്കബും ഒപ്പമുണ്ട്.

അരിമ്പൂര്‍ മികച്ച ഭിന്നശേഷിസൗഹൃദ പഞ്ചായത്ത്
പ്രത്യേക ഭവന പുനരുദ്ധാരണം, 76 പേര്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, മുച്ചക്രവാഹനം, ഹിയറിങ് എയ്ഡ്, വാക്കിങ് സ്റ്റിക്ക് എന്നീ പദ്ധതികളുള്‍പ്പെടെ അരിമ്പൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ ഭിന്നശേഷിസൗഹൃദ നടപടികളേറെ. അറുനൂറോളം ഭിന്നശേഷിക്കാരെ 17 ഗ്രാമസഭകളില്‍ നേരിട്ട് കേള്‍ക്കുന്നതിനായി വിളിച്ചു.

ഒളരിക്കര മദര്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍, ബി.ആര്‍.സി., ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിശദമായ സര്‍വേ നടത്തി. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി. പഞ്ചായത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ സര്‍വേയിലൂടെ കണ്ടെത്തി. 42 ഭിന്നശേഷി വയോധികര്‍ക്ക് സാമൂഹികക്ഷേമ പെന്‍ഷനും ഭിന്നശേഷി പെന്‍ഷനും നല്‍കി.

ഭിന്നശേഷി വികസന സെമിനാറും വികസനരേഖയും ആക്ഷന്‍ പ്ലാനും പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തെന്ന് പ്രസിഡന്റ് സ്മിത അജയകുമാര്‍, വൈസ് പ്രസിഡന്റ് ഷിമി ഗോപി, അംഗം സി.ജി. സജീഷ് എന്നിവര്‍ പറഞ്ഞു. 2021ല്‍ വയോമിത്ര അവാര്‍ഡും പഞ്ചായത്തിന് ലഭിച്ചിരുന്നു.


Content Highlights: state disability awards .trissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented