രവീണ ടണ്ടൻ/ ബോണി കപൂറും ശ്രീദേവിയും | Photo: PTI
ബോളിവുഡിലേയും തെന്നിന്ത്യയിലേയും താരറാണിയായിരുന്നു ശ്രീദേവി. 2018 ഫെബ്രുവരിയില്‍ ശ്രീദേവിയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ദുബായിലെ ഹോട്ടല്‍ മുറിയില്‍ അവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നായകന്‍മാരെപ്പോലെ പ്രതിഫലം പറ്റുന്ന ശ്രീദേവിയെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. സിനിമാ രംഗത്തെ മത്സരം കടുത്തതോടെ സൗന്ദര്യം വര്‍ധിപ്പിക്കാനായി ലണ്ടനില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി വരെ ശ്രീദേവി ചെയ്തു. ബോണി കപൂറുമായുള്ള താരത്തിന്റെ വിവാഹവും ഏറെ കോളിളക്കം സൃഷ്ടിച്ചു. ഭാര്യ മോന കപൂറിനേയും രണ്ട് കുഞ്ഞുങ്ങളേയും സങ്കടപ്പെടുത്തിയാണ് ബോണി കപൂര്‍ ശ്രീദേവിക്കൊപ്പമുള്ള ജീവിതം ആരംഭിച്ചത്.
ഇതിനിടയിലെല്ലാം അകപ്പെട്ടു പോയ മറ്റൊരു നടിയും ബോളിവുഡിലുണ്ട്. രവീണ ടണ്ടന്‍. ആരുടെ ഭാഗം നില്‍ക്കണമെന്ന് നിശ്ചയമില്ലാതെ മാനസിക സമ്മര്‍ദ്ദത്തിലായിപ്പോയിരുന്നു രവീണ. കാരണം ശ്രീദേവിയും മോന കപൂറും രവീണയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.
ലാഡ്‌ല എന്ന സിനിമയില്‍ ഒരുമിച്ചു അഭിനയിക്കുമ്പോഴാണ് രവീണയും ശ്രീദേവിയും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. അന്ന് ഇരുവരും വളരെ അടുത്തു. ലൊക്കേഷനില്‍ ആദ്യമെത്തുന്ന രവീണ മേക്കപ്പ് ചെയ്തു കഴിഞ്ഞാല്‍ നേരെ പോകുക ശ്രീദേവിയുടെ വാനിലേക്കാണ്. ശ്രീദേവി ആ സമയത്ത് മേക്കപ്പ് ഇടാന്‍ തുടങ്ങിട്ടുണ്ടാകുകയുള്ളൂ. അത്രത്തോളം അടുപ്പം ഇരുവരും തമ്മിലുണ്ടായിരുന്നെന്നും ശ്രീദേവി തന്നോട് എല്ലാ രഹസ്യങ്ങളും പങ്കുവെയ്ക്കാറുണ്ടായിരുന്നെന്നും രവീണ പറയുന്നു.
'ശ്രീദേവിയും ബോണിയും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ ഞാന്‍ ആകെ സമ്മര്‍ദ്ദത്തിലായി. കീറിമുറിക്കപ്പെട്ടതു പോലെ തോന്നി. ശ്രീദേവിയേയും മോനയേയും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. രണ്ട് പേര്‍ക്കും വേണ്ടി ഞാന്‍ നിലനിന്നു. ആളുകള്‍ ജീവിതത്തിലെ പല സാഹചര്യങ്ങളിലൂടേയും കടന്നുപോകും. ഒരാളെ കുറിച്ച് മറ്റൊരാളോട് കുറ്റം പറയാതെ രണ്ട് പേര്‍ക്കൊപ്പവും സുഹൃത്ത് എന്ന രീതിയില്‍ നില്‍ക്കാന്‍ സാധിക്കും. അതു പോലെയാണ് ഞാന്‍ ചെയ്തത്. രണ്ടു പേരും ആ പ്രതിസന്ധി ഘട്ടങ്ങളെല്ലാം പിന്നിട്ടു. പക്ഷേ അവര്‍ രണ്ടു പേര്‍ക്കും ആയുസ് കുറവായിരുന്നു.' രവീണ പറയുന്നു.
ബോണി കപൂറിന് ആദ്യ ഭാര്യ മോനയില്‍ രണ്ടു മക്കളുണ്ട്. ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും. അര്‍ബുധ ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് മോന മരിക്കുന്നത്. ഇത് മക്കള്‍ ഇരുവരേയും വളരേയധികം ബാധിച്ചു. അര്‍ജുനും ബോണിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ വരെ അത് കാരണമായി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും രമ്യതയിലെത്തുകയായിരുന്നു. ബോണി കപൂറിനും ശ്രീദേവിക്കും രണ്ട് മക്കളാണുള്ളത്. ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും ഖുഷി കപൂറും.
Content Highlights: sridevi and boney kapoor romance and divorce with mona kapoor tore apart raveena tandon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..