സൊറായാ ഷാഹിദി | Photo: Reuters
ടാറ്റൂയിങ് തരംഗമായിരിക്കുന്ന കാലമാണിത്. കഴുത്തിലും കയ്യിലും കാലിലും എന്നുവേണ്ട ശരീരത്തിന്റെ പലയിടങ്ങളിലും ടാറ്റൂ ചെയ്യുന്നവരുണ്ട്. സൊറായാ ഷാഹിദി എന്ന പെണ്‍കുട്ടിക്കും ടാറ്റൂയിങ് ഹരമാണ്. ടാറ്റൂ ചെയ്തുകൊടുക്കാനാണ് കക്ഷിക്ക് ഇഷ്ടം. പ്രൊഫഷണല്‍ ടാറ്റൂ വിദഗ്ധയായ സൊറായ അത്ര ചില്ലറക്കാരിയുമല്ല. അഫ്ഗാനിസ്താനില്‍ നിന്നുള്ള ആദ്യത്തെ ടാറ്റൂ കലാകാരിയാണ് താനെന്ന് സൊറായ പറയുന്നു.
ലോകത്തെ മറ്റു പലയിടങ്ങിലും ഇതൊരു സാധാരണ കാഴ്ച്ചയാണെങ്കിലും അഫ്ഗാനിസ്താനില്‍ അങ്ങനെയല്ലെന്നാണ് സൊറായ പറയുന്നത്. നിരവധി പേരുടെ വിമര്‍ശനങ്ങളെ മറികടന്നാണ് സൊറായ ടാറ്റൂയിങ് പ്രൊഫഷനായി കൊണ്ടുപോകാന്‍ തീരുമാനിക്കുന്നത്. ഇസ്ലാമിക വിശ്വാസ പ്രകാരം ടാറ്റൂയിങ് വിലക്കപ്പെട്ടതാണെന്നാണ് അഫ്ഗാനിസ്താനിലെ ഭൂരിഭാഗം മതപണ്ഡിതരുടെയും വാദം. അത്തരം എതിര്‍പ്പുകളെയെല്ലാം മറികടന്നാണ് താന്‍ ഈ മേഖലയില്‍ സജീവമായതെന്ന് സൊറായ പറയുന്നു.
തന്നെത്തേടി ടാറ്റൂ ആവശ്യപ്പെട്ട് വരുന്നവരിലും വ്യത്യസ്ത കാഴ്ച്ചപ്പാടുള്ളവര്‍ ഉണ്ടെന്ന് സൊറായ. ഭൂരിഭാഗം പേര്‍ക്കും കൈകളിലും കഴുത്തിലും കാലുകളിലുമൊക്കെയാണ് ടാറ്റൂ ചെയ്യേണ്ടത്. പൂക്കള്‍, പൂമ്പാറ്റകള്‍, തുമ്പി, സ്‌നേഹിക്കുന്നവരുടെ പേരുകള്‍ തുടങ്ങിയ ആവശ്യപ്പെട്ടാണ് ഭൂരിഭാഗം സ്ത്രീകളും വരുന്നത്. പക്ഷേ ചില ആണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്ന ടാറ്റൂ അതിരുകടന്നതായി തോന്നാറുണ്ടെന്നും സൊറായ. ''മരണത്തിന്റെ വളന്റിയര്‍'' എന്നെഴുതിയ ശവകുടീരം ടാറ്റൂ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു യുവാവ് എത്തിയത് ഇന്നും സൊറായയ്ക്ക് ഓര്‍മയുണ്ട്.
തനിക്ക് സുഗമമായി ഈ പ്രൊഫഷന്‍ രാജ്യത്തിന് പുറത്ത് എവിടെയെങ്കിലും ചെയ്യാമായിരുന്നു. എന്നാല്‍ നിലവില്‍ വനിതാ ടാറ്റൂ ആര്‍ട്ടിസ്റ്റ് ഇല്ലാത്ത അഫ്ഗാനിസ്താനില്‍ തന്നെ ടാറ്റൂ കലാകാരിയായി തുടരണമെന്നത് ആഗ്രഹമായിരുന്നു. പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ടാറ്റൂ ചെയ്യാം. ഇസ്ലാമിക വിശ്വാസപ്രകാരം ടാറ്റൂ വിലക്കപ്പെട്ടതല്ലെന്നും ടര്‍ക്കിയില്‍ നിന്നും ഇറാനില്‍ നിന്നും ടാറ്റൂയിങ്ങില്‍ പരിശീലനം നേടിയ സൊറായയുടെ വാദം.
Content Highlights: soraya shahidy, female tattoo artist from Kabul
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..