അമ്മയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന മകൻ | Photo: instagram/ z_poirier
മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരിക്കും മക്കളുടെ വിവാഹം. ആ ദിവസം എങ്ങനെ മനോഹരമാക്കാം എന്നാകും മാതാപിതാക്കളുടെ ചിന്ത. എല്ലാം മംഗളമായി അവസാനിക്കുന്നതു വരെ ഒരല്‍പം ടെന്‍ഷനും അവര്‍ക്കുണ്ടാകും.
ഇത്തരത്തില്‍ വിവാഹ ദിനത്തിലുള്ള ഒരമ്മയുടെ വൈകാരിക നിമിഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അസുഖബാധിതയായി വീല്‍ചെയറിലുള്ള അമ്മ മകനൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്‌ളീറോസിസ് (എഎല്‍എസ്) എന്ന രോഗാവസ്ഥയാണ് അമ്മയ്ക്കുള്ളത്. ശരീരത്തെ പൂര്‍ണമായും തളര്‍ത്തുന്ന രോഗമാണിത്. മകന്റെ വിവാഹ ദിനത്തില്‍ പുതിയ വസ്ത്രം ധരിച്ച് വീല്‍ചെയറില്‍ വേദിയിലേക്ക് വന്ന അമ്മയെ മറ്റു കുടംബാംഗങ്ങളുടെ സഹായത്തോടെ മകന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം ചെറുതായി ചുവടുവെച്ചു. അമ്മയുടേയും മകന്റേയും ചുറ്റും കൂടിനില്‍ക്കുന്നവരുടേയും കണ്ണുകള്‍ ആ നിമിഷത്തില്‍ നിറഞ്ഞൊഴുകി.
സാക് പയോറിയറും അമ്മ കേത്തി പയോറിയറുമാണ് വീഡിയോയിലുള്ളത്. സാക് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചത്. തന്റെ നിയമപഠനം പൂര്‍ത്തിയാക്കുന്നതിനിടേയാണ് അമ്മയ്ക്ക് എഎല്‍എസ് ബാധിച്ചതെന്നും സാക് വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
'ഞാന്‍ ലോ സ്‌കൂളില്‍ ബിരുദം നേടുന്നതിന് തൊട്ടുമുമ്പ് എന്റെ അമ്മയ്ക്ക് എഎല്‍എസ് ഉണ്ടെന്ന് കണ്ടെത്തി. അന്നു മുതല്‍ അമ്മ ധീരമായി പോരാടുന്നതും എല്ലാ പ്രതിബന്ധങ്ങളേയും വെല്ലുവിളിക്കുന്നതും ഞാന്‍ കണ്ടു. സ്വന്തമായി നില്‍ക്കാന്‍ കഴിയാതെ വന്നിട്ടും ഞാനും അമ്മയും എന്റെ വിവാഹത്തില്‍ ഒരു നൃത്തം പങ്കുവെച്ചു. എളിമയുള്ളവനും ദയയുള്ളവനും നിസ്വാര്‍ത്ഥനുമായിരിക്കാന്‍ അമ്മ എന്നെ എന്നും പ്രചോദിപ്പിക്കുന്നു. അമ്മയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു.' സാക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: son's wedding dance with mother who can't walk warms hearts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..