സുധാ മൂർത്തി പൊങ്കാല അർപ്പിക്കുന്ന ചിത്രം | Photo: instagram/ sudha murthy
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ എഴുത്തുകാരിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി പങ്കുവെച്ച അനുഭവങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഭാര്യാമാതാവാണ് താന്‍ എന്ന് പലരും വിശ്വസിക്കാറില്ലെന്നാണ് സുധാ മൂര്‍ത്തി പറഞ്ഞ ഒരു കാര്യം. ലണ്ടനിലെ വിമാനത്താവളത്തില്‍ നേരിട്ട അനുഭവം ഇതിനോടൊപ്പം അവര്‍ വിവരിക്കുകയും ചെയ്തു.
'വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്നോട് മേല്‍വിലാസം ചോദിച്ചു. 10 ഡൗണ്‍ സ്ട്രീറ്റ് എന്ന സുനകിന്റേയും അക്ഷതയുടേയും മേല്‍വിലാസം ഫോമില്‍ എഴുതി നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥന്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. തമാശ പറയുകയാണ് എന്നാണ് അദ്ദേഹം കരുതിയത്. 72 വയസ്സുള്ള ഒരു സാധാരണ സ്ത്രീ ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ മാതാവാണ് എന്ന് ആരും വിശ്വസിക്കാന്‍ തയ്യാറല്ല'-പരിപാടിയില്‍ ഇങ്ങനെയാണ് സുധാ മൂര്‍ത്തി അനുഭവം വിവരിച്ചത്.
ഇതുപോലെ അഞ്ച് വര്‍ഷം മുമ്പ് മറ്റൊരു യാത്രക്കിടെ ഉണ്ടായ അനുഭവവും അവര്‍ ഷോയില്‍ പറഞ്ഞു. ചുരിദാര്‍ ധരിച്ച് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ തന്നെ രണ്ട് സ്ത്രീകള്‍ പരിഹസിച്ചുവെന്ന് സുധാ മൂര്‍ത്തി വ്യക്തമാക്കുന്നു. 'ബിസിനസ് ക്ലാസിനുള്ള വരിയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. സാധാരണ ചുരിദാര്‍ ആയിരുന്നു വേഷം. അതുകണ്ട് അവര്‍ വിചാരിച്ചു ഞാന്‍ ഒരു പാവം സ്ത്രീയാണെന്ന്. ഇതു എക്കണോമി ക്ലാസിനുള്ള വരി അല്ലെന്നും അത് വേറെ എവിടെയോ ആണെന്നും അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ ഒന്നും മറുപടി നല്‍കിയില്ല. അവര്‍ അതിനെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. കാറ്റ്ല്‍ ക്ലാസ് പീപ്പിള്‍ എന്ന പരാമര്‍ശവും ഉണ്ടായി'- ഇതായിരുന്നു കപില്‍ ശര്‍മയുടെ ഷോയില്‍ സുധാ മൂര്‍ത്തി പങ്കുവെച്ച രണ്ടാമത്തെ അനുഭവം.
ഇതിന് പിന്നാലെ സുധാ മൂര്‍ത്തിയുടെ ഈ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എപ്പോഴും ലാളിത്യത്തെ കുറിച്ച് സംസാരിക്കുന്ന സുധാ മൂര്‍ത്തിയെ ലക്ഷ്യംവെച്ച് നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. സുധാമൂര്‍ത്തി എന്ന ഹാഷ്ടാഗില്‍ ആറായിരത്തില്‍ അധികം ട്വീറ്റുകളാണ് വന്നത്. ലാളിത്യം കാണിക്കുന്ന കഥാപാത്രത്തെ നല്‍കുകയാണെങ്കില്‍ സുധാ മൂര്‍ത്തിക്ക് ഓസ്‌കര്‍ ലഭിക്കുമെന്നും ഇതെല്ലാം വ്യാജമാണെന്നും ആളുകള്‍ ട്വീറ്റുകളില്‍ പറയുന്നു. നിരവധി ട്രോളുകളും മീമുകളും ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ നിറഞ്ഞു.
സുധാ മൂര്‍ത്തി ചോദിക്കാതെ തന്നെ അവരുടെ ലാളിത്യം കണ്ട് പച്ചക്കറി വില്‍പനക്കാരന്‍ സൗജന്യമായി മല്ലിയില നല്‍കി, നിങ്ങള്‍ വളരെ 'ഡൗണ്‍ റ്റു ഏര്‍ത്ത്' ആണെന്ന് ആളുകള്‍ സുധാ മൂര്‍ത്തിയോട് പറയുമ്പോള്‍ അതെല്ലാം 'ഗ്രാവിറ്റി' കൊണ്ടാണെന്ന് അവര്‍ തിരിച്ചുപറയും, റെസ്റ്റോറന്റില്‍ കയറി സുധാ മൂര്‍ത്തി ഡോണട്ട് ചോദിച്ചപ്പോള്‍ വെയ്റ്റര്‍ വട നല്‍കി....എന്ന തരത്തിലുള്ള നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്രയും സിപിംള്‍ ആയ കോടീശ്വരിയെ കണ്ടിട്ടില്ലെന്നും പിആര്‍ ടീമിനോട് വിഷയം മാറ്റിപ്പിടിക്കാന്‍ പറയേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നും ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ബഹുരാഷ്ട്ര കമ്പനിയായ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയാണ് സുധാ മൂര്‍ത്തി. ഇരുവരുടേയും മകള്‍ അക്ഷതാ മൂര്‍ത്തി വിവാഹം ചെയ്തിരിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനാകിനേയാണ്. ഋഷി സുനാകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയാക്കിയത് തന്റെ മകളാണെന്ന് നേരത്തെ സുധാ മൂര്‍ത്തി പറഞ്ഞിരുന്നു. നാരായണ മൂര്‍ത്തിയെ താന്‍ ബിസിനസുകാരനാക്കി മാറ്റിയെന്നും തന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയാക്കിയെന്നും ഇതെല്ലാം ഭാര്യയുടെ മഹത്വമാണെന്നും ആയിരുന്നു സുധാ മൂര്‍ത്തി വ്യക്തമാക്കിയിരുന്നത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlights: social media alleges the billionaire sudha murthy shamelessly faking simplicity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..