സജില സലീം | Photo: instagram/ sajila saleem/ mathrubhumi
മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയാള്‍ക്ക് കൃത്യമായ മറുപടി നല്കി ഗായിക സജില സലീം. ഈരാറ്റുപേട്ടയില്‍ നടന്ന 'നഗരോത്സവം' എന്ന പരിപാടിക്കിടേയായിരുന്നു സംഭവം.
വേദിയില്‍ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു സജില. ഇതിനിടെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് കാണികളില്‍ ഒരാള്‍ സദസ്സില്‍ നിന്ന് വിളിച്ചുപറയുകയായിരുന്നു. ഇതോടെ സജില പാട്ട് നിര്‍ത്തി അയാളോട് വേദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു സമീപനം നല്ലതല്ലെന്നും അയാളെ ഓര്‍മിപ്പിച്ചു.
'സംഗീതപരിപാടി അവതരിപ്പിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ മാപ്പിളപ്പാട്ട് മാത്രം മതിയെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് എല്ലാ തരത്തിലുള്ള പാട്ടുകളും പാടുന്നത്. എല്ലാ പാട്ടുകളും കേള്‍ക്കാന്‍ ഇഷ്ടമുള്ളവവര്‍ തന്നെയല്ലേ ഇവിടെ പരിപാടി കാണാന്‍ വന്നിരിക്കുന്നത്. മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പറയുന്നത് ഞങ്ങളെ പരിഹസിക്കുന്നതിന് തുല്ല്യമാണ്. ഇതിനെതിരേ പ്രതികരിച്ചില്ലെങ്കില്‍ ഒന്നുമല്ലാതായിപ്പോകും. അതുകൊണ്ടാണ് ഇത് ഇപ്പോള്‍ സ്റ്റേജില്‍വെച്ച് തന്നെ പറയുന്നത്. കുറേ നേരമായി ഇക്കാര്യം കേട്ടുകൊണ്ടിരിക്കുകയാണ്. ആരോടും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല. നിങ്ങളെ ആസ്വദിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ പാട്ട് പാടുന്നത്.'-സജില പറയുന്നു.
ഇതിന് പിന്നാലെ കാണികള്‍ സജിലയുടെ വാക്കുകളെ കൈയടികളോടെ സ്വീകരിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് സജിലയുടെ പ്രതികരണത്തെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചത്.
Content Highlights: singer sajila saleem erattupetta music show conflict
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..