ഗോപീ സുന്ദറും അമൃതാ സുരേഷും/ അഭയ ഹിരൺമയി | Photo: Instagram/ Gopi Sundar
സംഗീത സംവിധായകന് ഗോപീ സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രം ചര്‍ച്ചയായതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഗായികയും ഗോപീ സുന്ദറിന്റെ പങ്കാളിയുമായിരുന്ന അഭയ ഹിരണ്മയി നേരിട്ടത്. ഇരുവരുടേയും പഴയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും കമന്റുകളില്‍ ടാഗ് ചെയ്തുമാണ് അഭയയെ ആക്രമിച്ചത്.
അഭയ പങ്കുവെച്ച പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും ഇതിലേക്ക് വലിച്ചിഴച്ചു. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ. തന്റെ ആണ്‍സുഹൃത്തുക്കളുമായി ബന്ധപ്പെടുത്തി പുറത്തുവരുന്ന അപവാദങ്ങള്ക്കെതിരേ പ്രതികരിക്കുകയാണ് ഗായിക.
തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ദയവായി പരിചയക്കാരേയും സുഹൃത്തുക്കളേയും ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അഭയ കുറിപ്പില്‍ പറയുന്നു. ആണ്‍സുഹൃത്തുക്കളെ തന്റെ കാമുകന്മാരാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിര്‍ത്തുമോ എന്നും അഭയ പോസ്റ്റില്‍ ചോദിക്കുന്നു.
മെയ് 24ന് അഭയയുടെ 33-ാം ജന്മദിനം ആയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഗായിക പിറന്നാള്‍ ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനു താഴെയാണ് ഗോപീ സുന്ദറിനെ ചോദിച്ച് കമന്റുകള്‍ വന്നത്. അഭയയും ഗോപീ സുന്ദറും 11 വര്‍ഷമായി ലിവിങ് ടുഗെതറിലായിരുന്നു.
അഭയയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് വായിക്കാം
എനിക്കൊരു ഉപകാരം ചെയ്യാമോ!!!
പുരുഷന്മാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകനാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിര്‍ത്താമോ? അവര്‍ക്ക് ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബമുണ്ടെന്നും സുന്ദരമായ ജീവിതമാണ് ഉള്ളതെന്നും മനസിലാക്കുക. അവര്‍ 'പുരുഷന്മാര്' ആയ എന്റെ കൂട്ടുകാരന് ആയതിനാല്‍ ഒരു പബ്ലിക് ഡൊമെയ്നില്‍ ട്രോളുന്നതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ല. അതു തികച്ചും ക്രൂരമാണ്..!!
നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള എന്റെ പ്രതികരണമാണെന്ന് അവകാശപ്പെട്ടുള്ള ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ നിന്നും യുട്യൂബ് ചാനലുകളില്‍ നിന്നും ദയവായി വിട്ടുനില്‍ക്കുക. ഒരു മാധ്യമത്തിനും ഞാന്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..