സാനിയ മിർസയും ഷുഐബ് മാലിക്കും | Photo: instagram/ sania mirza/ shoaib malik
മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ ആരാധകര്‍ കണ്ടത് ഗ്രാന്‍സ്ലാമില്‍ സാനിയ മിര്‍സയുടെ അവസാന ടെന്നീസ് നൃത്തമാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മികസ്ഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം കളിച്ച് സാനിയ ഫൈനല്‍ വരെയെത്തി. മത്സരശേഷം വികാരഭരിതയായിട്ടാണ് ഇന്ത്യന്‍ താരം പ്രതികരിച്ചത്. മകന് മുന്നില്‍ ഒരു ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്ന് സാനിയ സന്തോഷക്കണ്ണീരോടെ പറഞ്ഞു.
ഇതിന് പിന്നാലെ സാനിയയെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. പ്രശ്‌സ്തരും സാനിയയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരാധകരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഈ അഭിനന്ദന പോസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയം സാനിയയുടെ ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിന്റെ പോസ്റ്റാണ്. ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഷുഐബ് സാനിയയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
'കായികരംഗത്തെ എല്ലാ വനിതകളുടേയും പ്രതീക്ഷ. കരിയറിലെ നിന്റെ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. ഒരുപാട് പേരുടെ പ്രചോദനമാണ് നീ. കരുത്തോടെ യാത്ര തുടരുക. അവിശ്വസനീയമായ ഈ കരിയറിന് അഭിനന്ദനങ്ങള്‍.' ഷുഐബ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. മിക്‌സഡ് ഡബിള്‍സ് ഫൈനല്‍ മത്സരത്തിനിടെ എടുത്ത ചിത്രവും ഷുഐബ് പങ്കുവെച്ചിട്ടുണ്ട്.
2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘാഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
നേരത്തെ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കില്‍ ഇസ്ഹാന്‍ ചുംബിക്കുന്നതായിരുന്നു ചിത്രം. 'ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങള്‍' എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നല്‍കിയിരുന്നു.
കുറച്ചു കാലമായി ഷുഐബിന്റെ ചിത്രങ്ങളൊന്നും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറില്ല. എന്നാല്‍ സാനിയയുടെ പിറന്നാള്‍ ദിനത്തിലും സാനിയയുടെ സുഹൃത്ത് ഫറാ ഖാന്റെ ജന്മദിനത്തിലും ഷുഐബ് ആശംകള്‍ നേര്‍ന്നിരുന്നു. എന്നാല്‍ ഇതിനോടൊന്നും സാനിയ പ്രതികരിച്ചിട്ടില്ല.
Content Highlights: shoaib malik shares heartwarming post for sania mirza after her last grand slam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..