ശില്പി ഷെറീന കൊടക്കാട്ടകത്ത് വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിലെ സ്ത്രീ ഉന്നമന ശില്പത്തിന്റെ പെയിന്റിങ്ങിനിടെ
കോഴിക്കോട്: വനിതാശില്പിയൊരുക്കിയ സർഗചാരുത നഗരത്തിൽ ഇനി പുതിയൊരു പ്രതീകമാവും - പെണ്ണൊരുമയുടെ, കരുത്തിന്റെ, ആകാശം അതിരിടുന്ന സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരം. വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിലാണ് മനോഹരമായ കോൺക്രീറ്റ് ശില്പം തയ്യാറായിട്ടുള്ളത്. ശില്പി മലപ്പുറം മൊറയൂർ സ്വദേശിനി ഷെറീന കൊടക്കാട്ടകത്ത്.
എം.വി. ദേവന്റെ ശിഷ്യയായ ഷെറീന സംസ്ഥാനത്ത് പലയിടത്തും സ്വാതന്ത്യസമരസേനാനികളും സാഹിത്യകാരന്മാരുമടക്കം നാൽപ്പതോളം പ്രശസ്തരുടെ പോർട്രെയിറ്റ് ശില്പങ്ങൾ ചെയ്തിട്ടുണ്ട്. ഒരാൾപ്പൊക്കമുള്ള ചതുർമുഖശില്പമാണ് ജെൻഡർപാർക്ക് ഓഡിറ്റോറിയത്തിനു മുന്നിലെ ഉദ്യാനത്തിൽ ഒരുക്കിയത്. പത്തടിയോളം ഉയരമുള്ള പീഠത്തിൽ തിങ്കളാഴ്ച ശില്പം സ്ഥാപിച്ചു. ഇനി അവസാന മിനുക്കുപണികൾമാത്രം. ഒപ്പം പീഠത്തിലെ അലങ്കാരവേലകളും.
10 വർഷത്തിലേറെയായി വടകര സർഗാലയയിലെ കലാകാരിയാണ് ഷെറീന. മൂന്നാഴ്ചയോളമെടുത്താണ് പുതിയ ശില്പമൊരുക്കിയത്.
കമ്പി കെട്ടുന്നതുമുതൽ പെയിന്റടിക്കുന്നതുവരെ തനിയെ ചെയ്തു. പ്ലസ് വൺ വിദ്യാർഥിനിയായ മകൾ പല്ലാസ് അഥീനി ഖാത്തൂൻ (അന്ന) മാത്രമായിരുന്നു സഹായി. കൈകളുയർത്തിയ നാല് വ്യത്യസ്ത സ്ത്രീരൂപങ്ങൾ ഒരുമിക്കുന്ന സ്തംഭരൂപത്തിലുള്ള നിർമിതിയുടെ പ്രമേയം ഒരുമയാണ്. സ്തീമനസ്സുകളുടെ, കരങ്ങളുടെ ഒരുമ. തുല്യനീതിക്കായുള്ള മുറവിളി.
ചൊവ്വാഴ്ച മന്ത്രി കെ.കെ. ശൈലജ ജെൻഡർപാർക്ക് സന്ദർശിക്കും. യു.എന്നുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ചിട്ടുള്ള വികസനപദ്ധതികൾ വിലയിരുത്തും. ഒപ്പം സ്ത്രീഉന്നമനത്തിനായി സ്ത്രീയൊരുക്കിയതെന്ന നിലയിൽ അപൂർവതയുള്ള ഈ ശില്പം കാണും.
മലപ്പുറം മൊറയൂർ കൊടയ്ക്കാട്ടകത്ത് പരേതനായ കുഞ്ഞുമുഹമ്മദിന്റെയും ആയിഷയുടെയും മകളാണ് നാൽപ്പതുകാരിയായ ശില്പി.
Content Highlights: sherina making sculpture at gender park vellimadukunnu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..