സെവൻ സിസ്റ്റേഴ്‌സ് സ്നേഹസംഗമം ബിലാത്തികുളത്ത് ഒത്തുകൂടിയപ്പോൾ
തിരുവമ്പാടി: സമാനതകളില്ലാത്ത സഹോദരീസ്‌നേഹത്തിന്റെ മാതൃക തീര്‍ക്കുകയാണ് ഇവിടെ ഒരു കുടുംബത്തിലെ ഏഴ് സഹോദരികള്‍. പുല്ലൂരാംപാറ ചെട്ടിപ്പറമ്പില്‍ പരേതരായ ജോര്‍ജ്-മേരി ദമ്പതിമാരുടെ പെണ്‍മക്കളാണ് രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒത്തുകൂടി പരസ്പരസ്‌നേഹം പങ്കുവെക്കുന്നത്.
കേവലം കുടുംബ സംഗമമല്ലിത്. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കോ കുട്ടികള്‍ക്കോ ഈ സ്‌നേഹ സംഗമത്തില്‍ ക്ഷണമില്ല. ഏഴ് സഹോദരികളുടെ പരസ്പരമുള്ള അസാധാരണ സ്‌നേഹബന്ധത്തിന്റെ അനര്‍ഘനിമിഷങ്ങളാണ് ഓരോ സംഗമവും. അപരസ്‌നേഹത്തിന്റെ കരുതലായി വിവിധ ക്ഷേമപദ്ധതികളും ഈ സംഗമത്തില്‍ ആസൂത്രണം ചെയ്യുന്നു. വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി കഴിയുന്ന സഹോദരികളാണ് രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇങ്ങനെ ഒത്തുകൂടുന്നത്.
'സെവന്‍ സിസ്റ്റേഴ്സ് സ്‌നേഹസംഗമം' എന്ന പേരില്‍ 2010-ല്‍ രണ്ടാമത്തെ സഹേദരി ലാലിയുടെ ഡല്‍ഹിയിലെ വീട്ടില്‍ തുടക്കമിട്ട കൂട്ടായ്മയുടെ ആറാമത്തെ സംഗമം കഴിഞ്ഞദിവസം കോഴിക്കോട് ബിലാത്തികുളത്തെ ഫ്‌ളാറ്റില്‍ ചേര്‍ന്നു. ഏറ്റവും മൂത്ത സഹോദരി സലോമിയുടെ ഭവനത്തിലായിരുന്നു സംഗമം. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഹെലന്‍ ഫ്രാന്‍സിസ്, ജാസ്മിന്‍, ട്രീസ മോള്‍, ജോവാന്‍, ബിയാട്രീസ് എന്നിവരാണ് മറ്റു അംഗങ്ങള്‍.
പാവപ്പെട്ട കുട്ടികളുടെ പഠനസഹായത്തിന് സഹായധനനിധി, വിദേശത്ത് പോകുന്നവരെ സാമ്പത്തികമായി സഹായിക്കല്‍, ഭവനനിര്‍മാണ സഹായം തുടങ്ങിയ വിവിധ ക്ഷേമ പദ്ധതികളാണ് ഇത്തരം കൂട്ടായ്മകളില്‍നിന്നും ആസൂത്രണം ചെയ്യുന്നത്.
കുഞ്ഞുനാളിലേ മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ പരസ്പര സ്‌നേഹത്തിന്റെ ബാലപാഠങ്ങളാണ് ഇഴപിരിയാത്ത ഈ സ്‌നേഹത്തിന് മുതല്‍ക്കൂട്ടായതെന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി. സ്‌കള്‍ റിട്ട. അധ്യാപികകൂടിയായ ഹെലന്‍ ഫ്രാന്‍സിസ് പറഞ്ഞു. ഇവര്‍ക്ക് രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട്. സോജനും (ബെംഗളൂരു),പരേതനായ രാജുവും.
Content highlights: seven sister love reunion sisters from kozhikode meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..