മെറിഹാൻ അൽ ബാസ് | Photo:instagram.com|merryhanalbaz|?hl=en
അടുത്തകാലത്ത് സ്ത്രീകള്‍ക്ക് പല മേഖലകളിലും ഉണ്ടായിരുന്ന വിലക്കുകള്‍ സൗദി അറേബ്യ നീക്കം ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. അതില്‍ ഒന്നായിരുന്നു 2018-ല്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് അനുമതി നല്‍കിയത്.
ഇപ്പോഴിതാ സൗദിയില്‍ നിന്നുളള ആദ്യ വനിതാ ക്രെയ്ന് ഡ്രൈവര്‍ എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് മെറിഹാന് അല്‍ ബാസ് എന്ന 30-കാരി. 13-ാം വയസ്സില്‍ തുടങ്ങിയതാണ് മെറിഹാന് അല്‍ ബാസിന് കാറുകളോടുള്ള പ്രണയം.
വാഹനങ്ങളോടും എന്ജിനുകളോടുമുള്ള അവരുടെ താത്പര്യം സൗദി അറേബ്യയുടെ ആദ്യ വനിതാ ക്രെയ്ന് ഡ്രൈവര്‍ എന്ന പദവിയിലേക്കാണ് അവരെ എത്തിച്ചിരിക്കുന്നത്. തന്റെ പിതാവില്‍നിന്നാണ് വാഹനങ്ങളോടുള്ള ഇഷ്ടം മെറിഹാന് പകര്‍ന്നുകിട്ടിയത്.
വടക്ക് പടിഞ്ഞാറന്‍ റിയാദിന്റെ ഭാഗമായ ദിറിയാ പട്ടണത്തില്‍നിന്ന റിയാ സ്ട്രീറ്റ് സര്‍ക്യൂട്ടില്‍ നടന്ന ദിറിയ ഇ-പ്രിക്സില്‍ പങ്കെടുത്ത ആദ്യ വനിതാ ക്രെയ്ന് ഡ്രൈവറാണ് മെറിഹാന്.
''വാഹനങ്ങളും യന്ത്രങ്ങളും പുരുഷ മേധാവിത്വ മേഖലകള്‍ ആയതിനാല്‍ ഒരു സ്ത്രീ ഈ മേഖലയിലേക്ക് കടന്നുവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല''-മെറിഹാന് പറഞ്ഞു. ''ഭാഗ്യമെന്ന് പറയട്ടേ, എന്റെ കുടുംബത്തില്‍ ഞാന്‍ എന്തുകാര്യം ചെയ്യാന്‍ ആഗ്രഹിച്ചാലും അച്ഛനും അമ്മയും വളരെയധികം പിന്തുണ നല്‍കുന്നുണ്ട്. എന്റെ അച്ഛന് യന്ത്രങ്ങളോട് വലിയ താത്പര്യമാണ്. അദ്ദേഹത്തിന് പഴയ കാറുകളുണ്ടായിരുന്നു. അദ്ദേഹം അവ ഇടക്ക് നന്നാക്കി ഓടിക്കുമായിരുന്നു. ഈ സമയം മുഴുവന്‍ ഞാന്‍ അദ്ദേഹത്തിന് ഒപ്പം ഇരുന്ന് എങ്ങനെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കുമായിരുന്നു''-അവര്‍ പറഞ്ഞു.
''ഇത്തരം അറിവുകള്‍ മെറിഹാന് ഈ മേഖലയില്‍ കൂടുതല്‍ പരിചയസമ്പത്ത് നേടുന്നതിനും നൈപുണി വികസിപ്പിക്കുന്നതിനും സഹായിച്ചു. കാര്‍ എക്സിബിഷനും മത്സരങ്ങളിലും പങ്കെടുക്കുന്നതിന് ഇത് അവള്‍ക്ക് മുതല്‍ക്കൂട്ടായി. കാറുകളെ എനിക്ക് വളരെ ഇഷ്ടമാണ്. റേസിങ്ങിലും ഒപ്പം ഡ്രിഫ്റ്റിങ്ങിലും എനിക്ക് പരിചയസമ്പത്തുണ്ട്''-അവര്‍ പറഞ്ഞു.
2018-ല്‍ സ്ത്രീകള്‍ക്ക് സൗദിയില്‍ ഡ്രൈവിങ്ങിന് അനുമതി നല്‍കിയത് ഡ്രൈവിങ് ഇന്‍സ്ട്രക്ചര്‍, റേസ് ഡ്രൈവര്‍, മെക്കാനിക്സ് എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കിയതായി മെറിഹാന് പറഞ്ഞു.
മെറിഹാന്റെ കഴിവ് മനസ്സിലാക്കിയ സൗദി അധികൃതര്‍ റിക്കവറി മാര്‍ഷല്‍ സംഘത്തില്‍ നിയമിച്ചു. ഇ-പ്രിക്സ് മത്സരത്തിനിടെ അപകടമുണ്ടായാല്‍ എത്രയും വേഗം ട്രാക്ക് വൃത്തിയാക്കി മത്സരത്തിന് വീണ്ടും സജ്ജമാക്കുകയാണ് റിക്കവറി മാര്‍ഷലില്‍ ചെയ്യുന്നത്. ''റിക്കവറി മാര്‍ഷല്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടേറിയ ജോലിയായാണ് കരുതുന്നത്. അപകടമുണ്ടാക്കിയ കാറുകള്‍ വേഗത്തില്‍ ഉയര്‍ത്തി എത്രയും വേഗം ട്രാക്ക് സജ്ജമാക്കുന്നതിന് ക്രെയ്ന് ഡ്രൈവര്‍ ആയിട്ടായിരുന്നു എന്റെ നിയമനം. മത്സരം നടക്കുന്ന സമയമായതിനാല്‍ സമയം വളരെയേറെ വിലപ്പെട്ടതായിരുന്നു. കാലതാമസം നേരിട്ടാല്‍ അത് മത്സരത്തെ ബാധിക്കും''-അവര്‍ പറഞ്ഞു.
സൈക്കോളജിയും മാധ്യമപ്രവര്‍ത്തനവും പൂര്‍ത്തിയാക്കിയ മെറിഹാന് അതില്‍നിന്നും വ്യത്യസ്തമായ തൊഴില്‍ മേഖലയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഡ്രൈവിങ്ങും മെക്കാനിക്സും അവര്‍ തനിയെ പഠിച്ചെടുത്തതാണ്.
Content highlights: saudi arabia appoints worlds first female crane driver, merryhan al baz
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..