Representative Image | Photo: Gettyimages.in
ജലാശയങ്ങൾ നശിപ്പിക്കുന്നതിന്റെ പേരിൽ ചർച്ചകളിൽ നിറയാറുള്ള സസ്യമാണ് കുളവാഴകൾ. എന്നാൽ കുളവാഴകളെ സാരി നിർമാണത്തിനായി ഉപയോഗിക്കാൻ ഒരുങ്ങുകയാണ് പശ്ചിമ ബംഗാൾ. നിരവധി സ്ത്രീകൾക്ക് തൊഴിൽ സാധ്യത കൂടി ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സ്ത്രീശാക്തീകരണം കൂടിയാണ് ലക്ഷ്യമിടുന്നത്.
സ്വഛത പുകാരെ, നേച്ചർ ക്രാഫ്റ്റി എന്നീ എൻജിഒ-കളാണ് പദ്ധതിക്ക് പിന്നിൽ. കുളവാഴകളിൽ നിന്നെടുക്കുന്ന ഫൈബറിൽ നിന്ന് തയ്യാറാക്കുന്ന നൂലുകളും ബംഗാളിലെ പരമ്പരാഗത ടാന്റ് സാരികൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന കോട്ടണും ഉപയോഗിച്ചാണ് സാരി നിർമാണംമെന്ന് സ്വഛതാ പുകാരെയുടെ ഡയറക്ടർ ഗൗരവ് ആനന്ദ് പറയുന്നു.
ജൂട്ടിൽ നിന്ന് ഫൈബർ വേർതിരിച്ചെടുക്കുന്നതിന് സമാനമായ രീതിയിലാണ് കുളവാഴകളിൽ നിന്നും ഫൈബർ വേർതിരിച്ചെടുക്കുക. തുടക്കത്തിൽ ആയിരത്തോളം സാരികളാണ് നിർമിക്കാനൊരുങ്ങുന്നത്. ജൂൺ, ജൂലൈയോടെ ഉത്പന്നം വിപണിയിലെത്തും.
ഇരുനൂറോളം സ്ത്രീകൾക്കും പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഗൗരവ് പറയുന്നു. പശ്ചിമബംഗാളിലെ വിവിധയിടങ്ങളിലുള്ള ഉപയോഗശൂന്യമായ ജലാശയങ്ങളിൽ നിന്ന് കുളവാഴകൾ ശേഖരിക്കാൻ ഇവർക്ക് നിർദേശം നൽകിക്കഴിഞ്ഞു.
വെള്ളത്തിൽ നിന്ന് കുളവാഴകൾ എടുത്തതിനു ശേഷം ഉണക്കിയെടുത്താണ് നേർത്ത ഫൈബറുകൾ വേർതിരിച്ചെടുത്ത് നൂൽനിർമാണത്തിനായി മാറ്റുന്നത്. ഇരുപതുലക്ഷത്തോളം രൂപയാണ് പദ്ധതിക്കായുള്ള മുതൽമുടക്കായി കണക്കാക്കുന്നത്.
പദ്ധതി വിജയിച്ചാൽ തൊഴിൽ ലഭിച്ചിട്ടുള്ള സ്ത്രീകൾക്ക് മാസം തോറും അയ്യായിരം രൂപ വരെ നേടാനാവുമെന്നും ഗൗരവ് പറയുന്നു. ജലാശയങ്ങൾ സംരക്ഷിക്കപ്പെടുന്നതിനൊപ്പം സ്ത്രീകളുടെ തൊഴിലും ഉറപ്പു വരുത്തുകയാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
Content Highlights: Saris made from water hyacinths to empower women
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..