ബസ്സ്റ്റാൻഡ് കോംപ്ലക്സിലെ ഒന്നാം നിലയിലെ ശൗചാലയംവൃത്തിഹീനമായനിലയിൽ, സ്വകാര്യ കെട്ടിടത്തിലെ ശൗചാലയം തട്ടിവെച്ച് സ്വകാര്യതയില്ലാത്തവിധം മറച്ചനിലയിൽ
തളിപ്പറമ്പ്: അഞ്ഞൂറോളം വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തളിപ്പറമ്പ് നഗരത്തിൽ സ്ത്രീജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പരിതാപകരം. ഭൂരിഭാഗം സ്ഥാപനങ്ങളിലും സ്ത്രീജീവനക്കാർക്ക് ശൗചാലയമില്ല. മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങളിൽപോലും ആകെയുള്ളത് ഒന്നോ രണ്ടോ ശൗചാലയമാണ്. പുരുഷന്മാരുൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുപയോഗിക്കുന്ന ഇത്തരം ശൗചാലയങ്ങളിൽ സ്വകാര്യതയും ശുചിത്വവുമില്ലാത്തതാണ് സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്നത്. വൃത്തിഹീനമാണ് മിക്കവയും. പലതിലും വെള്ളമില്ല. വൃത്തിയില്ലാത്ത ഇവിടത്തെ ശൗചാലയങ്ങളിൽ ദിവസവും പോകേണ്ടിവരുന്ന സ്ത്രീജീവനക്കാർക്ക് അണുബാധയ്ക്കും മൂത്രമൊഴിക്കാതെ പിടിച്ചുനിന്ന് മൂത്രാശയരോഗങ്ങൾക്കും സാധ്യതയുണ്ട്.
ശൗചാലയമില്ലാത്ത സ്ഥാപനങ്ങളിലെ അവസ്ഥ ഇതിലും കഠിനമാണ്. കടയുടമകളുടെ നിർദേശപ്രകാരം ഉച്ചഭക്ഷണ ഇടവേളയിൽ സമീപത്തെ ഹോട്ടലുകളിൽ പോകേണ്ടിവരുന്ന സ്ത്രീകളുമേറെയാണ്. ചിലർ സമീപപ്രദേശങ്ങളിലെ വീടുകളെ ആശ്രയിക്കുന്നു. ബസ്സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷനിലെ പണമടച്ചുപയോഗിക്കാവുന്ന ശൗചാലയം മാത്രമാണ് സ്ത്രീകൾക്ക് മാത്രമായുള്ളത്. നഗരസഭയുടെതായ രണ്ട് ഷോപ്പിങ് കോംപ്ലക്സുകൾ ഒന്ന് ബസ്സ്റ്റാൻഡിലും മറ്റൊന്ന് മാർക്കറ്റിലുമുണ്ട്. ബസ്സ്റ്റാൻഡ് കോംപ്ലക്സിൽ മാത്രം 48 കടമുറികളുണ്ട്. നിലവിൽ ഒരു നിലയിൽ ഒരു ശൗചാലയം മാത്രമാണുള്ളത്. ഇതാകട്ടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായിട്ടുള്ളതാണിത്. സ്വകാര്യ കെട്ടിടങ്ങളിൽ സ്ഥിതി ഇതിലും ദയനീയമാണ്. സ്ത്രീകൾക്കായുള്ള ശൗചാലയമില്ലാതെയാണ് നിലവിൽ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്നത്.
സ്ഥലപരിമിതിയാണ് നഗരങ്ങളിലെ ശൗചാലയപ്രശ്നത്തിൽ വെല്ലുവിളി. സ്ത്രീകൾക്കുവേണ്ടി പല പദ്ധതികളിലായി ഇ/ഷീ ടോയ്ലെറ്റുകൾ സ്ഥാപിക്കുമ്പോഴും അവ ഒട്ടും സ്ത്രീസൗഹാർദപരമല്ല. മുന്നോറോളം സ്ത്രീകൾ ദിവസേനെ ജോലി ചെയ്യുന്ന നഗരത്തിലാണ് ഈ സ്ഥിതി. വ്യക്തികളുടെ കെട്ടിടങ്ങളിൽ സ്ത്രീകളുടെ അടിസ്ഥാനസൗകര്യവുമുറപ്പുവരുത്തുത്തേണ്ടത് നഗരസഭയുടെ ചുമതലയായിരിക്കെയാണ് വർഷങ്ങളായി ഈ ദുരവസ്ഥ തുടരുന്നത്. കെട്ടിട ഉടമകളും കടയുടമകളും ഇതിനായി ശ്രമിക്കുന്നില്ല. നഗരസഭയുടെ ശ്രദ്ധയിൽപ്പെടുന്നുമില്ല.
അന്വേഷണം നടത്തും
ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് റവന്യൂ സൂപ്രണ്ടും ഹെൽത്ത് ഈസ്പെക്ടറും അറിയിച്ചു. പൊതുശൗചാലയങ്ങളുടെ വിപുലീകരണം ആവശ്യമാണെന്ന് മുൻ എം.എൽ.എ. ജെയിംസ് മാത്യു പറഞ്ഞു. ഈ വിഷയം അന്വേഷിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദനും പറഞ്ഞു.
Content Highlights: sanitation for women, no women-friendly public toilets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..