സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ sania mirza
പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മീയ വഴിയിലൂടെ സഞ്ചരിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഉംറ നിര്‍വഹിക്കാനായി താരം കുടുംബാംഗങ്ങളോടൊപ്പം സൗദി അറേബ്യയില്‍ എത്തി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സാനിയ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.
മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്, സഹോദരി അനം മിര്‍സ, സഹോദരിയുടെ ഭര്‍ത്താവ് മുഹമ്മദ് അസദുദ്ദീന്‍, സഹോദരിയുടെ മകള്‍ ദുഅ, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ എന്നിവരോടൊപ്പമാണ് സാനിയ സൗദിയിലെത്തിയത്.
ഇവരോടൊപ്പമുള്ള ചിത്രങ്ങളും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ദൈവത്തിന് സ്തുതി..നമ്മുടെ പ്രാര്‍ഥനകള് ദൈവം സ്വീകരിക്കട്ടെ..' എന്ന കുറിപ്പും ഇതിനൊപ്പമുണ്ട്.
മദീനയിലെ മസ്ജിദുന്നബവിയില്‍ നിന്നും ഉഹ്ദില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആയും സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രിയിലെ പ്രാര്‍ഥനകളാണ് ഏറ്റവും മികച്ചതെന്നും ഹൃദയം കരഞ്ഞുതേടുന്ന സമാധാനം കൊണ്ടുതരാന്‍ ഇത്തവണ റമദാന് കഴിയട്ടെ എന്നും അവര്‍ സ്റ്റോറികളില്‍ കുറിച്ചു.

ഇന്ത്യയില്‍ നിന്ന് വനിതാ ടെന്നീസില്‍ സമാനതകളില്ലാത്ത ഉയരങ്ങള്‍ താണ്ടിയ കായിക താരമാണ് സാനിയ. 2003ല്‍ കരിയര്‍ ആരംഭിച്ച സാനിയക്ക് ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്. സ്വിസ് ഇതിഹാസം മാര്‍ട്ടിന ഹിംഗിസിനൊപ്പം മൂന്ന് തവണ വനിതാ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ നേടി. മിക്സഡ് ഡബിള്‍സിലായിരുന്നു ബാക്കിയുള്ള കിരീടങ്ങള്‍. മഹേഷ് ഭൂപതിക്കൊപ്പം 2009-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും 2012-ല്‍ ഫ്രഞ്ച് ഓപ്പണും സാനിയ നേടി. ബ്രൂണോ സോറെസിനൊപ്പം ഒരു തവണ യുഎസ് ഓപ്പണും വിജയിച്ചു. ഡബിള്‍സില്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും സാനിയക്കായി.
കഴിഞ്ഞ ജനുവരി 26-ന് ഓസ്‌ട്രേലിയന്‍ ഓപ്പണോടെ ഗ്രാന്‍സ്ലാം കരിയറിന് താരം വിരാമമിട്ടിരുന്നു. രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മികസഡ് ഡബിള്‍സില്‍ ഫൈനലിലെത്താനും സാനിയക്കായി. ദുബായ് ഡ്യൂട്ടിഫ്രീ ചാമ്പ്യന്‍ഷിപ്പ് ആയിരുന്നു അവസാനത്തെ ടൂര്‍ണമെന്റ്. ഹൈദരാബാദില്‍ സാനിയക്കായി വിടവാങ്ങല്‍ മത്സരവും ഒരുക്കിയിരുന്നു.
Content Highlights: sania mirza shares pics with family from medina
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..