സനാ ഖാൻ | Photo: instagram/ sana khan
സിനിമയുടെ ഗ്ലാമര്‍ ലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതം തിരഞ്ഞെടുത്തതിന് പിന്നിലുള്ള കാരണം തുറന്നുപറഞ്ഞ് സനാ ഖാന്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അനുഭവിച്ച വിഷാദരോഗത്തെ കുറിച്ചും ഹിജാബ് ധരിക്കാനുണ്ടായ കാരണത്തെ കുറിച്ചും സന മനസുതുറക്കുന്നുണ്ട്.
'എനിക്ക് ജീവിതത്തില്‍ എല്ലാമുണ്ടായിരുന്നു. പണവും പ്രശസ്തിയും ഉള്‍പ്പെടെ എല്ലാം. എനിക്ക് എന്താണോ വേണ്ടത് അത് എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നിട്ടും സന്തോഷവും സമാധാനവും മാത്രമുണ്ടായിരുന്നില്ല. അതു എന്തുകൊണ്ടാണെന്ന് ഞാന്‍ ആലോചിച്ചു. അതു വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. വിഷാദരോഗം തീവ്രമായതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് എനിക്കുതോന്നി.
2019-ലെ റമദാന്‍ സമയമായിരുന്നു അത്. ആ രാത്രികളില്‍ ഞാന്‍ സ്ഥിരമായി എന്റെ ഖബര്‍ (ശവക്കുഴി) സ്വപ്‌നം കാണാന്‍ തുടങ്ങി. കത്തിജ്വലിക്കുന്ന ഖബറില്‍ എരിഞ്ഞടങ്ങുന്ന എന്നെ തന്നെയാണ് ഞാന്‍ കണ്ടത്. എന്റെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന് ദൈവം സൂചന നല്‍കുകയാണെന്ന് എനിക്കുതോന്നി. അതു എന്നെ ആശങ്കപ്പെടുത്തി. തുടര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതരീതി മാറ്റണമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഒരുപാട് ഇസ്ലാമിക പ്രസംഗങ്ങള്‍ കേട്ടു. ഹിജാബിനെ കുറിച്ചുള്ള മനോഹരമായ ഒരു ലേഖനം വായിച്ചു.
ഒടുവില്‍ എന്റെ പിറന്നാള്‍ ദിവസം ആ നിമിഷം വന്നെത്തി. വീട്ടില്‍ ഞാന്‍ വാങ്ങിവെച്ച കുറേ സ്‌കാര്‍ഫുകള്‍ ഉണ്ടായിരുന്നു. പിറന്നാളിന്റെ അന്ന് രാവിലെ എഴുന്നേറ്റ് ഞാന്‍ ഒരു സ്‌കാര്‍ഫ് ഹിജാബ് പോലെ തലയില്‍ ചുറ്റിക്കെട്ടി. ഇനിയൊരിക്കലും അതു അഴിക്കില്ലെന്ന് ഞാന്‍ സ്വയം പറഞ്ഞു.' സനാ ഖാന്‍ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. വീഡിയോക്കിടയില്‍ സന പൊട്ടിക്കരയുന്നതും കാണാം. കരച്ചിലടക്കാന്‍ കഴിയുന്നില്ലെന്നും താരം അവതാരകനോട് പറയുന്നുണ്ട്.
Also Read
നേരത്തെ ആദ്യ ഹജ്ജിന്റെ അനുഭവങ്ങള്‍ സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ വാക്കുകളില്ലെന്നും ഒരു പൂവ് ചോദിച്ചപ്പോള്‍ ദൈവം ഒരു പൂക്കാലം തന്നുവെന്ന് സന കുറിച്ചിരുന്നു.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന 'ക്ലൈമാക്‌സ്' എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
നേരത്തെ കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാര്‍ഹികപീഡനം ആരോപിച്ച് 2020 ഫെബ്രുവരിയില്‍ സന മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാര്‍ഗം സ്വീകരിച്ചതായും വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. 2020 ഒക്ടോബറിലായിരുന്നു ഇത്. നവംബറില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്തു.
Content Highlights: sana khan reveals why she chose to wear hijab after depression
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..