.jpg?$p=803cc9e&f=16x10&w=856&q=0.8)
വീഡിയോയിൽ നിന്ന് | Photo: instagram.com/bbcnews/
യുക്രെയ്നിൽ റഷ്യ അക്രമണം ശക്തമാക്കുകയാണ്. സാധാരണക്കാരുൾപ്പെടെ യുക്രെയ്ൻ സായുധ സേനയുടെ ഭാഗമായി നാടിനെ സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ്. കണ്ണു നനയ്ക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തുവന്നിരുന്നു. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ നിറയുന്നത് യുക്രെയ്നിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകയുടെ വീഡിയോ ആണ്. ചാനലിൽ ലൈവ് ബ്രോഡ്കാസ്റ്റ് നടക്കുന്നതിനിടെ സ്വന്തം വീട് തകർന്ന കാഴ്ച കണ്ട് വിങ്ങലടക്കുന്ന മാധ്യമപ്രവർത്തകയാണ് വീഡിയോയിലുള്ളത്.
ബിബിസിയിൽ പ്രവർത്തിക്കുന്ന യുക്രെയ്ൻ മാധ്യമപ്രവർത്തക ഒൽഗാ മല്‌ഷെവ്സ്കയാണ് വീഡിയോയിലുള്ളത്. റഷ്യൻ ആക്രമണത്തിൽ കീവിലുള്ള തന്റെ വീടുൾപ്പെടെയുള്ള കെട്ടിടം തകർന്നതിന്റെ ദൃശ്യങ്ങൾ ടിവി സ്ക്രീനിൽ കാണുന്ന ഒൽഗയെയാണ് വീഡിയോയിൽ കാണുന്നത്.
സഹപ്രവർത്തകയായ കരിൻ ഗിയാനിയോനോട് യുദ്ധസാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു ഒൽഗ. ചർച്ച പുരോഗമിക്കുന്നതിനിടെ സ്ക്രീനിൽ കാണിച്ച ഫൂട്ടേജുകളിലൊന്ന് ഒൽഗയുടെ വീടടക്കമുള്ള കെട്ടിടം തകർന്നുകിടക്കുന്നതിന്റേതായിരുന്നു. ഈ കെട്ടിടമാണ് എന്റെ വീട്, ഇപ്പോൾ കാണുന്ന സ്ഥലത്താണ് ഞാൻ ജീവിച്ചിരുന്നതെന്ന് വിശ്വസിക്കാനാകുന്നില്ല- ഒൽഗ കരിനോട് പറയുന്നതു കേൾക്കാം.
സംസാരിക്കുന്നതിനിടെ ഒൽഗയ്ക്ക് അമ്മയുടെ മെസേജ് വരുന്നതും കാണാം. മറ്റൊരു കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് മാറുകയാണെന്നാണ് അമ്മ ഒൽഗയ്ക്ക് മെസേജ് അയച്ചത്. ഭാഗ്യം കൊണ്ട് അമ്മ ആ സമയത്ത് കെട്ടിടത്തിൽ ഇല്ലായിരുന്നു എന്നും ഒൽഗ ലൈവിൽ പറയുന്നുണ്ട്.
രാവിലെ സ്റ്റുഡിയോയിൽ വരാമെന്ന് തലേദിവസം പറയുമ്പോൾ ലണ്ടനിലെ മൂന്നുമണി സമയമാകുമ്പോൾ എന്റെ വീട് ബോംബാക്രമണത്തിന് ഇരയാകുമെനന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ഒൽഗ പറയുന്നുണ്ട്.
എന്നാൽ ആ വീട് ഒൽഗയുടേതാണെന്ന് ഓഫീസിലുള്ളുവർക്കാർക്കും അറിയുമായിരുന്നില്ല എന്ന് ചർച്ചയുടെ ഭാഗമായ കരിൻ പിന്നീട് ട്വീറ്റ് ചെയ്തു. സ്ക്രീനിൽ ആ ദൃശ്യം കാണിക്കുന്നതുവരെ അത് ഒൽഗയുടെ വീടാണെന്ന് ആർക്കും അറിയുമായിരുന്നില്ല എന്നും ഭാഗ്യംകൊണ്ട് ഒൽഗയുടെ കുടുംബം സുരക്ഷിതമായി ഇരിക്കുന്നുവെന്നും കരിൻ കുറിച്ചു.
നിരവധി പേരാണ് ഒൽഗയ്ക്ക് പിന്തുണയുമായി കമന്റ് ചെയ്തത്. സ്വന്തം വീട് തകർന്നടിഞ്ഞ ദൃശ്യം കണ്ടിട്ടും സംയമനം കൈവിടാതെ ചർച്ച നയിച്ച ഒൽഗയെ അഭിനന്ദിക്കുന്നവരാണ് ഏറെയാളുകളും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..