റിഹാന അസാപ് റോക്കിക്കൊപ്പം | Photo:AFP/ Instagram/Riahanna
ഗായികയും അഭിനേത്രിയും ഫാഷനിസ്റ്റുമായ റിഹാന അമ്മയായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിഹാനയ്ക്കും പങ്കാളി അസാപ് റോക്കിക്കും ആണ്‍കുഞ്ഞ് പിറന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുഞ്ഞിനോടൊപ്പം താരം ബാര്‍ബഡോസിലേക്ക് താമസം മാറുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജന്മദേശമായ ബാര്‍ബഡോസ് റിഹാനയ്ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. മകനും അവിടെത്തന്നെ വളരണമെന്നാണ് താരത്തിന്റെ ആഗ്രഹം. പാപ്പരാസികളുടെ കണ്ണില്‍പ്പെടാത ഗ്ലാമര്‍ ലോകത്തുനിന്ന് മാറി മകന്‍ സമാധാനത്തോടെ വളരണമെന്നും താരത്തിന്റെ ഈ പ്ലാനിന് പിന്നിലുണ്ട്. റിഹാനയുടേയും അസാപ് റോക്കിയുടേയും കുടുംബവും ബാര്‍ബഡോസിലാണ് താമസിക്കുന്നത്.
റിഹാനയും അസാപ് റോക്കിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഗര്‍ഭിണിയാണെന്ന വിവരം റിഹാന ആരാധകരെ അറിയിച്ചത്. നിറവയര്‍ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു താരം സന്തോഷവാര്‍ത്ത വെളിപ്പെടുത്തിയത്. പിങ്ക് നിറത്തിലുള്ള നീളന്‍ ജാക്കറ്റായിരുന്നു അന്ന് റിഹാന ധരിച്ചിരുന്നത്.
ഡെനിം പാന്റും ആഭരണങ്ങളും അഴിച്ചിട്ട മുടിയുമൊക്കെ താരത്തിന് സ്‌റ്റൈലിഷ് ലുക്ക് നല്‍കിയിരുന്നു. ഗര്‍ഭകാലത്തും സ്‌റ്റൈലില്‍ റിഹാന തരിമ്പും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് അന്ന് ആരാധകര്‍ പ്രശംസിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു അത്.
ബാര്‍ബഡോസിലെ സെയ്ന്റ് മൈക്കിളില്‍ ജനിച്ച റിഹാന തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലാണ് വളര്‍ന്നത്. ദരിദ്രമായ ചുറ്റുപാടില്‍ വളര്‍ന്ന അവരെ അമേരിക്കന്‍ പ്രൊഡ്യൂസറായ ഇവാന്‍ റോഗേഴ്സാണ് സംഗീതമേഖലയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.
സംഗീതമേഖലയില്‍ ഗ്രാമി പുരസ്‌കാരങ്ങള്‍പോലെ വലിയ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ റിഹാന മേയ്ക്ക് അപ്, ഫാഷന്‍ രംഗത്തും വിജയക്കൊടി പാറിച്ചു. ഫെന്റി ബ്യൂട്ടി എന്ന പേരില്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ കമ്പനി ആരംഭിച്ചു. ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള കലാകാരികളില്‍ ഒരാളാണ് റിഹാന.
സംഗീത ജീവിതത്തിനിടയില്‍ എട്ട് ഗ്രാമി, 12 അമേരിക്കന്‍ സംഗീത പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലും റിഹാനയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Rihanna moving to Barbados to bring up son away from showbiz
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..