രവീന്ദറും മഹാലക്ഷ്മിയും | Photo: instagram/ mahalakshmi
തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും രവീന്ദറിന്റെ ഭാരക്കൂടുതലും രണ്ടാം വിവാഹമാണ് എന്നതും ആയിരുന്നു ഈ ചര്‍ച്ചകളിലെ വിഷയം. രവീന്ദറിന്റെ സ്വത്ത് കണ്ടിട്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്നുപോലും പലരും പരിഹസിച്ചു. എന്നാല്‍ ഈ പ്രതിസന്ധികളെല്ലാം അതിജീവിച്ച് ഇരുവരും ജീവിതത്തോടെ പുഞ്ചിരിയോടെ നേരിട്ടു.
ഇപ്പോഴിതാ വീണ്ടും മഹാലക്ഷ്മികകും രവീന്ദറിനുമെതിരേ സോഷ്യല്‍ മീഡിയയില്‍ പുതിയ കുപ്രചരണങ്ങള്‍ വന്നിരിക്കുകയാണ്. ഇരുവരും വേര്‍പിരിയുകയാണെന്നാണ് ആളുകളുടെ പുതിയ കണ്ടെത്തല്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി മഹാലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇതിന് തുടക്കമിട്ടത്. ചിത്രങ്ങളിലെല്ലാം മഹാലക്ഷ്മി മാത്രമാണുള്ളത്. ബ്രാന്‍ഡ് പ്രൊമോഷനുകളുടെ ഭാഗമായി മഹാലക്ഷ്മി പങ്കുവെയ്ക്കുന്ന വീഡിയോയിലും രവീന്ദര്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന് അഭ്യൂഹം പരന്നത്.
എന്നാല്‍ ഇതിനെല്ലം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രവീന്ദര്‍. 'ഡേയ്, ഒറ്റയ്ക്കുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇടരുതെന്ന് ഞാന്‍ നിന്നോട് എത്ര വട്ടം പറഞ്ഞു? നമ്മള്‍ പിരിഞ്ഞു എന്ന് സകല സോഷ്യല്‍ മീഡിയയും പറയുന്നു. ഇനി തെറ്റ് ആവര്‍ത്തിച്ചാല്‍ എന്നെന്നേയ്ക്കുമായി നിനക്ക് ദിവസം മൂന്നു നേരവും എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് കിട്ടും. യുട്യൂബ് പരദൂഷണക്കാരോട് എന്റെ മനസ് പറയുന്നത് ഇതാണ്..'ഇന്നും ഞങ്ങള്‍ തന്നെയാണ് ട്രെന്‍ഡ്, ഇതിന് എന്നാണ് ഒരു എന്‍ഡ്?'. ഞങ്ങള്‍ സന്തുഷ്ടരാണ് . അതിലുപരി ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരേയും സന്തോഷിപ്പിക്കുന്നു'- മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രവീന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിന് മറുപടിയുമായി മഹാലക്ഷ്മിയും രംഗത്തെത്തി. 'എല്ലാം ഓക്കെ, സേമിയ ഉപ്പുമാവിന് എന്താണ് ഒരു കുറവ്' എന്നായിരുന്നു മഹാലക്ഷ്മിയുടെ കമന്റ്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹം. രവീന്ദര്‍ നിര്‍മിച്ച 'വിടിയും വരൈ കാത്തിര്' എന്ന സിനിമയില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ സെറ്റില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരുടേയും പ്രണയം. 32 വയസുകാരിയായ മഹാലക്ഷ്മിക്ക് എട്ടു വയസുള്ള ഒരു മകനുണ്ട്. 2019-ലാണ് മഹാലക്ഷ്മി ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്.
മഹാലക്ഷ്മിയേക്കാള്‍ 20 വയസ്സ് കൂടുതലാണ് രവീന്ദറിന്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നും പരസ്പരം മനസിലാക്കിയ ശേഷമാണ് മഹാലക്ഷ്മിയെ വിവാഹം കഴിച്ചതെന്നും രവീന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രവീന്ദര്‍ എങ്ങനെയാണോ അങ്ങനെത്തന്നെ തനിക്കിഷ്ടമാണെന്നും അദ്ദേഹത്തിന്റെ ശരീരപ്രകൃതത്തില്‍ തനിക്ക് ആശങ്കയില്ലെന്നും മഹാലക്ഷ്മിയും പറഞ്ഞിരുന്നു.
തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നട്‌പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.
അവതാരകയായി ശ്രദ്ധേയയായ മഹാലക്ഷ്മി തമിഴ് സീരിയലുകളിലൂടെയാണ് പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം നേടിയത്. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.
Content Highlights: ravindar chandrasekharan and mahalakshmi on divorce rumours


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..