രൺബീർ കപൂറും ആലിയ ഭട്ടും | Photo: instagram/ ranbirkapoor143
പ്രണയങ്ങളുടെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് രണ്‍ബീര്‍ കപൂര്‍. കത്രീന കൈഫും ദീപികാ പദുക്കോണുമെല്ലാം രണ്‍ബീറിന്റെ മുന്‍ കാമുകിമാരാണ്. എന്നാല്‍ ഒടുവില്‍ രണ്‍ബീര്‍ വിവാഹം ചെയ്തത് ആലിയ ഭട്ടിനേയാണ്. കൗമാരകാലം മുതല്‍ രണ്‍ബീറിന്റെ ഫാന്‍ ഗേള്‍ ആയിരുന്നു ആലിയ.
ഇപ്പോള്‍ ഇരുവരും ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രവും റിലീസിന് അടുത്തിരിക്കുകയാണ്. നിലവില്‍ ബ്രഹ്മാസ്ത്രയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് ആലിയയും രണ്‍ബീറും.
ഇങ്ങനെയൊരു പ്രൊമോഷൻ പരിപാടിക്കിടെ രണ്‍ബീര്‍ ആലിയക്കെതിരേ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആലിയയെ കുറിച്ചുള്ള രണ്‍ബീറിന്റെ തമാശ അതിരുകടക്കുകയും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആ പരാമര്‍ശത്തിന് ക്ഷമാപണം നടത്തിയിരിക്കുകയാണ് രണ്‍ബീര്‍.
മറ്റു സിനിമകള്‍ പോലെ ബ്രഹ്മാസ്ത്ര എന്തുകൊണ്ട് പ്രൊമോട്ട് ചെയ്യുന്നില്ല എന്നായിരുന്നു അഭിമുഖത്തിനിടെ അവതാരകന്‍ ചോദിച്ചത്. ഇതിന് ആലിയ മറുപടിയും നല്‍കി. 'തീര്‍ച്ചയായും..ഞങ്ങള്‍ ഈ സിനിമയും പ്രൊമോട്ട് ചെയ്യും. ഇനി നിങ്ങളുദ്ദേശിച്ച ചോദ്യം ഞങ്ങള്‍ എല്ലായിടത്തും നിറഞ്ഞുനിന്ന് എന്തുകൊണ്ട് പ്രൊമോട്ട് ചെയ്യുന്നില്ല എന്നാണോ. ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്...' ഈ ഉത്തരം ആലിയ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രണ്‍ബീര്‍ ഇടപെടുകയായിരുന്നു. ആലിയയുടെ ബേബി ബംപ് ചൂണ്ടിക്കാണിച്ച്..'ചിലരുടെ വയര്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് എനിക്കു കാണാം..' എന്നായിരുന്നു രണ്‍ബീറിന്റെ കമന്റ്. ഇതുകേട്ട് ആലിയ ഞെട്ടുന്നതും രണ്‍ബീര്‍ പുറത്തുതട്ടി തമാശ പറഞ്ഞതാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
Also Read
തുടര്‍ന്ന് താരത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതിനെ തമാശയായി കാണാനാകില്ലെന്നും ഗര്‍ഭിണിയാകുന്നതോടെ സ്ത്രീകള്‍ ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ആരാധകര്‍ രണ്‍ബീറിനെ ഓര്‍മിപ്പിച്ചു.
ഇതിനു പിന്നാലെ ചെന്നൈയില്‍ നടന്ന ബ്രഹ്മാസ്ത്രയുടെ പ്രസ് മീറ്റിങ്ങിനിടെ രണ്‍ബീര്‍ മാപ്പ് പറയുകയായിരുന്നു. നാഗാര്‍ജുനയും രാജമൗലിയും പങ്കെടുത്ത പ്രസ് മീറ്റില്‍ ആയിരുന്നു രണ്‍ബീറിന്റെ ക്ഷമാപണം.
'ആദ്യമായി ഞാന്‍ പറയട്ടെ, എന്റെ ജീവിതത്തില്‍ എന്തെല്ലാമുണ്ടോ അതെല്ലാം കൊണ്ട് ഞാന്‍ എന്റെ ഭാര്യയെ സ്‌നേഹിക്കുന്നു. അന്നു അത് ഒരു തമാശ ആയി മാറിയില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ ആരെയെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഉദ്ദേശം അതായിരുന്നില്ല. അതിനാല്‍ എല്ലാവരോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അതിനെക്കുറിച്ച് ആലിയയോടും സംസാരിച്ചു. അവള്‍ അത് ചിരിച്ചു തള്ളി. എന്റെ നര്‍മബോധം മോശമാണ്. ചിലപ്പോള്‍ അത് തിരിച്ചടിക്കും. അതുകൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു.'-രണ്‍ബീര്‍ വ്യക്തമാക്കി.
Content Highlights: ranbir kapoor apologises for phailoed joke on alia bhatt’s weight
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..