-
നട്ടെല്ലിനുണ്ടായ പരിക്കിനെതുടർന്ന് ഒരുമാസത്തെ വിശ്രമത്തിലായിരുന്ന എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസമാണ് ചുമതലകളിൽ തിരികെ പ്രവേശിച്ചത്. പ്രതിരോധ സേനാ മേധാവി ജനറൽ നിക് കാർട്ടറുമായി വിൻസർ കാസിലിൽ സംസാരിക്കുന്ന രാജ്ഞിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ചിത്രങ്ങൾ കണ്ട പലരുടെയും ശ്രദ്ധ ആദ്യം പതിഞ്ഞത് രാജ്ഞിയുടെ കൈകളിലേക്കാണ്. രാജ്ഞിയുടെ കൈകളിലെ പർപ്പിൾ നിറം പലരിലും ആശങ്ക ജനിപ്പിച്ചു.
നിക് കാർട്ടറുമായി സംസാരിക്കുന്ന രാജ്ഞിയുടെ കൈകളിലെ പർപ്പിൾ നിറം വ്യക്തമായി ചിത്രത്തിൽ കാണാം. ഇതോടെ പലരും രാജ്ഞിയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യരംഗത്തെ വിദഗ്ധർ എത്തുകയും ചെയ്തു. ഗുരുതരമല്ലാത്ത റെയ്നോഡ്സ് പ്രതിഭാസമാവാം രാജ്ഞിയുടെ കൈകളിലെ നിറത്തിന് പിന്നിലെന്നാണ് ആരോഗ്യവിദഗ്ധരുടെ വാദം.
രക്തത്തിൽ ഓക്സിജന്റെ അപര്യാപതത മൂലം കണ്ടേക്കാവുന്ന അവസ്ഥയാണിത്. രക്തത്തിൽ ഓക്സിജന്റെ അളവ് വേണ്ടത്ര അളവിലുണ്ടാകുമ്പോൾ രക്തം നല്ല ചുവപ്പ് നിറമായും തീരെ കുറയുമ്പോൾ നീലനിറമായും കാണപ്പെടാം എന്നും ഇതാവും ചർമത്തിന്റെ നിറംമാറ്റത്തിനു കാരണമായതെന്നും വിദഗ്ധർ പറയുന്നു.
പ്രായമാകുന്നതോടെ ഞരമ്പുകൾ എടുത്തു കാണുന്നതുമൂലം പർപ്പിൾ നിറമായി അനുഭവപ്പെടുന്നതാകാം എന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ രക്തചംക്രമണം സുഗമം അല്ലാതാകുമ്പോഴും ചർമം നേർത്തതാകുമ്പോഴുമൊക്കെ സമാനമായ അവസ്ഥ ഉണ്ടായേക്കാമെന്നും പലരും പറയുന്നു.
Content Highlights: queen elizabeth purple hands, queen elizabeth health update, raynaud's phenomenon, Raynaud's Disease
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..