അഭയാർഥികളോട് സംസാരിക്കുന്ന പ്രിയങ്കാ ചോപ്ര | Photo: instagram/ priyanka chopra
യുക്രൈന്‍ അഭയാര്‍ഥികളുടെ ദുരിതകഥ കേട്ട് കണ്ണീരടക്കാനാകാതെ നടിയും യുനിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡറുമായ പ്രിയങ്കാ ചോപ്ര. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് പോളണ്ടില്‍ അഭയം തേടിയ യുക്രൈന്‍ അഭയാര്‍ഥികളേയാണ് പ്രിയങ്കാ ചോപ്ര സന്ദര്‍ശിച്ചത്.
അഭയാര്‍ഥികളോടൊപ്പമിരുന്ന് അവരുടെ കഥ കേള്‍ക്കുന്നതിനിടയില്‍ ഒരു സ്ത്രീ പോളണ്ടിലേക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന കുടുംബാംഗത്തെ കുറിച്ച് പറഞ്ഞ് കരയുകയായിരുന്നു. അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു അറിയില്ലെന്നും സ്ത്രീ കരച്ചലിടക്കാനാകാതെ പറഞ്ഞു. ഇതുകേട്ട് പ്രിയങ്കയുടെ കണ്ണുകളും നിറയുകയായിരുന്നു.
ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. യുദ്ധമുഖത്ത് സ്ത്രീകളും കുട്ടികളും നേരിടുന്ന ദുരിതത്തെ കുറിച്ചും പ്രിയങ്ക വീഡിയോയില്‍ പറയുന്നു. കുട്ടികളോടൊപ്പം പ്രിയങ്ക കളിക്കുന്നതും പെയ്ന്റ് ചെയ്യുന്നതും ചിത്രം വരക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. തങ്ങളുണ്ടാക്കിയ പാവകള്‍ കുട്ടികള്‍ പ്രിയങ്കയ്ക്ക് സമ്മാനിക്കുകയും ചെയ്തു.
'നമ്മള്‍ വാര്‍ത്തകളില്‍ കാണാത്ത പലരിലുമാണ് യുദ്ധത്തിന്റെ അദൃശ്യ മുറിവുകള്‍ കാണുന്നത്. എന്റെ യുനിസെഫ് ദൗത്യത്തിന്റെ ആദ്യദിനം തന്നെ വാഴ്‌സോയില്‍ അതിന്റെ നേര്‍ചിത്രം കാണാനായി. യുക്രൈനിലെ മൂന്നില്‍ രണ്ടു കുട്ടികള്‍ക്കും അവരുടെ വീടും നാടും നഷ്ടപ്പെട്ടു. അതിര്‍ത്തി കടക്കുന്നവരില്‍ 90% പേരും സ്ത്രീകളും കുട്ടികളും ആണെന്നതാണ് യാഥാര്‍ഥ്യം. പോളണ്ടിലെ 11 സ്ഥലങ്ങളില്‍ അഭയാര്‍ഥികള്‍ക്കായി യുനിസെഫ് ബ്ലൂ ഡോട്ട് കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷിതത്വം ലക്ഷ്യമിട്ടാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.' വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പ്രിയങ്ക പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..