വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ, മേഗൻ മാർക്കൽ
ബ്രിട്ടനിലെ അടുത്ത കിരീടാവകാശി വില്യം രാജകുമാരന് തന്നെ ദേഹോപദ്രവം ഏല്പ്പിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്. സ്പെയര്‍ എന്ന തന്റെ ആത്മകഥയിലാണ് സഹോദരന് കൈയേറ്റം ചെയ്തിരുന്നതായി ഹാരി വെളിപ്പെടുത്തിയത്. പുസ്തകം ജനുവരി 10-ന് പുറത്തിറങ്ങും.
ഹാരിയുടെ ഭാര്യയും അമേരിക്കന്‍ നടിയുമായ മേഗന് മെര്‍ക്കലുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കത്തിലാണ് സഹോദരന് വില്യം ഹാരിയെ ഉപദ്രവിച്ചത്. മേഗനെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ഹാരിയുടെ കോളറില്‍ പിടിക്കുകയും ചെയ്തു. പുസ്തകത്തിന്റെ ആറാം പേജിലാണ് വില്യമിനെതിരെ ഞെട്ടിക്കുന്ന പരാമര്‍ശമുള്ളത്.
'എല്ലാം പെട്ടെന്നായിരുന്നു. വളരെപ്പെട്ടെന്ന്. വില്യം എന്റെ കോളറില്‍ കയറിപ്പിടിച്ചു, മാല പൊട്ടിച്ചു, നിലത്തേക്ക് തള്ളിയിട്ടു. നായയുടെ പാത്രത്തിനു മുകളിലേക്കാണ് ഞാന്‍ വീണത്. എന്റെ പിന്‍ഭാഗം തട്ടി പാത്രം പൊട്ടി, അതിന്റെ കഷണങ്ങള്‍ എന്റെ മേല്‍ തറച്ചു. ഞാന്‍ ആ സ്ഥിതിയില്‍ കുറച്ചുനേരം അവിടെ അന്ധാളിച്ചു കിടന്നു. പിന്നീട് എഴുന്നേറ്റ് വില്യമിനോട് പുറത്തുപോകാന്‍ പറഞ്ഞു' പ്രിന്‍സ് പറയുന്നു.
എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അധികാരമേറ്റെടുത്ത ചാള്‍സ് രാജാവ് അടുത്ത മേയില്‍ കിരീടധാരണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വിവാദം. 2020-ല്‍ രാജാധികാരങ്ങളെല്ലാം ഉപേക്ഷിച്ച് ഹാരിയും മേഘനും കാലിഫോര്‍ണിയയിലേക്ക് താമസം മാറിയിരുന്നു.
അതിനിടെ മേയില്‍ നടക്കുന്ന ചാള്‍സ് മൂന്നാമന്റെ ഔദ്യോഗിക കിരീട ധാരണച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഹാരി പറയുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
വിവാഹത്തോടെ ഹാരി രാജകുമാരനും മേഗന് മെര്‍ക്കലും ബക്കിങ്ങാം കൊട്ടാരത്തിനുള്ളില്‍ വലിയ മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നു. കൂടാതെ ബ്രിട്ടീഷ് മാധ്യമങ്ങളും ഇരുവരെയും വിടാതെ പിന്തുടര്ന്നു. കൊട്ടാരത്തിനകത്ത് സഹോദരന് വില്യം രാജകുമാരനോടും ഹാരിയോടും വ്യത്യസ്ത സമീപനങ്ങളാണ് പുലര്‍ത്തിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതേത്തുടര്‍ന്ന് ഹാരിയും മേഗനും രാജകുടുംബം വിട്ടുപോരാന്‍ തീരുമാനിക്കുകയായിരുന്നു. കാനഡയിലേക്കാണ് ആദ്യം പറന്നത്. മക്കളായ ആര്‍ച്ചിക്കും ലിലിബെറ്റിനുമൊപ്പം കാലിഫോര്‍ണിയയില്‍ സാധാരണ കുടുംബ ജീവിതം നയിക്കുകയാണിപ്പോള്‍ ഇരുവരും.
Content Highlights: prince harry says william physically attacked him during fight over meghan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..