വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം/ സന ഖാനും ഭർത്താവ് മുഫ്തി അനസ് സയിദും | Photo: screengrab/ viralbhayani / sana khan
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ബാബ സിദ്ദീഖ് കഴിഞ്ഞ ദിവസം മുംബൈയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഉള്‍പ്പെടെ ബോളിവുഡിലെ താരനിരയാണ് ഇഫ്താറിനെത്തിയത്. ഇതിന് പിന്നാലെ ഇഫ്താറില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മുന്‍ നടിയും മോഡലുമായ സന ഖാനും ഭര്‍ത്താവ് മുഫ്തി അനസ് സെയിദുമാണ് ഈ വീഡിയോയിലുള്ളത്. ഇഫ്താര്‍ പരിപാടിക്കിടെ ഗര്‍ഭിണിയായ സനയുടെ കൈയില്‍ പിടിച്ച് വേഗത്തില്‍ നടന്നുപോകുന്ന അനസിനെ വീഡിയോയില്‍ കാണാം. സന ആകെ തളര്‍ന്ന് അവശയായ അവസ്ഥയിലായിരുന്നു. അവര്‍ ശ്വാസമെടുക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു.
ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ അനസിനെ വിമര്‍ശിച്ച് രംഗത്തെത്തി. സനയ്ക്ക് ശ്വാസമെടുക്കാല്‍ അല്‍പം സമയം കൊടുക്കൂ എന്നും എന്തിനാണ് അവളെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് എന്നുമെല്ലാം ആളുകള്‍ ഇതിന് താഴെ കമന്റ് ചെയ്തു. സന ഗര്‍ഭിണിയാണെന്ന പരിഗണന പോലും ഭര്‍ത്താവ് നല്‍കുന്നില്ലല്ലോ എന്നും ആളുകള്‍ പ്രതികരിച്ചു.
എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സന. ഡ്രൈവറെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും ഒരുപാട് നേരം നിന്ന് മടുത്തപ്പോള്‍ ആള്‍ക്കൂട്ടം ഒഴിഞ്ഞ സ്ഥലത്തേക്ക് തന്നെ ഭര്‍ത്താവ് കൊണ്ടുപോകുകയായിരുന്നുവെന്നും സന പറയുന്നു.
'ഒരുപാട് നേരം നിന്നതോടെ വിയര്‍ക്കാന്‍ തുടങ്ങി. എവിടെയെങ്കിലും ഇരുന്ന് അല്‍പം ശ്വാസമെടുത്ത് വെള്ളം കുടിച്ചാല്‍ മതി എന്ന അവസ്ഥയിലായി ഞാന്‍. അതോടെ ഫോട്ടോഗ്രാഫര്‍മാരുടെ അടുത്ത്‌നിന്ന് ഭര്‍ത്താവ് എന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വേഗത്തില്‍ നടക്കാന്‍ ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത്. അതിഥികളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ശല്ല്യമാകാതെ എന്നെ കൊണ്ടുപോകാന്‍ പറഞ്ഞതും ഞാനാണ്. ഇതിനെ മറ്റൊരു തരത്തില്‍ കാണരുത്. ഇത് എന്റെ അഭ്യര്‍ഥനയാണ്. എല്ലാവര്‍ക്കും സ്‌നേഹം.' സന വൈറല്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തു.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന 'ക്ലൈമാക്സ്' എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാര്‍ഹികപീഡനം ആരോപിച്ച് 2020 ഫെബ്രുവരിയില്‍ സന മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാര്‍ഗം സ്വീകരിച്ചതായും വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. 2020 ഒക്ടോബറിലായിരുന്നു ഇത്. നവംബറില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്തു.

Content Highlights: pregnant sana khan explains why video of her and husband at the iftar party seemed weird
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..