തായമ്മാൾ
കോയമ്പത്തൂർ: ഇളനീർ വിറ്റുകിട്ടുന്ന വരുമാനംകൊണ്ട് ജീവിതം തള്ളിനീക്കുന്ന തിരുപ്പൂർ സ്വദേശിനി തായമ്മാളിന്റെ സന്മനസ്സിന് പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ വലിയ പ്രശംസ. തന്റെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളിന്റെ ദയനീയാവസ്ഥ കണ്ട് സ്കൂളിന്റെ വികസനത്തിന് ഒരുലക്ഷം രൂപയാണ് ഇവർ സംഭാവന നൽകിയത്.
നാലം ക്ലാസുവരെ മാത്രം പഠിച്ച തായമ്മാളിന് തന്റെ മക്കൾക്കൊപ്പം ചുറ്റുമുള്ള കുട്ടികൾക്കും നല്ലവിദ്യാഭ്യാസം ലഭിക്കണമെന്ന സ്വപ്നം മാത്രമേയുള്ളൂ. തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ട സ്വദേശിനിയായ തായമ്മാളും കുടുംബവും വർഷങ്ങളായി റോഡരികിൽ ഇളനീർ വിറ്റാണ് ജീവിക്കുന്നത്. സ്വന്തമായി ഭൂമിയോ മറ്റ് സമ്പത്തോ ഇല്ല. മക്കൾ പഠിക്കുന്ന ചിന്നവീരംപട്ടി പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിൽ കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കാൻ ചെന്നപ്പോഴാണ് സ്കൂളിന്റെ അവസ്ഥ അറിയുന്നത്.
എട്ടാംക്ലാസുവരെയുള്ള സ്കൂളിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിന്റെ വിഷമങ്ങൾ അധ്യാപകർ പറയുന്നുണ്ടായിരുന്നു. ഇതുമൂലമാണ് ഹയർസെക്കൻഡറി അനുവദിക്കാത്തതെന്നും അധികൃതർ വ്യക്തമാക്കി. ഈ വിഷമങ്ങൾ കണ്ടാണ് തായമ്മാൾ സഹായം വാഗ്‌ദാനംചെയ്തത്. വീട്ടിലെത്തിയശേഷം ഭർത്താവ് ആറുമുഖനുമായി സംസാരിച്ചു. തുടർന്നാണ് ഇളനീർ വില്പനയിലൂടെ സൂക്ഷിച്ചുവെച്ച ഒരുലക്ഷം രൂപ സ്കൂളിന് സംഭാവന നൽകാൻ തീരുമാനിച്ചത്.
അടിസ്ഥാനസൗകര്യങ്ങൾക്കുവേണ്ടിയാണ് തുക വിനിയോഗിക്കുക. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ തന്റെ പേരുപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തിയതായി തായമ്മാൾ പറഞ്ഞു.
തായമ്മാളിന്റെ പ്രവൃത്തി ഏറെ പ്രചോദനം നൽകുന്നതാണെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടയിലും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് തായമ്മാൾ സ്കൂൾ വികസനത്തിന് സംഭാവന നൽകിയതെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു.
സൗകര്യങ്ങളാവുന്നമുറയ്ക്ക് സ്കൂളിനെ ഹയർസെക്കൻഡറി ആയി ഉയർത്തുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് സംസ്ഥാനത്തെ മന്ത്രിമാരും തായമ്മാളിനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.
Content Highlights: pm modi cheers tn woman selling coconuts for donating one lakh to school


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..