മധുഹൻസി ഹസിന്തരയുടെ ഫോട്ടോഷൂട്ടിൽ നിന്ന് | Photo: facebook/ Maduhansi Hasinthara
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാഷ്ട്രീയ അസ്ഥിരതയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്ക. പ്രസിഡന്റ് ഗോതാബയ രാജപക്‌സെ രാജിവെക്കാതെ രാജ്യം വിട്ടതാണ് കൂടുതല്‍ പ്രതിഷേധത്തിന് തിരികൊളുത്തിയത്. പ്രസിഡന്റിന്റെ കൊളംബോയിലെ കൊട്ടാരം വരെ പ്രക്ഷോഭകാരികള്‍ കൈയടിക്കി. ആയിരക്കണക്കിന് പ്രക്ഷോഭകാരികളാണ് ഈ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് രക്ഷപ്പെട്ട ഗോതാബയ രാജപക്‌സെ രാജി പ്രഖ്യാപിക്കാതെ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് പ്രക്ഷോഭകാരികള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ ഇതിനിടയില്‍ ഒരു ശ്രീലങ്കന്‍ മോഡലായ മധുഹന്‍സി ഹസിന്തരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. കൊട്ടാരം വളഞ്ഞ പ്രക്ഷോഭകാരികളില്‍ മധുഹന്‍സിയുമുണ്ടായിരുന്നു. പിന്നാലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തി മധുഹന്‍സി അത് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വിജയചിഹ്നം കാണിച്ച്, നിറചിരിയോടെയാണ് മധുഹന്‍സി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ പ്രക്ഷോഭകാരികളെ കാണാം.
നിമിഷനേരത്തിനുള്ളില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചിത്രത്തിന് കമന്റുമായി എത്തി. വെറുതെയല്ല ശ്രീലങ്ക ഹാപ്പിനസ് ഇന്‍ഡക്‌സില്‍ ഇന്ത്യയ്ക്കു മുകളില്‍ നില്‍ക്കുന്നതെന്നും 'പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു' എന്നുമെല്ലാം മലയാളികള്‍ കമന്റ് ചെയ്തിട്ടുണ്ട്.
പ്രസിഡന്റിന്റെ കൊട്ടാരം കൈയ്യേറിയ പ്രക്ഷോഭകരുടെ നിരവധി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കൊട്ടാരത്തിലെ നീന്തല്‍ക്കുളത്തില്‍ നീരാടിയും ഭക്ഷണവസ്തുക്കള്‍ ആര്‍ത്തിയോടെ കഴിക്കുന്നതിന്റേയും കിടപ്പുമുറിയുള്‍പ്പെടെ കയ്യടക്കി വിശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. രാജപക്സയെുടെ വസതിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയതായും പ്രക്ഷോഭകര്‍ അവകാശപ്പെട്ടു. നോട്ടുകെട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
സാംസ്‌കാരികനായകര്‍ക്കൊപ്പം പ്രശസ്ത കായികതാരങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി. 'ഞങ്ങളുടെ ഭാവിയ്ക്ക് വേണ്ടിയാണിത്' എന്ന കുറിപ്പോടെ കുമാര്‍ സംഗക്കാരെ ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
അതേസമയം ശ്രീലങ്കന്‍ ജനതക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക-രാഷ്ട്രീയ സ്ഥിരത രാജ്യത്ത് എത്രയും പെട്ടെന്ന് ഉറപ്പുവരുത്തണമെന്ന് യുഎസ് ശ്രീലങ്കയുടെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്രനാണയനിധി ശ്രീലങ്കയുടെ സാമ്പത്തികസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..