Representative Image| Photo: Canva.com
മനില: ‘സിംഗിൾ’ ആയ ജീവനക്കാർക്ക് ‘സിംഗിളാ’യ മേയറുടെ പ്രണയദിനസമ്മാനം. ദിവസവേതനത്തിന്റെ മൂന്നിരട്ടിയാണ് പ്രണയദിനമായ ചൊവ്വാഴ്ച ജോലിക്കെത്തിയ ജനറൽ ലൂണ ടൗൺ ഹോളിലെ ജീവനക്കാർക്ക് ഫിലിപ്പീൻസിലെ ക്വെസോൺ പ്രവിശ്യാ മേയർ മാറ്റ് ഫ്ളോറിഡ നൽകുന്നത്. ഈ ‘ഒറ്റ’കളെ ഓർക്കാനും സ്നേഹിക്കാനും ആരെങ്കിലുമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം.
കഴിഞ്ഞ അഞ്ച് വർഷമായി ഒറ്റയായി ജീവിക്കുന്നവർക്കേ സമ്മാനം കിട്ടൂ. ഇക്കാര്യം ബോധ്യമാകാൻ വിശദമായ പരിശോധനയുണ്ട്. 289 ജോലിക്കാരിൽ 37 പേരാണ് ഇത്തവണ പ്രത്യേക വേതനത്തിന് അർഹരായത്. ഇതിൽ ഏറ്റവും മുതിർന്നയാൾക്ക് 64 വയസ്സാണ് പ്രായം.
ഇതിനുള്ള പണം സ്വന്തം പോക്കറ്റിൽനിന്നാണ് മേയർ ചെലവാക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഫ്ലോറിഡോ ഈ സമ്മാനം നൽകുന്നത്. വെറും സമ്മാനമല്ല, ‘ഒറ്റ’കൾ ചെയ്യുന്ന അധികസമയ ജോലിക്കുള്ള നന്ദികൂടിയാണിത്.
“ഈ ദിനം അവർ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് എനിക്കറിയാം.
അവർക്ക് ചോക്കലേറ്റ് നൽകാനോ പൂക്കൾ നൽകാനോ ആരുമില്ല. ആരെങ്കിലും അവരെ സ്നേഹിക്കാനും പരിഗണിക്കാനുണ്ടെന്ന് അറിയിക്കാനാണ് ഞങ്ങൾ ഈ വേതനം നൽകുന്നത്” -ജനിച്ചതുമുതൽ താൻ ഒറ്റയ്ക്കാണെന്ന് അവകാശപ്പെടുന്ന 42-കാരനായ മേയർ പറഞ്ഞു.
Content Highlights: philippine mayor gives singles extra pay on valentines day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..