പാവക്കൂത്തിലെ പെൺകൂട്ടായ്മ, രജിതയും സംഘവും
എടപ്പാൾ: തോൽപ്പാവക്കൂത്തിൽ പെൺപെരുമ. പദ്‌മശ്രീ നേടിയ രാമചന്ദ്രപ്പുലവരുടെ മകൾ രജിതയാണ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി സ്ത്രീപക്ഷ പാവക്കൂത്തുമായി വേദികളിലേക്കെത്തുന്നത്.
മുൻകാലങ്ങളിൽ ക്ഷേത്രങ്ങളിലെ കൂത്തുമാടങ്ങളിൽ രാമായണകഥ പറഞ്ഞ് പുരുഷൻമാർ മാത്രം അവതരിപ്പിച്ചിരുന്ന പാവക്കൂത്തുകളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം പോലും നിഷിദ്ധമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് പാവക്കൂത്ത് കാണാൻ വന്ന വിദേശവനിതയെ കൂത്തുമാടത്തിന്റെ പടികളിലിരിക്കാനനുവാദം നൽകിയതിന്റെ പേരിൽ ഏറെ പഴികേട്ട കലാകാരനാണ് രാമചന്ദ്രപ്പുലവർ. അദ്ദേഹംതന്നെ മുൻകൈയെടുത്താണ് ഇപ്പോൾ പാവക്കൂത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന അയിത്തം തീർക്കാൻ രംഗത്തിറങ്ങിയത്.
മകൾ രജിതയുടെ നേതൃത്വത്തിൽ രാജലക്ഷ്മി, അശ്വതി, നിത്യ, നിവേദിയ, ശ്രീനന്ദന, സന്ധ്യ തുടങ്ങിയവരെ അണിനിരത്തി ഒരു പെൺകുഞ്ഞിന്റെ ബാല്യം മുതൽ യൗവനം വരെയുള്ള കഥ പാവക്കൂത്തിലൂടെ അവതരിപ്പിച്ച് ചരിത്രം തിരുത്തുന്നത്. സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ നയത്തിന്റെ കൂടി കരുത്തിലാണ് ഇത്തരമൊരു ഉദ്യമത്തിന് അദ്ദേഹമിറങ്ങിയത്.
സ്വന്തം വീട്ടിൽ കൂത്തുമാടം നിർമിച്ച് പാവനിർമാണം നടത്തിയാണ് മകളടക്കമുള്ളവരെ ഇദ്ദേഹം പാവക്കൂത്ത് പഠിപ്പിച്ചത്. സിങ്കപ്പൂർ, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ഇദ്ദേഹം നടത്തുന്ന പാവക്കൂത്തുകൾക്കൊപ്പം ഇനി സ്ത്രീകളുടെ കൂത്തും അവതരിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. മുഹമ്മദ് സുൽഫി രചനയും ജാസ്മിൻ സംഗീതവും നൽകിയാണ് പുതിയ കൂത്ത് നാട്ടിലേക്കിറങ്ങുന്നത്.
Content Highlights: pavakoothu art kerala, puppetry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..