പപ്പൻ ഗുരിക്കൾ
തലശ്ശേരി: മാസ്റ്റേഴ്‌സ് മിസ്റ്റർ കണ്ണൂർ പപ്പൻ ഗുരിക്കൾക്ക് വയസ്സ് 73 ആയി. ഇപ്പോഴും മത്സരത്തിലും പരിശീലകനായും തുടരുന്നു. ശരീരസൗന്ദര്യമത്സരത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിൽ 10 വർഷമായി മിസ്റ്റർ കണ്ണൂരാണ് പപ്പൻ ഗുരിക്കൾ. കഴിഞ്ഞമാസം കണ്ണൂരിൽ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ നടത്തിയ ശരീരസൗന്ദര്യമത്സരത്തിൽ ഒന്നാമനായിരുന്നു.
സംസ്ഥാനതലത്തിൽ ഒൻപതുതവണ രണ്ടാംസ്ഥാനം നേടി. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ 60 കഴിഞ്ഞവർക്കാണ് മത്സരമുള്ളത്. അതിനാൽ 73 വയസ്സായ പപ്പൻ ഗുരിക്കളും 60 കഴിഞ്ഞവരോടൊപ്പമാണ് മത്സരിച്ചത്. 70 കഴിഞ്ഞവർ ഈ മേഖലയിൽ അപൂർവമാണ്. പപ്പൻ ഗുരിക്കളുടെ സേവനത്തെ മുൻനിർത്തി ശിഷ്യർ അദ്ദേഹത്തെ ആദരിക്കുകയാണ്.
വ്യാഴാഴ്ച ആറിന് തലശ്ശേരിയിൽ ജില്ലാ സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പപ്പൻ ഗുരിക്കൾ അഞ്ചാംസ്ഥാനം നേടിയിരുന്നു. കിഴക്കെ പാലയാട് നിജിഷ നിവാസിൽ എം.വി.പദ്മനാഭൻ എന്ന പപ്പൻ ഗുരിക്കൾ പാരമ്പര്യ മർമചികിത്സകൻ കൂടിയാണ്.
ഓട്ടോഡ്രൈവറായും ഗുജറാത്തിൽ ആയുർവേദാസ്പത്രിയിൽ ഉഴിച്ചിൽ പരിശീലകനായും പ്രവർത്തിച്ചിരുന്ന ഗുരിക്കൾ 15 വർഷമായി തലശ്ശേരി ടൈറ്റാൻ ജിമ്മിൽ പരിശീലകനാണ്. രാവിലെയും വൈകിട്ടും ഇപ്പോഴും പരിശീലനം നൽകുന്നു. 15-ാമത്തെ വയസ്സിൽ കളിരിയിലൂടെയാണ് തുടക്കം.
അച്ഛൻ പൊക്കൻ കളരി ഗുരിക്കളായിരുന്നു. 17-ാമത്തെ വയസ്സിൽ വീനസ് കവലയിലെ നവോദയ ജിമ്മിൽ വാസു ഗുരിക്കളുടെ കീഴിലാണ് പരിശീലനം തുടങ്ങിയത്. അന്ന് നാടൻ ഉപകരണങ്ങൾ മാത്രമാണുണ്ടായിരുന്നത്. അക്കാലത്ത് തലശ്ശേരിയിൽ നവോദയ മാത്രമായിരുന്നു.
ഇപ്പോൾ തലശ്ശേരിയിൽ പത്തോളം പരിശീലന കേന്ദ്രങ്ങളുണ്ട്. മത്സരത്തിൽ പങ്കടുക്കുന്ന പലരും ഇപ്പോൾ മരുന്നുപയോഗിച്ചാണ് പങ്കെടുക്കുന്നത്. അതിനോട് യോജിപ്പില്ലെന്ന് പപ്പൻ ഗുരിക്കൾ പറഞ്ഞു. അനുജൻ പവിത്രൻ ഊർപ്പള്ളിയിൽ മർമചികിത്സകനാണ്.
Content Highlights: pappan gurukkal, body building, mister kannur, age is just a number, inspiring story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..