വീഡിയോയിൽ നിന്ന് | Photo: twitter.com/PakistanNature
കാട്ടുതീക്ക് മുന്നിൽ നിന്നുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതിന്റെ പേരിൽ സാമൂഹിക മാധ്യമത്തിൽ വിമർശനം നേരിട്ട് പാകിസ്താനിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. രാജ്യം ഉഷ്ണതരംഗത്താൽ പ്രതിസന്ധിയിൽ ആഴുന്നതിനിടെ കാട്ടുതീക്ക് മുന്നിൽ നിന്നുള്ള ടിക്ടോക് വീഡിയോ പങ്കുവെച്ചതിന്റെ പേരിലാണ് ഹുമെയ്റ അസ്ഗർ എന്ന യുവതിക്ക് നേരെ വിമർശനങ്ങൾ ഉയർന്നത്.
കാട്ടുതീക്ക് മുന്നിലൂടെ നടക്കുന്ന വീഡിയോ ആണ് ഹുമെയ്റ ടിക്ടോക്കിൽ പങ്കുവെച്ചത്. സിൽവർ ബാൾ ഗൗൺ ധരിച്ച് സ്ലോമോഷനിലുള്ള വീഡിയോക്ക് നൽകിയ ക്യാപ്ഷനും വിവാദങ്ങൾക്ക് ഇടയാക്കി. ഞാൻ എവിടെയായിരുന്നാലും തീ ആളിപ്പടരുന്നു എന്ന ക്യാപ്ഷനോടെയാണ് ഹുമെയ്റ വീഡിയോ പങ്കുവച്ചത്.
വീഡിയോക്കു വേണ്ടി മനപ്പൂർവം കാട്ടുതീ സൃഷ്ടിച്ചതിന്റെ പേരിൽ അബോട്ടാബാദിൽ ഒരു യുവാവിനെ ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഹുമെയ്റയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
വീഡിയോ വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഹുമെയ്റ രംഗത്തെത്തുകയും ചെയ്തു. താനല്ല കാട്ടുതീ ഉണ്ടാക്കിയതെന്നും വീഡിയോ പകർത്തുന്നതിനിടയിൽ ആർക്കും ഒരുപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. പിന്നാലെ ഹുമെയ്റ വീഡിയോ പിൻവലിക്കുകയും ചെയ്തു.
തീയാളുന്നതിനിടയിൽ വീഡിയോ പകർത്തുന്നതിന് പകരം അത് അണയ്ക്കാനുള്ള ശ്രമമായിരുന്നു ഹുമെയ്റയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നത് എന്ന് പരിസ്ഥിതി പ്രവർത്തകയും ഇസ്ലാമാബാദ് വൈൽഡ്ലൈഫ് മാനേജ്മെന്റ് ബോർഡിന്റെ ചെയർപേഴ്സണുമായ റീനാ സയീദ് ഖാൻ സാട്ടി പറഞ്ഞു.
ഈ വീഡിയോയിലൂടെ പകരുന്ന സന്ദേശം അങ്ങേയറ്റം ഗൗരവതരമാണെന്നും റീനാ സയീദ് പറഞ്ഞു. ഹുമെയ്റയെപ്പോലെ പതിനൊന്ന് മില്യൺ ഫോളോവേഴ്സുള്ള സാമൂഹികമാധ്യമത്തിൽ സ്വാധീനമുള്ളൊരാൾ ഇത്തരത്തിൽ നിരുത്തരവാദപരമായ വീഡിയോകൾ പങ്കുവെക്കരുതെന്നും കമന്റുകൾ ഉയരുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..