പത്മിനി ടീച്ചർ | ഫോട്ടോ: പ്രകാശ് പി. ഗോപിനാഥ്
അജിത്രയുടെ വീട് കാണാന്‍ പത്മിനി ടീച്ചര്‍ കാത്തുനിന്നില്ല. സ്വന്തം അമ്മയെ പോലെ സ്‌നേഹിച്ച ടീച്ചറിനെ കാണാന്‍ അജിത്രക്കുമായില്ല. ഇനിയും ചിത്രങ്ങള്‍ വരയ്ക്കണമെന്നും യാത്രകള്‍ പോകണമെന്നുമുള്ള ആഗ്രഹങ്ങള്‍ ബാക്കിവച്ച് ടീച്ചര്‍ യാത്രയായി. ഇന്ന് വെളുപ്പിനെ ഒരു മണിയോടെയായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു.
വീടില്ലാത്ത അജിത്രയെന്ന പെണ്‍കുട്ടിക്ക് വീട് നിര്‍മിക്കാനായി കൊറോണക്കാലത്ത് ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം നടത്തിയാണ് ടീച്ചര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. വട്ടിയൂര്‍കാവ് എം.എല്‍.എ വി.കെ. പ്രശാന്തിന്റെ ആവശ്യപ്രകാരമായിരുന്നു അത്. ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനത്തിലൂടെ ആറു ലക്ഷത്തോളം രൂപ (594595 രൂപ) സമാഹരിച്ചെന്നും വീടിന്റ ആദ്യഘട്ട നിര്‍മാണങ്ങള്‍ക്കായി ഒരു ലക്ഷം രൂപ കൈമാറിയെന്നും മകന്‍ പ്രകാശ് പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മവും നടത്തി. തന്റെ പരിശ്രമം ഫലം കണ്ടതില്‍ അമ്മ ആഹ്ളാദവതിയായിരുന്നു എന്നും മകന്‍.
രോഗത്തിന്റെയും പ്രായത്തിന്റെയും അവശതകള്‍ക്കിടയിലാണ് ടീച്ചര്‍ ചിത്രരചനാ പഠനവും പ്രദര്‍ശനങ്ങളുമായി സജീവമായത്. തന്റെ 83-ാം വയസ്സിലും വരകളോടും നിറങ്ങളോടുമുള്ള പ്രണയം ഒരു തരിപോലും ചോരാതെ സൂക്ഷിച്ചിരുന്നു പത്മിനി ടീച്ചര്‍. വഴുതക്കാട് ഈശ്വരവിലാസത്തെ വീട്ടില്‍ നിറയെ ടീച്ചര്‍ വരച്ച ചിത്രപ്പണികളാണ്. ഇതിലെ 165 ചിത്രങ്ങളാണ് തന്റെ ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്.
കൊടുങ്ങാനൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസുകാരി അജിത്രയും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബം ഷീറ്റു മേഞ്ഞ മറപ്പുരയിലായിരുന്നു താമസം. ഒരു കാറ്റോ മഴയോ വന്നാല്‍ ദുരിതത്തിലാവുന്ന ജീവിതം. അടച്ചുറപ്പുള്ള വീട്ടില്‍ ജീവിക്കണമെന്ന ആ കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നാണ് ടീച്ചര്‍ യാത്രയായത്. ടീച്ചറിന് അജിത്രയുടെ വീടിന്റെ പണിപൂര്‍ത്തിയാകുന്നത് മാത്രം കാണാനായില്ല.
പത്മിനി ടീച്ചറിനൊപ്പം അവസാനനിമിഷം വരെ മകന്‍ പ്രകാശ് പി. ഗോപിനാഥും മകള്‍ ദീപയും ഇരുവരുടെയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
Content Highlights: Padmini Teacher, who holds virtual expo to raise funds for poor family passed away


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..