നിരഞ്ജൻ വേദിയിൽ പാടുന്നു, നിരഞ്ജനും മാതാപിതാക്കളായ എം.ആർ. രാമദാസും പ്രജിതയും
പട്ടാമ്പി: ഓട്ടിസം വേഗംകുറച്ച ജീവിതതാളം സംഗീതത്തിലൂടെ തിരിച്ചുപിടിക്കയാണ് നിരഞ്ജന്. രണ്ടരവയസ്സില്‍ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...' എന്ന ഗാനം പഠിച്ച് പാടാന്‍ തുടങ്ങിയ നിരഞ്ജന് 21-ാം വയസ്സിലേക്കെത്തുമ്പോള്‍ 67 വേദികളില്‍ കര്‍ണാടിക്-ഹിന്ദുസ്ഥാനി കച്ചേരികളും ഗസല്നിശകളും ഗാനമേളകളും നടത്തിക്കഴിഞ്ഞു.
തൃത്താല മേഴത്തൂര്‍ മഞ്ഞപ്പറ്റമനയില് അധ്യാപകദമ്പതിമാരായ രാമദാസിന്റെയും പ്രജിതയുടെയും മകനാണ് നിരഞ്ജന്. മൂന്നരവയസ്സുമുതല്‍ പ്രകടമായ 'വേഗം കുറഞ്ഞ' ജീവിതാവസ്ഥയെ മറികടക്കാന്‍ സ്വയം കണ്ടെത്തിയ മാര്‍ഗമാണ് സംഗീതം. ഇപ്പോള്‍ സംഗീതമാണ് നിരഞ്ജന് എല്ലാം.
പിന്നീടാണ് ഓട്ടിസത്തോട് ബന്ധപ്പെട്ടുനില്ക്കുന്ന 'ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം' എന്ന അവസ്ഥയാണെന്ന് കണ്ടെത്തുന്നത്. സമൂഹവുമായി ഇടപഴകാനുള്ള അവസരമൊരുക്കുക എന്നതാണ് ഈ അവസ്ഥയില്‍നിന്ന് പുറത്തുകടക്കാനുള്ള പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അതിനുള്ള ശ്രമങ്ങളിലായി മാതാപിതാക്കള്‍.
കുട്ടിക്കാലംമുതല്‍ റേഡിയോയിലും ടെലിവിഷനിലും കേള്‍ക്കുന്ന പാട്ടുകള്‍ ഈണത്തില്‍ പാടുന്നത് കേട്ടതോടെ സംഗീതത്തോട് കമ്പമുണ്ടെന്ന് മനസ്സിലാക്കി. പിന്നീട് ആറുവയസ്സുമുതല്‍ പാട്ടുപഠിപ്പിക്കാനുള്ള ശ്രമമായി. തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. കേശവദാസാണ് സംഗീതം പഠിപ്പിക്കാന്‍ പറഞ്ഞത്. തുടര്‍ന്ന്, ശിവരാമന് നാഗലശ്ശേരി കര്‍ണാടകസംഗീതം അഭ്യസിപ്പിക്കാന്‍ തുടങ്ങി.
2017 സെപ്റ്റംബറില്‍ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണവും കീര്‍ത്തനവും ഭജനുമടക്കം 17 ഇനങ്ങള്‍ അവതരിപ്പിച്ച് നിരഞ്ജന് സംഗീതത്തില്‍ അരങ്ങേറ്റം നടത്തി. മ്യൂസിക് തെറാപ്പിസ്റ്റായ ഡോ. മെഹറൂഫ് രാജാണ് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിപ്പിക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന്, സംഗീതാധ്യാപകന് അഭിലാഷ് ഭൂമിയുടെ കീഴില്‍ സംഗീതപഠനം തുടങ്ങി. 25 ഗസല്‍, എട്ട് ഭജനുകള്‍, നാല് ഖയാല്‍ എന്നിവ കാണാതെ സ്റ്റേജില്‍ പാടും. തന്റെ സംഗീതപരിപാടികളുടെ തീയതി, സമയം, സ്ഥലം എന്നിവ കൃത്യമായി നിരഞ്ജന് ഓര്‍ത്തുവെക്കുമെന്ന് രാമദാസ് പറയുന്നു.
പാലക്കാട് മെഹ്ഫില്‍ ഗസല്‍ മത്സരം, എം.എസ്. ബാബുരാജ് അക്കാദമിയുടെ ഗസല്‍ മത്സരം, പാലക്കാട് സ്വരലയ ലളിതഗാന-ചലച്ചിത്രഗാന മത്സരം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി. സ്ക്രൈബിനെവെച്ച് എസ്.എസ്.എല്‍.സി. പരീക്ഷ ജയിച്ചു. പ്ലസ്ടു പാസായി ഇപ്പോള്‍ ഡിഗ്രിക്ക് പഠിക്കുന്നു.
'ടീം നിരഞ്ജന്' എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംഗീതലോകത്ത് പുതിയ ചുവടുകള്‍ വെയ്ക്കുക, നൂറുവേദികള് പൂര്‍ത്തിയാക്കുക... 2023-ല്‍ മാതാപിതാക്കള്‍ക്കും 'ടീം നിരഞ്ജനും' പ്രതീക്ഷകളേറെയാണ്.
Content Highlights: niranjan, autism, music
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..