നിഖാത് സരീൻ മാതാപിതാക്കൾക്കൊപ്പം | Photo: Instagram/ Nikhat Zareen
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ പെണ്‍കുട്ടിയാണ് നിഖാത് സരീന്‍. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് നിഖാത് ഒന്നാമതെത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ രണ്ടാമത്തെ സ്വര്‍ണം കൂടിയാണിത്. ഒരു ലക്ഷം യുഎസ് ഡോളറും (82 ലക്ഷം ഇന്ത്യന്‍ രൂപ) ഒരു ഥാറും നിഖാതിന് സമ്മാനമായി ലഭിച്ചു. മഹീന്ദ്രയാണ് ഥാര്‍ സമ്മാനിച്ചത്.
ഈ സമ്മാനത്തുക ഉപയോഗിച്ച് മെഴ്‌സിഡസ് ബെന്‍സ് വാങ്ങണമെന്നായിരുന്നു നിഖാതിന്റെ സ്വപ്നം. എന്നാല്‍ ആ സ്വപ്‌നം താന്‍ ഉപേക്ഷിച്ചെന്നും സമ്മാനത്തുക മാതാപിതാക്കളെ ഉംറക്ക് അയക്കാന്‍ ഉപയോഗിക്കുമെന്നും നിഖാത് വ്യക്തമാക്കി.
'ബെന്‍സ് വാങ്ങണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഇപ്പോള്‍ എനിക്ക് ഥാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ബെന്‍സ് മോഹം ഉപേക്ഷിക്കുകയാണ്. എനിക്ക് എന്റെ മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണം. ഈ കാര്യം വീട്ടിലെത്തി അവരോട് സംസാരിക്കണം.'-അഭിമാനനേട്ടത്തിന് ശേഷം നിഖാത് പ്രതികരിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വിയാറ്റ്‌നാം താരമായ നുയന്‍ തി ടാമിനെയാണ് നിഖാത് സരിന്‍ പരാജയപ്പെടുത്തിയത്. ആധികാരിക പ്രകടനത്തോടെയാണ് (5-0) ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം.നേരത്തേ 2022 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും നിഖാത് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് നിഖാത് സരിന്‍. മേരി കോമാണ് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും നിഖാത് സരിന്‍ സ്വര്‍ണം നേടിയിരുന്നു.
തെലങ്കാനയിലെ നിസാമാബാദില്‍ നിന്നുള്ള മുന്‍ ക്രിക്കറ്റ് താരവും ഫുട്‌ബോള്‍ താരവുമായ മുഹമ്മദ് ജമീലിന്റേയും പര്‍വീണ്‍ സുല്‍ത്താനയുടേയും മൂന്നാമത്തെ മകളാണ് നിഖാത് സരീന്‍. ആദ്യം അത്‌ലറ്റിക്‌സിലാണ് നിഖാത് പരീക്ഷണം നടത്തിയത്. സ്പ്രിന്റ് ഇനങ്ങളില്‍ സംസ്ഥാന ചാമ്പ്യനായി. എന്നാല്‍ അവളുടെ മേഖല ബോക്‌സിങ്ങാണെന്ന ജമീല്‍ വൈകാതെ തിരിച്ചറിഞ്ഞു. അമ്മാവന്‍ സംസമുദ്ദീന്റെ മക്കളായ ഇത്ഷാമുദ്ദീനും ഇതിഷാമുദ്ദീനും ബോക്‌സര്‍മാരാണ്. അതുകൊണ്ടു വീട്ടിനുള്ളില്‍തന്നെ നിഖാത് ബോക്‌സിങ് റിങ് കണ്ടെത്തി. നന്നായി പരിശ്രമിച്ചു, പരിശീലനം നേടി. 14ാം വയസ്സില്‍ ലോക യൂത്ത് ബോക്‌സിങ്ങില്‍ ചാമ്പ്യനായി വരവറിക്കുകയും ചെയ്തു. എന്നാല്‍ 2017-ല്‍ തോളെല്ലിന് പരിക്കേറ്റതോടെ പരിശീലനം മുടങ്ങി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകചാമ്പ്യനായാണ് നിഖാത് തിരിച്ചുവരവ് നടത്തിയത്.
Content Highlights: nikhat zareen wants to send her parents to perform umrah with world championship money
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..