വിഗ്നേഷ് ശിവനും നയൻതാരയും | Photo: Instagram/ Vignesh Shivan
തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളാണ് വിഗ്നേഷ് ശിവനും നയന്‍താരയും. ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരുപാട് വീഡിയോകള്‍ പുറത്തുവന്നിരുന്നു. വിഗ്നേഷ് ശിവനാണ് ഈ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്.
ഇത്തവണ നയന്‍താരയ്ക്ക് ഭക്ഷണം വാരികൊടുക്കുന്ന വീഡിയോയാണ് വിഗ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഭക്ഷണം വാരി തരട്ടേ എന്നു ചോദിച്ചപ്പോള്‍ നയന്‍താര നാണത്തോടെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് റെസ്റ്റോറന്റില്‍ നിന്നുള്ള വീഡിയോയാണിത്.
ഈ വീഡിയോക്കൊപ്പം മനോഹരമായ ഒരു കുറിപ്പും വിഗ്നേഷ് പങ്കുവെച്ചിട്ടുണ്ട്. 'വയറുനിറച്ച് ഭക്ഷണം കഴിക്കാനുള്ള സമയം. ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് സന്തോഷം. ഒരു പ്രിയപ്പെട്ട സീ ഫുഡ് റെസ്റ്റോറന്റില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം റെസ്റ്റോറന്റുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.' വിഗ്നേഷ് ശിവന് കുറിച്ചു.
ഇരുവരുടേയും വിവാഹം ജൂണ്‍ ഒമ്പതിന് നടന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു, തിരുപ്പതിയില്വെച്ചാകും വിവാഹം. റിസപ്ഷന് മാലിദ്വീപിലായിരിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
വിഗ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് പ്രണയം തുടങ്ങുന്നത്. ഈ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..