കാർത്ത്യായനിയമ്മ കിടക്കയിൽ
ഹരിപ്പാട്: റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന്റെ ഏറ്റവും മുന്നില്‍ 2018-ലെ നാരീശക്തി പുരസ്കാരജേതാവ് ചേപ്പാട്ടെ കാര്‍ത്ത്യായനിയമ്മ (101) യുടെ പൂര്‍ണകായ പ്രതിമയാണെങ്കിലും ഇതൊന്നുമറിയാതെ രോഗക്കിടക്കയിലാണവര്.
രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവ്, സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാംറാങ്ക് ജേതാവ്... ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ (96) വയസ്സ് പിന്നിട്ടശേഷം സ്വന്തമാക്കിയ നേട്ടങ്ങളാണിത്. ഇപ്പോള്‍ 101 വയസ്സ്.
ആ ദൃശ്യം സന്തോഷത്തോടെ കാണാവുന്ന അവസ്ഥയിലല്ല കാര്‍ത്ത്യായനിയമ്മ. അരയ്ക്കു താഴോട്ടു പൂര്‍ണമായും തളര്‍ന്നുപോയി. നല്ല വൃത്തിയുള്ള കൈപ്പടയോടെ എഴുതിയിരുന്ന വലതുകൈ അനങ്ങുന്നില്ല. നിശ്ചലദൃശ്യത്തില്‍ കാര്‍ത്ത്യായനിയമ്മയുടെ പ്രതിമ വെക്കുന്നതിനെപ്പറ്റി ആരുമറിയിച്ചിട്ടില്ല. പത്രങ്ങളില്‍വന്ന വിവരം മാത്രമാണു വീട്ടുകാര്‍ക്കുള്ളത്.
മാസങ്ങളായി കിടപ്പിലാണ്. എഴുന്നേറ്റിരിക്കാന്‍ പരസഹായം വേണം. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പക്ഷാഘാതം വന്നതാണ്. അന്ന് ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട്, ഏറെനാള്‍ ഫിസിയോതെറപ്പി ചെയ്തിട്ടും ഫലമുണ്ടായില്ല. ആഹാരം കഴിക്കാനും ബുദ്ധിമുട്ടാണ്.
മകള്‍ അമ്മിണിയമ്മയ്ക്കൊപ്പമാണു കഴിയുന്നത്. ഇവരാകട്ടെ അടുത്തുള്ള വീടുകളില്‍ അടുക്കളജോലി ചെയ്താണു കുടുംബം പുലര്‍ത്തുന്നത്. ഇടയ്ക്ക് സാക്ഷരതാപ്രേരക് സതി സഹായത്തിനെത്തും.
ചേപ്പാട് ഗ്രാമപ്പഞ്ചായത്തിന്റെ സാന്ത്വന വിഭാഗത്തിന്റെ സഹായം മാത്രമാണു കിട്ടുന്നത്. ഡയപ്പര്‍ നല്‍കുന്നതും ഇവരാണ്. മുതിര്‍ന്നവരെ സംരക്ഷിക്കുന്ന ഏതെങ്കിലും കേന്ദ്രത്തില്‍ കാര്‍ത്ത്യായനിയമ്മയെ സംരക്ഷിക്കണമെന്നാണു സതി പറയുന്നത്. കോമണ്‍വെല്‍ത്ത് ലേണിങ് ഗുഡ്വില് അംബാസിഡര്‍ പദവി വഹിക്കുന്ന ആളാണ്. ഇതനുസരിച്ചുള്ള പരിഗണനയൊന്നും ഈ സങ്കടകാലത്ത് കിട്ടുന്നില്ല.
കാര്‍ത്ത്യായനിയമ്മയുടെ നേട്ടങ്ങളെപ്പറ്റി ധാരാളം ഡോക്യുമെന്ററികളാണു പുറത്തിറങ്ങിയത്. വിദേശമാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നു. ഷെഫും ചലച്ചിത്രകാരനുമായ വികാഷ് ഖന്ന നഗ്നപാദയായ ചക്രവര്‍ത്തിനി എന്ന പേരില്‍ കാര്ത്ത്യായനിയമ്മയെപ്പറ്റി പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ന്യൂയോര്‍ക്കില്‍നിന്നു മുട്ടത്തെ വീട്ടിലെത്തിയാണ് അദ്ദേഹം ഈ പുസ്തകം കാര്ത്ത്യായനിയമ്മയെക്കൊണ്ട് പ്രകാശനം ചെയ്യിച്ചത്.
Content Highlights: Karthyayani Amma, Nari Shakti Puraskar, literacy mission’s Aksharalaksham scheme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..