.jpg?$p=86b304b&f=16x10&w=856&q=0.8)
‘പരീക്ഷ പേ’ ചർച്ചാവേദിയായ ന്യൂഡൽഹി തൽക്കതോറ സ്റ്റേഡിയത്തിൽ തങ്ങളുടെ പ്രദർശനസ്റ്റാളിന് മുന്നിൽ സഹോദരിമാരായ ഡി.നന്ദിതയും ഡി.നിവേദിതയും
കോട്ടയം: കണക്കുമായി കൂട്ടുകൂടിയ സഹോദരിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'പരീക്ഷ പേ' ചര്‍ച്ചാവേദിയില്‍ അദ്ദേഹത്തോട് സംവദിക്കാന്‍ അവസരം. കോട്ടയം കേന്ദ്രീയവിദ്യാലയത്തിലെ പതിനൊന്നാം ക്ലാസുകാരി ഡി.നന്ദിതയ്ക്കും ഏഴാം ക്ലാസുകാരി ഡി.നിവേദിതയ്ക്കുമാണ് ക്ഷണം.
വെള്ളിയാഴ്ച രാവിലെ 'പരീക്ഷ പേ 'ചര്‍ച്ചാ പരിപാടിയില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ അദ്ദേഹത്തെ നേരില്‍കണ്ട് ഇരുവരും വേദഗണിത രീതികള്‍ വിവരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഗണിതം എളുപ്പമാക്കാന്‍ ലോക്ഡൗണ്‍ കാലത്ത് തങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിക്കും. ഇതിനോടകം 'പരീക്ഷാ പേ' ചര്‍ച്ചയുടെ വേദിയായ ന്യൂഡല്‍ഹി തല്‍ക്കതോറ സ്റ്റേഡിയത്തില്‍ ഇരുവരും തങ്ങളുടെ പഠനരീതികളുടെ വിവരണം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു.
ദേശീയ തലത്തില്‍, വിവിധ മേഖലകളില്‍ വ്യത്യസ്ത പ്രവര്‍ത്തനം നടത്തിയ 10 കുട്ടികളെയാണ് പ്രത്യേകമായി പ്രധാനമന്ത്രി ക്ഷണിച്ചിരിക്കുന്നത്. പുരാതന ഭാരതീയ ഗണിതരീതിയായ വേദഗണിതത്തില്‍ മികവ് കാണിച്ചതാണ് ഇവര്‍ക്ക് അവസരം വഴിതുറന്നത്. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനായി കൂട്ടുകാരെ വേദഗണിതം പഠിപ്പിക്കാനായി ഇരുവരും ചേര്‍ന്ന് ആരംഭിച്ച 'മാത്സ് മെയ്ഡ് ഈസി' ക്ലാസ് വലിയ ശ്രദ്ധനേടിയിരുന്നു. കണക്കിലെ കളികളും എളുപ്പവഴികളും ചേര്‍ന്ന പഠനരീതിയില്‍ ഒട്ടേറെപ്പേര്‍ ഇവര്‍ക്ക് കീഴില്‍ ഗണിതത്തെ പാട്ടിലാക്കി.
ആദ്യകാലത്ത് സ്കൈപ്പ് വഴി നടത്തിയ ക്ലാസ് ഇപ്പോള്‍ സൂം, ഗൂഗിള്‍ മീറ്റ് വഴിയാണ് നടത്തുന്നത്. ആയിരത്തോളം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ക്ലാസില്‍ പങ്കെടുത്തതെന്ന് സഹോദരിമാര്‍ പറയുന്നു. മക്കളെ വേദിക് മാത്സ് പഠിപ്പിച്ചത് അച്ഛനാണ്.
ലോക്ഡൗണില്‍ അച്ഛന് ക്ലാസുകള്‍ എടുക്കുന്നത് കണ്ടിട്ടാണ് മക്കളും ക്ളാസെടുത്തുതുടങ്ങിയത്. വളരെ ചെറുപ്പം മുതല്‍ ഈ ഗണിതം പഠിക്കുന്നുണ്ട്. അതിനാല്‍ കണക്ക് ഒരു പ്രശ്നമില്ലാതെ പഠിക്കാന്കഴിയുന്നു. കൂട്ടലും കിഴിക്കലും പെട്ടെന്ന് ചെയ്യാനും കഴിയുന്നു. മത്സര പരീക്ഷകള്‍ക്ക് കൂടുതല്‍ സഹായകവുമാണെന്ന് ഇരുവരും പറയുന്നു.
തണ്ണീര്‍മുക്കം വൈശാഖ് വീട്ടില്‍ വേദഗണിത അധ്യാപകനായ പി.ദേവരാജിന്റെയും കോട്ടയം പാമ്പാടി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജില്‍ പ്രോഗ്രാമറായ പി.എസ്. ധന്യയുടെയും മക്കളാണിവര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..