സാഖിബ് ആദ്യമായി ആതിഫിനെ കണ്ടപ്പോൾ | Photo: the brain tumor society
ഒരു കുഞ്ഞിന്റെ ജനനത്തിനും മറ്റൊരു കുഞ്ഞിന്റെ മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച അനുഭവം വിവരിച്ച് ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ സ്വദേശിയായ ഫൗസിയ അഷ്‌റഫ്. രണ്ടാമത്തെ മകന്‍ സാഖിബിന് ബ്രെയ്ന്‍ ട്യൂമറാണെന്ന് സ്ഥിരീകരിക്കുമ്പോള്‍ ഫൗസിയ 32 ആഴ്ച്ച ഗര്‍ഭിണിയായിരുന്നു. ഇതോടെ വീട്ടിലേക്ക് പുതിയൊരു അതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്ന ഫൗസിയയുടേയും ഭര്‍ത്താവ് മുഹ്‌സിന്‍ അഹമ്മദിന്റേയും സന്തോഷമെല്ലാം സങ്കടത്തിലേക്ക് വഴിമാറി.
വിട്ടുമാറാത്ത തലവേദന വന്നതോടെയാണ് സാഖിബിനെ ഡോക്ടറെ കാണിച്ചത്. പരിശോധനകള്‍ക്ക് ശേഷം ബ്രെയിന്‍ ട്യൂമറാണെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു. ഇതോടെ ഫൗസിയ ആകെ തകര്‍ന്നുപോയി. എന്നാല്‍ അതിനേക്കാള്‍ സങ്കടം ഇളയ കുഞ്ഞിനെ കാണുന്നതിന് മുമ്പ് സാഖിബ് മരണത്തിന് കീഴടങ്ങുമോ എന്നായിരുന്നു.
ആശുപത്രിയില്‍ താന്‍ പ്രസവിക്കുന്ന സമയത്ത് സാഖിബ് ഈ ലോകത്തോടെ വിട പറഞ്ഞിരുന്നെങ്കില്‍ അത് തനിക്ക് താങ്ങാനാകില്ലായിരുന്നെന്ന്
ആ അമ്മ പറയുന്നു. 'പ്രസവ വേദന എടുത്തു കരയുമ്പോഴും മനസില്‍ സാഖിബിന്റെ മുഖമായിരുന്നു. അവന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു. പ്രസവത്തിന് ശേഷം എത്രയും പെട്ടെന്ന് കുഞ്ഞിനെയെടുത്ത് അവന്റെ അടുത്ത് എത്തണമെന്നാണ് ആഗ്രഹിച്ചത്.' അധ്യാപികയായ ഫൗസിയ 'ദി ബ്രെയ്ന്‍ ട്യൂമര്‍ ചാരിറ്റി' യോട് തന്റെ അനുഭവം പങ്കുവെയ്ക്കുന്നു.
ഫൗസിയയുടെ പ്രാര്‍ഥന വെറുതേയായില്ല. ഇളയ മകന്‍ ആതിഫിനെ കാണാനുള്ള ഭാഗ്യം സാഖിബിനുണ്ടായി. ആതിഫ് ജനിച്ച് രണ്ട് ആഴ്ച്ചക്ക് ശേഷമാണ് അഞ്ചു വയസുകാരനായ സാഖിബ് മരിച്ചത്.
'സാഖിബ് എന്ന പേരിന്റെ അര്‍ഥം തിളങ്ങുന്ന നക്ഷത്രം എന്നാണ്. അത് അവന് ഏറ്റവും യോജിച്ച പേരാണ്. എല്ലാവരുടേയും നക്ഷത്രമായിരുന്നു അവന്‍. ഇനി സെപ്റ്റംബറില്‍ കാണാം എന്നു പറഞ്ഞ് സ്‌കൂളിലെ അധ്യാപകരോടെല്ലാം യാത്ര പറഞ്ഞു പോന്നതാണ്. എന്നാല്‍ ഒരു തലവേദന എല്ലാ താളവും തെറ്റിച്ചു. ബ്രെയ്ന്‍ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. ആദ്യ തലവേദനക്ക് ശേഷം രണ്ടു മാസം മാത്രമാണ് അവന്‍ ജീവിച്ചിരുന്നത്.' ഫൗസിയ പറയുന്നു.
Story Courtesy: The Mirror
Content Highlights: mother terrified as she gave birth younger son and the elder son would die on cancer ward alone
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..