യാഷിനൊപ്പം അമ്മ മീനാക്ഷി | Photo: instagram/ yash sharma
എല്‍ജിബിടിക്യുഐഎപ്ലസ് കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവരോട് പലപ്പോഴും മുഖം തിരിക്കുന്ന സമൂഹത്തേയാണ് നമ്മള് കണ്ടിട്ടുള്ളത്. ആണ്‍കുട്ടി സ്വത്വം തിരിച്ചറിഞ്ഞ് പെണ്‍കുട്ടിയായി മാറിയാലും നേരെ തിരിച്ച് സംഭവിച്ചാലും അവരെ അംഗീകരിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തയ്യാറാകില്ല. സ്വവര്‍ഗാനുരാഗം എന്ന് കേള്‍ക്കുമ്പോള്‍ അറപ്പോടെ മാറിനടക്കുന്നവരേയും സമൂഹത്തില്‍ കാണാം.
എന്നാല്‍ ഇവര്‍ക്കെല്ലാം ഒരു പാഠമാകുകയാണ് ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഒരമ്മ. സ്വവര്‍ഗാനുരാഗിയായ മകനൊപ്പം പ്രൈഡ് പരേഡില്‍ പങ്കെടുത്താണ് സാധാരണക്കാരിയായ ഈ വീട്ടമ്മ വാര്‍ത്തകളില്‍ ഇടം നേടിയത്. ജനുവരി എട്ടിന് ഡല്‍ഹിയില്‍ നടന്ന പ്രൈഡ് പരേഡിലാണ് 24-കാരനായ യാഷിനൊപ്പം 41-കാരിയായ അമ്മ മീനാക്ഷിയും പങ്കെടുത്തത്.
2019-ലാണ് യാഷ് ആദ്യമായി പ്രൈഡ് പരേഡില്‍ പങ്കെടുത്തത്. അന്ന് തന്റെ ചിത്രങ്ങള്‍ പകര്‍ത്തി ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമോ എന്ന ഭയത്തോടെയായിരുന്നു അവന് പരേഡിനെത്തിയത്. തന്റെ കുടുംബാംഗങ്ങള്‍ ഇതെല്ലാം കാണുമോ എന്നായിരുന്നു അവന്റെ പേടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ സ്വത്വം വെളിപ്പെടുത്തി അമ്മയ്ക്കൊപ്പം പരേഡില്‍ പങ്കെടുക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് യാഷ്. ഇതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യാഷ് പങ്കുവെയ്ക്കുകയും ചെയ്തു.
'എന്റെ മാതാപിതാക്കള്‍ എന്നെ അംഗീകരിച്ചു. മറ്റുള്ളവരെക്കൂടി അംഗീകരിക്കണം എന്നുള്ളതുകൊണ്ടാണ് അമ്മയെ പ്രൈഡ് പരേഡിന് കൂടെക്കൂട്ടിയത്.' ഡല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് യാഷ്.
രണ്ടര വര്‍ഷം മുമ്പാണ് യാഷിന്റെ കുടുംബാംഗം അവന്റെ മാതാപിതാക്കളെ അവന് സ്വവര്‍ഗാനുരാഗിയാണെന്ന് അറിയിച്ചത്. ഒരു ഞെട്ടലോടെയാണ് അത് കേട്ടതെന്ന് മീനാക്ഷി പറയുന്നു. 'എന്റെ മൂത്ത മകനാണ് യാഷ്. എന്റെ എന്തോ തെറ്റ് കൊണ്ടാണ് മകന് ഇങ്ങനെ ആയത് എന്നൊക്കെയായിരുന്നു അന്ന് ചിന്തിച്ചിരുന്നത്. അന്ന് ഞാന്‍ എന്നും കരയുമായിരുന്നു. പിന്നീട് അവനോട് സംസാരിക്കാന്‍ തുടങ്ങി. അതിലൂടെ അവനെ മനസിലാക്കാന്‍ സാധിച്ചു. ഇന്ന് ഈ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവരുടെ വേദന മനസിലാക്കാന്‍ എനിക്ക് പറ്റുന്നുണ്ട്. അവരുടെ അവസ്ഥയോര്‍ത്ത് സങ്കടമുണ്ട്. ആരും പിന്തുണയ്ക്കാന്‍ ഇല്ലാത്തതിന്റെ നിരാശ അവര്‍ക്കുണ്ട്. കുടുംബം അവരെ അംഗീകരിക്കണം. അവര്‍ക്കൊപ്പം നില്‍ക്കണം. അവരുടെ സന്തോഷം തിരികെ നല്‍കണം.' മീനാക്ഷി പറയുന്നു.
'ഞാന്‍ ഇതില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഒരുപാട് കുട്ടികള്‍ എന്നോട് വന്ന് പറഞ്ഞു. അതില്‍ പലരുടേയും മാതാപിതാക്കള്‍ അവരെ അംഗീകരിച്ചിട്ടില്ല. എന്നെ കണ്ടത് വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് അവര്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ സന്തോഷമായി. യാഷിന്റെ അച്ഛനും സഹോദരനും പരേഡില്‍ പങ്കെടുക്കേണ്ടതായിരുന്നു. ജോലിസംബന്ധമായ തിരക്കായതിനാല്‍ അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല.' മീനാക്ഷി പറയുന്നു.
Content Highlights: mother marches at delhi pride parade to support her son lgbtq
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..