-
ഒരു കുഞ്ഞിന് അമ്മയോളം സുരക്ഷിതത്വം പകരുന്ന കരങ്ങളുണ്ടാകില്ല. തന്റെ മക്കള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ രണ്ടാമതൊന്നു ചിന്തിക്കാന്‍ പോലും നില്‍ക്കാതെ അമ്മ പ്രവര്‍ത്തിച്ചിരിക്കും. അത്തരത്തില്‍ ധീരയായ ഒരു അമ്മയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. മുതലയുടെ വായില്‍ നിന്ന് അത്ഭുതകരമായി മകനെ രക്ഷിച്ച കഥയാണ് ആ അമ്മയ്ക്കു പറയാനുള്ളത്.
സിംബാവെ സ്വദേശിയായ മൗറീന മുസിസിന്യാന തന്റെ മക്കള്‍ക്കൊപ്പം റ്യൂണ്ട് റിവറിന്റെ തീരത്ത് സമയംകൊല്ലാനെത്തിയതായിരുന്നു. മക്കള്‍ ഒരു കുടക്കീഴില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മൗറീന മീന്‍പിടിത്തത്തില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചു. പോയി അധികനേരം കഴിയും മുമ്പേ തന്റെ മൂന്നു വയസ്സുകാരനായ മകന്‍ ഗിഡിയന്‍ കരയുന്നത് മൗറീന കേട്ടു. മകനരികിലേക്ക് ഓടിയെത്തുമ്പോഴാണ് അവനെ ഒരു മുതല ആക്രമിക്കുന്നതു കാണുന്നത്.
മകനരികിലേക്ക് ഓടിയെത്തിയ മൗറീന മുതലയ്ക്ക് മുകളിലേക്ക് ചാടുകയും തന്റെ വിരലുകളുപയോഗിച്ച് അതിന്റെ മൂക്ക് അടച്ചുപിടിച്ച് ശ്വാസതടസ്സമുണ്ടാക്കി. ഇതോടെ മുതല മകനില്‍ നിന്നുള്ള പിടി പതിയെ വിട്ടുതുടങ്ങിയതോടെ മൗറീന മറുകൈ ഉപയോഗിച്ച് അവനെ വേഗത്തില്‍ തള്ളിമാറ്റി. മൗറീനയുടെ കയ്യില്‍ കടിച്ചു പരിക്കേല്‍പ്പിച്ചെങ്കിലും കുടുംബത്തിന് മുതലയില്‍ നിന്നും രക്ഷപ്പെടാനായി. മുഖത്ത് പരിക്കേറ്റ മകനെ വൈകാതെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ചു പറയുമ്പോള്‍ ഇപ്പോഴും മൗറീനയുടെ ഞെട്ടല്‍ മാറിയിട്ടില്ല. '' അതിന്റെ മൂക്കില്‍ അമര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്, പണ്ട് മുതിര്‍ന്നവര്‍ മുതലയില്‍ നിന്നു രക്ഷപ്പെടാന്‍ പറഞ്ഞുതന്ന വഴിയായിരുന്നു അത്. ഒരു മുതലയെ ശ്വാസംമുട്ടിച്ചാല്‍ അതിന്റെ ശക്തി പതിയെ കുറയും, അതാണ് അവിടെ ചെയ്തത്. ഇപ്പോഴും എന്റെ മകനെ രക്ഷിച്ചുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല''- മൗറീന പറയുന്നു.
Content Highlights: Mom Saves Toddler From Crocodile By Blocking Reptile's Nose, Zimbabwe, Maurina Musisinyana,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..