ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിൽ മോഹിനിയാട്ടക്കച്ചേരി അവതരിപ്പിച്ച നർത്തകിമാർ
പെരിന്തൽമണ്ണ: കോവിഡ് പ്രതിസന്ധികളും കടന്ന് ചിലങ്കയണിയാനുള്ള ഇവരുടെ കാത്തിരിപ്പ് സഫലമായപ്പോൾ ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രഓഡിറ്റോറിയത്തിൽ പിറന്നത് വേറൊരു ചരിത്രം. ജില്ലയിലാദ്യമായി 50 വയസ്സിന് മുകളിലുള്ള വനിതകൾ അണിനിരന്ന മോഹിനിയാട്ടക്കച്ചേരിയാണ് ആസ്വാദകർക്ക് പുതിയ കാഴ്ചയൊരുക്കിയത്.
നൃത്തത്തോടുള്ള അഭിനിവേശമാണ് പ്രായത്തിന്റെയും ഒപ്പം കോവിഡ് കാലത്തെ പ്രയാസങ്ങളെയും മറികടക്കാൻ ആറുപേരുടെ സംഘത്തിന് തുണയായത്. വിവിധ സ്കൂളുകളിലെ അധ്യാപകരായ സഗി, സുമ, അഞ്ജന, ഷജിഷ എന്നിവരും വീട്ടമ്മമാരായ ബിന്ദുവും സുജാതയുമാണ് നൃത്തസംഘത്തിലുള്ളത്. ഇതിൽ ഷജിഷ, അഞ്ജന എന്നിവരൊഴികെയുള്ളവർ 50-ന് മുകളിൽ പ്രായമായവരാണ്.
കോവിഡ് കാലത്ത് വിദ്യാലയങ്ങളിലെ ഓൺലൈൻ ക്ലാസുകൾക്കും മറ്റ് തിരക്കുകൾക്കും ഇടയിലാണ് ഓൺലൈനിലൂടെയും നേരിട്ടുമായി ഇവർ നൃത്തം അഭ്യസിച്ചത്. ഗുരു പ്രമോദ് തൃപ്പനച്ചിയാണ് മോഹിനിയാട്ടത്തിലെ അഞ്ചിനങ്ങൾ ചേർത്ത് പരിപാടി സംവിധാനംചെയ്തത്.
മോഹിനിയാട്ടത്തിലെ പരമപ്രധാനമായ ഗണേശസ്തുതി, ചൊൽക്കെട്ട്, ജതിസ്വരം, കീർത്തനം, മംഗളം എന്നിവയാണ് അവതരിപ്പിച്ചത്. 2019-ലാണ് ഇവർ നൃത്തം അഭ്യസിച്ചുതുടങ്ങിയത്. കോവിഡ് വന്നതോടെ തുടർപഠനം ഓൺലൈനിലായി. കഴിഞ്ഞ വിജയദശമി മുതലായിരുന്നു വീണ്ടും നേരിട്ടുള്ള പഠനം. അധ്യാപന ജോലിയുടെ തിരക്കുകൾക്കിടയിലും പരമ്പരാഗത രീതിയിലുള്ള മോഹിനിയാട്ടം ഇവർ വളരെ വേഗം പഠിച്ചെടുത്തതായി ഗുരുവിന്റെ സാക്ഷ്യപ്പെടുത്തുന്നു.
നർത്തകിമാർ പലരും മുൻപ് മോഹിനിയാട്ടക്കച്ചേരി നടത്തിയിട്ടുണ്ടെങ്കിലും ഈ പ്രായത്തിലുള്ളവരുടേത് ജില്ലയിൽ ആദ്യമാണെന്ന് പ്രമോദ് തൃപ്പനച്ചി പറഞ്ഞു.
മഞ്ചേരി, പാണ്ടിക്കാട്, അരിമ്പ്ര എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് നാലുപേർ ജോലിചെയ്യുന്നത്. പാണ്ടിക്കാട് എറിയാട്ട് തറവാട്ടിലെ സഹോദരങ്ങളുടെ ഭാര്യമാരാണ് സുമയും സഗിയും ബിന്ദുവും. ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ പാട്ടുതാലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം പെരിന്തൽമണ്ണ ശ്രീരാഗം അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു അവതരണം.
കലാമണ്ഡലം കിരൺ ഗോപിനാഥ് (മൃദംഗം), ജയേഷ് തൃപ്പനച്ചി (വായ്പാട്ട്), കലാമണ്ഡലം അരുൺ (ഇടയ്ക്ക), വിനോദ് കൊപ്പം (ഓടക്കുഴൽ) എന്നിവരാണ് പക്കമേളമൊരുക്കിയത്. നൃത്തസംഘാംഗങ്ങളുടെ മക്കളും പേരമക്കളും ഭർത്താക്കന്മാരുമടക്കം നിരവധിപേർ മോഹിനിയാട്ടം കാണാനെത്തിയിരുന്നു.
Content Highlights: mohiniyattam kacheri, dance by fifty plus age group women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..