ദേവിയെത്തേടി മോഹന്‍ലാല്‍; യുഗസന്ധ്യയുടെ കാമാഖ്യയില്‍


മോഹൻലാൽ/ മോഹൻലാൽ കാമാഖ്യയിൽ | Photo: mathrubhumi/ facebook/ mohanlal

പൂര്‍വം ചിലയിടങ്ങളില്‍ ചെന്നെത്തുമ്പോള്‍ മനസ്സ് ചോദിക്കാറുണ്ട്: 'എന്തേ നീയിവിടെ നേരത്തേ എത്തിയില്ല?'. അതിനുത്തരമായി നാടോടിക്കാറ്റില്‍ ശ്രീനിവാസന്റെ വിജയന്‍ ഞാനായ ദാസനോട് പറയുന്ന മറുപടിയാണ് ലഭിക്കാറ്: 'ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ'. സത്യത്തില്‍ ശ്രീനി അന്ന് എഴുതിയത് ഫലിതത്തില്‍പൊതിഞ്ഞ വെറുമൊരു മറുപടിയല്ല, മറിച്ച് വലിയ ഒരു ഫിലോസഫിയാണ് എന്ന് എനിക്കിപ്പോള്‍ മനസ്സിലാവുന്നു.

ഓരോ കാര്യങ്ങളിലേക്കും ഓരോയിടത്തേക്കും ഓരോതീരുമാനങ്ങളിലേക്കും നമ്മള്‍ എത്തിച്ചേരേണ്ടുന്ന ഒരു സമയമുണ്ട്. അതിനുമുമ്പോ ശേഷമോ നമുക്ക്് അതിലേക്കോ അവിടേക്കോ എത്തിച്ചേരാനാവില്ല. കൃത്യം ആ സമയമാവുമ്പോള്‍ ഏതോ അജ്ഞാതശക്തിയാല്‍ നാം അങ്ങോട്ട് നയിക്കപ്പെടും. അങ്ങനെയേ സാധിക്കൂ. എന്റെ ജീവിതത്തിലെ എല്ലാകാര്യങ്ങളും അങ്ങനെയേ നടന്നിട്ടുള്ളൂ.

അസമിലെ പ്രസിദ്ധമായ 'കാമാഖ്യ' ക്ഷേത്രത്തില്‍ പോകണം എന്ന എന്റെ സ്വപ്‌നത്തിന് കൈലാസത്തില്‍ പോകണം എന്ന സ്വപ്‌നത്തോളം തന്നെ പഴക്കമുണ്ട്. മഞ്ഞിന്‍ വിഭൂതിയണിഞ്ഞ കൈലാസം പോലെ താന്ത്രിക ഗരിമയോടെയുള്ള കാമാഖ്യയും എത്രയോ തവണ എന്റെ സ്വപ്‌നത്തില്‍ വന്നു മാഞ്ഞിരിക്കുന്നു. പോവണം പോവണം എന്ന് മനസ്സ് വെമ്പുമ്പോഴും സമയമായിരുന്നില്ല.

ഒടുവില്‍ കഴിഞ്ഞ മാസം ഞാന്‍ കാമാഖ്യയിലെത്തി. എന്നോ ഉള്ളില്‍ കരുതിയ ഈ യാത്ര സംഭവിച്ചുകഴിഞ്ഞതാണോ എന്ന് മനസ്സ് സംശയിച്ചു. ആരോ പറഞ്ഞതു പോലെ, സമയമാകുന്ന വാഹനത്തില്‍ കയറി എന്നോ സംഭവിച്ച ആ കാഴ്ച ഇപ്പോഴാണ് പഞ്ചേന്ദ്രിയങ്ങളിലൂടെ അറിഞ്ഞത് എന്നുമാത്രം.

എന്റെ കൂടെ രാം എന്ന സുഹൃത്തുണ്ടായിരുന്നു. ആര്‍. രാമാനന്ദ് എന്ന രാം കാശ്മീര ശൈവതന്ത്രത്തിലും യോഗയിലും ഗവേഷണം ചെയ്യുന്ന വ്യക്തിയാണ്. ഡല്‍ഹിയിലെ ജെ.എന്‍.യു. സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഞങ്ങെളാരുമിച്ച് വാഗമണ്ണില്‍ 'ഋതംഭര സ്പിരിച്വല്‍ കമ്യൂണ്‍' എന്നൊരു പ്രസ്ഥാനം നടത്തുന്നുണ്ട്. ക്ഷേത്രത്തില്‍ വേണ്ട സഹായം ചെയ്തുതന്നത് രാമിന്റെ സുഹൃത്തായ രാമചന്ദ്രനാണ്.

ഗൃഹലക്ഷ്മി ഓണ്‍ലൈനായി വാങ്ങാം

ഗുവാഹാട്ടിയില്‍ വിമാനമിറങ്ങി ഞങ്ങള്‍ ഹോട്ടലില്‍ പോയി നേരെ കാമാഖ്യ കാണാന്‍ ഇറങ്ങി. താജ്‌ഹോട്ടലിലെ ട്രാവല്‍ ഡെസ്‌ക് ഏര്‍പ്പെടുത്തിയ വാഹനം റിയാസ് അഹമ്മദ് ഖാന്‍ എന്ന ഡ്രൈവര്‍ ആയിരുന്നു ഓടിച്ചത്. കാമാഖ്യയെ കുറിച്ച് അയാള്‍ക്ക് ഒരുപാട് പറയാനുണ്ട്: പല തവണ ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ഓര്‍മകള്‍, അനുഭവങ്ങള്‍... ഒരുപക്ഷേ, മതങ്ങള്‍ക്കപ്പുറം മനുഷ്യര്‍ ചിലയിടങ്ങളില്‍ ഒന്നുചേരുന്ന അനുഭവങ്ങള്‍. യാത്രയില്‍ രാം, കാമാഖ്യ ക്ഷേത്രത്തിന്റെ സൂഫി പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞു.

'കാമാഖ്യ ബീജാക്ഷര്‍ മാല' എന്നൊരു കൃതിയില്‍ സൂഫികള്‍ കാമാഖ്യാദേവിയെ വന്ദിക്കുന്നതിന്റെ കാര്യം പറഞ്ഞു. ഞങ്ങളുടെ ക്ഷേത്രദര്‍ശനം തിരക്കിനിടയിലും സുഗമമായി നടന്നു. കാമാഖ്യയെ കണ്ടു. കാമാഖ്യാ ക്ഷേത്രത്തിന് ചുറ്റും ദേവിയുടെ പത്തു ഭാവങ്ങളായ ദശമഹാവിദ്യകളുമുണ്ട്. എല്ലായിടത്തും ചെന്നു. ചിലയിടങ്ങളില്‍ ചെങ്കുത്തായ പടികള്‍ ഇറങ്ങി വേണം ചെല്ലാന്‍. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടകരമായ ഇടങ്ങള്‍.

അസമിലെ ഗുവാഹാട്ടിയിലെ നീലാചല പര്‍വതത്തിലാണ് അമ്മ കാമാഖ്യയുടെ ക്ഷേത്രം കുടികൊള്ളുന്നത്. ഈ ക്ഷേത്രം വളരെ പ്രാചീനതയുള്ളതാണ് എന്നതിലുപരി വളരെ പ്രത്യേകതയുള്ളതുമാണ്. ആ പ്രത്യേകത അവിടുത്തെ പ്രതിഷ്ഠ തന്നെയാണ്. സത്യത്തില്‍ അതൊരു പ്രതിഷ്ഠയല്ല, ഉറവയാണ്, യോനിയാണ്. യോനി എന്നാല്‍ വരുന്നയിടം എന്നാണര്‍ത്ഥം. നമ്മളെല്ലാവരും വന്നയിടം. ഉറവിലേക്ക് തിരിഞ്ഞുപോകാനുള്ള വെമ്പല്‍ നമ്മില്‍ സഹജമായി ഇരിക്കുന്നതാണ്. അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം. നീലാചല മലമുകളിലെ കാമാഖ്യയുടെ യോനി. അതെങ്ങനെ അവിടെ വന്നു?

(തുടര്‍ന്ന് വായിക്കാം സെപ്തംബര്‍ രണ്ടാംലക്കം ഗൃഹലക്ഷ്മിയില്‍)


Content Highlights: mohanlal kamakhya temple visit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented