ഹർനാസ് സന്ധു | Photos: instagram.com/harnaazsandhu_03/?hl=en
സ്ത്രീകളെ അവർ തിരഞ്ഞെടുക്കുന്ന രീതിയിൽ ജീവിക്കാൻ അനുവദിക്കണമെന്ന് പറയുകയാണ് മിസ് യൂണിവേഴ്സ് ഹർനാസ് സന്ധു.
ഹിജാബിന്റെ പേരിലടക്കം സ്ത്രീകളെ വ്യാപകമായി ലക്ഷ്യമിടുന്നുണ്ടെന്നാണ് ഹർനാസിന്റെ അഭിപ്രായം. ക്ലാസ്മുറികളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഹർജി കർണാടക ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിപ്പോർട്ടറുടെ ചോദ്യത്തോട് ഹർനാസ് ഇങ്ങനെ പ്രതികരിച്ചത്.
എന്തുകൊണ്ടാണ് നിങ്ങൾ എപ്പോഴും സ്ത്രീകളെ ഉന്നം വെക്കുന്നതെന്നും ഹർനാസ് റിപ്പോർട്ടറോട് ചോദിച്ചു. ഇപ്പോൾ പോലും തന്നെ ടാർഗെറ്റ് ചെയ്യുകയാണ്. ഒരു ഹിജാബ് വിഷയത്തിൽ പോലും സ്ത്രീയെയാണ് ടാർഗെറ്റ് ചെയ്യുന്നത്. സ്ത്രീകൾ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ, അവർ അവരുടെ ലക്ഷ്യത്തിലെത്തട്ടെ, അവരുടെ ചിറകുകൾ അരിയരുതെന്നും ഹർനാസ് പറയുന്നു.
സൗന്ദര്യ മത്സരങ്ങളെക്കുറിച്ച് പൊതുവേയുള്ള തെറ്റിദ്ധാരണയെക്കുറിച്ചും ഹർനാസ് പങ്കുവെച്ചു. പുറംകാഴ്ചയിലെ സൗന്ദര്യം മാത്രമാണ് ബ്യൂട്ടി പേജന്റുകൾ എന്നു ധരിക്കുന്നവരുണ്ട്. എന്നാൽ അതല്ല സത്യം. അത് സൗന്ദര്യ മത്സര വേദികളിലെ ഒരുശതമാനം മാത്രമാണ്. ആത്മവിശ്വാസവും അഭിപ്രായങ്ങളും ചിന്താഗതിയും വ്യക്തിത്വും ഒക്കെയാണ് പ്രധാനം. സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ പ്രാപ്തമാണോ നിങ്ങൾ എന്നെല്ലാമാണ് പരിഗണിക്കുന്നത്. അതുകൊണ്ടാണ് താനിപ്പോൾ ഇവിടെ ഇരിക്കുന്നതെന്നും ഹർനാസ് പറഞ്ഞു.
മുംബൈയിലെ ഫോർ സീസൺസ് ഹോട്ടലിൽ വച്ചുനടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഹർനാസ്.
വിശ്വസുന്ദരി പട്ടം നേടുന്നതിന് മുമ്പ് നിരവധി സൗന്ദര്യ മത്സരവേദികളിലും ഹർനാസ് ഭാഗമായിരുന്നു. 2019ൽ ഫെമിനാ മിസ് ഇന്ത്യാ പഞ്ചാബ് കിരീടവും ഹർനാസ് നേടിയിരുന്നു. 2019ലെ ഫെമിനാ മിസ് ഇന്ത്യയിൽ അവസാന 12 പേരിൽ ഒരാളായി ഇടം നേടുകയും ചെയ്തിരുന്നു ഹർനാസ്.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തനിക്ക് അവസരം കിട്ടുന്ന വേദികളിൽ സംസാരിക്കാറുള്ളയാളുമാണ് ഹർനാസ്. പ്രിയങ്കാ ചോപ്രയാണ് തന്റെ പ്രചോദനം എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഫാഷനും മോഡലിങ്ങും കൂടാതെ യോഗ, നൃത്തം, പാചകം, ചെസ്, കുതിര സവാരി തുടങ്ങിയവയാണ് ഹർനാസിന്റെ വിനോദങ്ങൾ.
ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ളയാളാണ് ഹർനാസ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുകയാണ് ഹർനാസ് ഇപ്പോൾ.
1994 ൽ സുസ്മിത സെൻ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മിസ് യൂണിവേഴ്സ് പട്ടം നേടിയത്. രണ്ടായിരത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹർനാസ് സന്ധുവിന്റെ കിരീടനേട്ടം.
Content Highlights: miss universe harnaaz sandhu on hijab row beauty pageant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..