അന്ന ലിന്നിക്കോവ | Photo: instagram/ anna linnikova
71-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിന് കഴിഞ്ഞ ജനുവരി 15-ന് അമേരിക്കയിലെ ലൂസിയാനയില്‍ സമാപനമായിരുന്നു. ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്റ്റ് എന്‍ മോറിയല്‍ കണ്‍വെഷന്‍ സെന്ററില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേലയാണ് കിരീടം ചൂടിയത്. മിസ് വെനസ്വേല അമാന്‍ഡ ഡുഡാമെല്‍ രണ്ടാം സ്ഥാനവും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ആന്ദ്രെയ്ന മാര്‍ട്ടിനെസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയുടെ ദിവിത റായിയുടെ മത്സരം ആദ്യ 16-നുള്ളില്‍ അവസാിക്കുകയും ചെയ്തു.
മത്സരം കഴിഞ്ഞ് ആഴ്ച്ചകള്‍ പിന്നിട്ടപ്പോള്‍ മിസ് യൂണിവേഴ്‌സ് മത്സരത്തിനിടേയുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മിസ് റഷ്യയായ അന്ന ലിന്നിക്കോവ. പല മത്സരാര്‍ഥികളും തന്നെ അവഗണിച്ചുവെന്നും ഇത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും അന്ന പറയുന്നു. അമേരിക്കയിലേയും യുക്രൈയ്‌നിലേയും മത്സരാര്‍ഥികള്‍ക്ക് അനുകൂലമായിരുന്നു മത്സരമെന്നും മിസ് റഷ്യ ആരോപിക്കുന്നു. റഷ്യന്‍ മാധ്യമമായ ഈവനിങ് മോസ്‌കോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്ന ആരോപണവുമായി രംഗത്തെത്തിയത്.
'വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. തുടക്കത്തില്‍തന്നെ യുക്രൈയ്ന്‍കാരായ സോഷ്യല്‍ മീഡിയ യൂസേഴ്‌സില്‍ നിന്ന് ഞാന്‍ പരിഹാസവും ഭീഷണിയും അവഹേളനവും നേരിട്ടു. യുക്രൈയ്‌നിലുള്ള വളരെക്കാലമായി പരിചയമുള്ളവര്‍ പോലും കടത്തു ഭാഷയിലാണ് പ്രതികരിച്ചത്. മത്സരത്തിനിടേയും ഈ അവഗണ നേരിട്ടു. എന്റെ മാതൃരാജ്യം റഷ്യയാണെന്ന് അറിഞ്ഞതോടെ പലരും വഴിമാറി നടന്നു. മിസ് യുക്രൈയ്‌നും മിസ് സ്വിറ്റ്‌സര്‍ലന്‍ഡും എന്നില്‍ നിന്ന് ഓടിയൊളിച്ചു. മിസ് യുക്രൈയ്‌നായ വിക്ടോറിയ അപനാസെങ്കോ എന്നോട് സംസാരിക്കാന്‍ പോലും തയ്യാറായില്ല.' അന്ന അഭിമുഖത്തില്‍ പറയുന്നു.
മിസ് വെനസ്വേലയെയായ അമാന്‍ഡ ഡുഡാമെല്‍ തന്നോട് നല്ല രീതിയില്‍ പെരുമാറിയെന്നും മത്സരാര്‍ഥികളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് അമാന്‍ഡയേയാണെന്നും അന്ന വ്യക്തമാക്കുന്നു. 'അവള്‍ എല്ലാവരോടും ദയയോടെയും സ്‌നേഹത്തോടെയുമാണ് പെരുമാറിയത്. അവളുടെ ഭംഗിയും ചടുലതയുമാണ് രണ്ടാം സ്ഥാനത്തെത്താന്‍ സഹായിച്ചതും'-മിസ് റഷ്യ കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവ് ആയ സുന്ദരിയാണ് മിസ് റഷ്യ. 8100 ഫോളോവേഴ്‌സാണ് ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. 2021-ലെ വിശ്വ സുന്ദരിയായ ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിനൊപ്പമുള്ള ചിത്രവും അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Miss Russia says Miss Universe competitors avoided and shunned her
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..