കാബൂളിലെ തെരുവിലൂടെ നടക്കുന്ന അഫ്ഗാൻ സ്ത്രീകൾ | Photo: AP
സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യുന്ന താലിബാന്‍ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. കാബൂളില്‍ നടക്കാനിരിക്കുന്ന മതനേതാക്കളുടെ സമ്മേളനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് താലിബാന്‍ ഉപപ്രധാനമന്ത്രി മൗലവി അബ്ദുല്‍ സലാം ഹനഫി വ്യക്തമാക്കി. മൂവായിരത്തോളം മതപണ്ഡിതന്‍മാരും ഗോത്ര തലവന്‍മാരും വ്യാപാരികളും പങ്കെടുക്കുന്ന വലിയ സമ്മേളനമാണിത്.
സ്ത്രീകളെ ഉള്‍പ്പെടുത്താത്തതിലൂടെ അവരെ അങ്ങേയറ്റം ബഹുമാനിക്കുന്ന തീരുമാനമാണ് ഇതെന്നും ഹനഫി പറയുന്നു. 'സ്ത്രീകള്‍ നമ്മുടെ അമ്മമാരും സഹോദരിമാരുമാണ്. ഞങ്ങള്‍ അവരെ ബഹുമാനിക്കുന്നു. അവരുടെ പുത്രന്‍മാര്‍ ഈ ഒത്തുചേരലില്‍ പങ്കെടുക്കുന്നതിലൂടെ ഒരു തരത്തില്‍ അവരും ഈ ഒത്തുചേരലില്‍ ഭാഗമാകുകയാണ്. സ്ത്രീകള്‍ക്കുവേണ്ടി അവര്‍ സംസാരിക്കും'-ഹനഫിയെ ഉദ്ധരിച്ച് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു
ഇസ്ലാമിക ഭരണം, ദേശീയ ഐക്യം, സാമ്പത്തികവും സാമൂഹികവുമായ പുരോഗതി തുടങ്ങിയ വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് താലിബാന്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ അവകാശത്തേയും പെണ്‍കുട്ടികളുടെ വിദ്യാഭ്യസത്തേയും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തുമോ എന്നത് സംശയമാണെന്നും ഖാമ പ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്താനില്‍ അധികാരമേറ്റ ശേഷം താലിബാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നിരവധി നിലപാടുകള്‍ സ്വീകരിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം താത്ക്കാലികമായി നിര്‍ത്തുകയും ബുര്‍ഖ നിര്‍ബന്ധമാക്കുകയും ചെയ്തു. ചില ബാങ്കുകളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കു അവരുടെ ജോലി അവസാനിപ്പിക്കേണ്ടി വന്നു. വനിതാ പോലീസുകാര്‍ക്കു നേരേയും ഭീഷണിയുണ്ടായി. കുടുംബത്തിലെ പുരുഷാംഗത്തിനോടൊപ്പമല്ലാതെ യാത്ര ചെയ്യാനും സ്ത്രീകള്‍ക്ക് അവകാശമില്ല. ചാനലിലെ വാര്‍ത്താ അവതാരകര്‍ ബുര്‍ഖ ധരിക്കണമെന്നും ഉത്തരവിട്ടു.
Content Highlights: men will represent women at religious scholars gathering says taliban
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..