വിജയ ഗഡ്ഡേ,
നാൽപത്തഞ്ച്കാരിയായ വിജയ ഗഡ്ഡെ, ട്വിറ്ററിന്റെ ജനറൽ കൗൺസെൽ എന്ന പേരിലാണ് ലോകം ഗഡ്ഡെയെ അറിഞ്ഞിരുന്നത്. എന്നാലിപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ അനുയായികളുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എന്നേന്നേക്കുമായി ട്വിറ്ററിൽ നിന്ന് പുറത്താക്കിയത് യുഎസിലെ ഈ ഇന്ത്യൻ കുടിയേറ്റക്കാരിയാണ്.
ട്രംപിനെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയതോടെ ലോകത്തിലെ ഏറ്റവും ശക്തയായ ടെക് വനിതയായി മാറിയിരിക്കുകയാണ് ഗഡ്ഡെ. ഗഡ്ഡെയുടെ തീരുമാനത്തിൽ അമ്പരന്നു നിൽക്കുകയാണ് ലോകം.
വെള്ളിയാഴ്ച മുതലാണ് ട്രംപിന്റെ പോസ്റ്റുകൾക്ക് ട്വിറ്റർ നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് ട്രംപിനെ പുറത്താക്കുന്നതിനുള്ള തീരുമാനത്തിൽ വിജയ ഗഡ്ഡെ എത്തുകയായിരുന്നു. യുഎസ് കാപിറ്റോളിലെ കലാപകാരികളെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെ പുറത്താക്കിയതെന്നാണ് ട്വിറ്ററിന്റെ ഔദ്യോഗിക വിശദീകരണം.
'കൂടുതൽ അക്രമങ്ങളിലേക്കു നയിക്കാതിരിക്കാനാണ് ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ട് മരവിപ്പിക്കുന്നത്. ട്വിറ്റർ അക്കൗണ്ടുമായി ബന്ധപ്പെട്ട നിബന്ധനകൾ താഴേ വ്യക്തമാക്കുന്നു.' വിജയ ഗഡ്ഡേ ട്വിറ്റർ നിബന്ധനകളും വിശദീകരണക്കുറിപ്പിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്. 'ട്വിറ്ററിന്റെ നിബന്ധനകൾക്കു വിപരീതമായുള്ള അക്രമം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ പിൻവലിക്കുകയും അക്കൗണ്ട് മരിവിപ്പിച്ച് പുറത്താക്കുകയും ചെയ്യും.'
ഇന്ത്യയിലാണ് വിജയ ഗഡ്ഡെ ജനിച്ചത്. ഗഡ്ഡെയുടെ പിതാവാണ് ആദ്യം അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് കുടുംബത്തെയും അദ്ദേഹം അമേരിക്കയിലേക്ക് കൊണ്ടു പോയി. ടെക്സാസിൽ കുടിയേറ്റക്കാരുടെ ഒരു ഗ്രാമത്തിലായിരുന്നു ഗഡ്ഡെയുടെ ബാല്യം. കുടിയേറ്റക്കാർ അനുഭവിക്കുന്ന വേർതിരിവുകളുടെ ഭീകരതയറിഞ്ഞായിരുന്നു അവരുടെ ജീവിതം. ഗൾഫ് ഓഫ് മെക്സിക്കോയിലെ ഓയിൽ റിഫൈനറിയിൽ കെമിക്കൽ എഞ്ചിനീയറായിരുന്നു വിജയയുടെ പിതാവ്. പിന്നീട് ന്യൂജഴ്സിയിലേക്ക് താമസം മാറ്റി ഗഡ്ഡെയുടെ കുടുംബം. അവിടെയായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. ന്യൂയോർക്ക്, കോർണൽ സർവകലാശാലകളിൽ നിന്നും ഗഡ്ഡേ നിയമത്തിൽ ഉന്നതവിദ്യാഭ്യാസം നേടി.
2011 ലാണ് ട്വിറ്ററിൽ വിജയ ഗഡ്ഡെ എത്തുന്നത്. പിന്നീട് ട്വിറ്ററിന്റെ പല പോളിസികളിലും നിർണായകമായ തീരുമാനം ഗഡ്ഡെ എടുത്തു.
ഇൻസ്റ്റൈൽ മാഗസിന്റെ 2020 യിൽ ലോകത്തെ മാറ്റി മറിക്കാൻ പോകുന്ന 50 സ്ത്രീകളിൽ ഒരാൾ വിജയ ഗഡ്ഡേയായിരുന്നു. സ്ത്രീകൾക്ക് തൊഴിലും സുരക്ഷയും ഉറപ്പാക്കുന്ന ഏഞ്ചൽസ് എന്ന സംരംഭത്തിന്റെ സ്ഥാപകരിൽ ഒരാളാണ് വിജയ ഗഡ്ഡേ.
Content Highlights:Meet the Indian-American who suspend Trump's Twitter account
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..